പത്തനംതിട്ടയിൽ വിജയിച്ചാൽ ശബരിമലയുടെ നടയിൽ നിന്ന് വീണാജോർജ് സെൽഫി എടുക്കും: അരവണ കൗണ്ടറിൽ സാനിറ്ററി പാഡ് വിൽക്കും; സോഷ്യൽ മീഡിയയിൽ മതവികാരം വ്രണപ്പെടുത്തുന്ന വർഗീയ കമന്റുമായി എസ്എഫ്‌ഐ നേതാവ്; പരാതിയുമായി മന്നം യുവജന വേദി

പത്തനംതിട്ടയിൽ വിജയിച്ചാൽ ശബരിമലയുടെ നടയിൽ നിന്ന് വീണാജോർജ് സെൽഫി എടുക്കും: അരവണ കൗണ്ടറിൽ സാനിറ്ററി പാഡ് വിൽക്കും; സോഷ്യൽ മീഡിയയിൽ മതവികാരം വ്രണപ്പെടുത്തുന്ന വർഗീയ കമന്റുമായി എസ്എഫ്‌ഐ നേതാവ്; പരാതിയുമായി മന്നം യുവജന വേദി

തേർഡ് ഐ ബ്യൂറോ
കോട്ടയം: പത്തനംതിട്ടയിൽ വിജയിച്ചാൽ ശബരിമല സന്നിധാനത്ത് കയറി, വീണാ ജോർജ് സെൽഫി എടുത്ത് അയച്ചു നൽകുമെന്നും, അപ്പം അരവണ കൗണ്ടർ വഴി സാനിറ്ററി പാഡ് വിൽപ്പന നടത്തുമെന്നും പ്രഖ്യാപിച്ച എസ്.എഫ്.ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
എസ്.എഫ്.ഐ കങ്ങഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ വിഷണു ജയകുമാർ, തന്റെ  ഫെയ്‌സ് ബുക്ക് അക്കൗണ്ടായ വിഷ്ണു ജയകുമാർ ഗണപതിചിറ എന്ന അക്കൗണ്ടിൽ നിന്നും ഫെയ്‌സ്ബുക്കിലിട്ട കമന്റാണ് വിവാദമായി മാറിയത്. മത വികാരം വൃണപ്പെടുത്തുന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽ കമന്റിട്ട വിഷ്ണു ജയകുമാറിനെതിരെ മന്നം യുവജന വേദി പ്രസിഡന്റ് പാറമ്പുഴ രാജഭവനത്തിൽ കെ.വി ഹരിദാസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്കും, തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

ശബരിമലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കരുതെന്ന് ആവർത്തിക്കുമ്പോഴാണ് ശബരിമലയുടെ പേരിൽ ഹിന്ദു വികാരം വൃണപ്പെടുത്തി, ഹിന്ദുക്കളെ അടച്ചാക്ഷേപിച്ച് യുവാവ് രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ ഒരു പോസ്റ്റിന്റെ താഴെയായാണ് ഹിന്ദുക്കളെ മുച്ചൂടും ആക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ അടക്കമുള്ള കമന്റ് വന്നിരിക്കുന്നത്. വീണാ ജോർജ് പത്തനംതിട്ട മണ്ഡലത്തിൽ വിജയിച്ചാൽ, ശബരിമല സന്നിധാനത്ത് കയറുമെന്നും, ഇവിടെ നിന്ന് സെൽഫി എടുത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്നും വിഷ്ണു തന്റെ കമന്റിൽ പറയുന്നു.
ഇതുകൂടാതെ അപ്പം അരവണ കൗണ്ടർ വഴി സാനിറ്ററി നാപ്കിൻ വിൽപ്പന നടത്തുമെന്നാണ് വെല്ലുവിളിക്കുന്നത്. വീണ ജോർജ് തന്നെ ശബരിമലയിൽ കയറുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
വിഷ്ണുവിന്റെ ഫെയ്‌സ്ബുക്കിലെ മറ്റുള്ള പോസ്റ്റ് നിറയെ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളും, വീണാ ജോർജിനും ഇടത് സ്ഥാനാർത്ഥികൾക്കുമുള്ള വോട്ട് അഭ്യർത്ഥന അടക്കമുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഹൈന്ദവ സംഘടനകൾ കമന്റിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സംഗതി വിവാദമായതോടെ വിഷ്ണു കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ അടക്കം വൈറലായി മാറിയിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തുന്നത് അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇപ്പോൾ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിഷ്ണു നടത്തിയിരിക്കുന്നത്.
പത്തനംതിട്ടയിൽ കടുത്ത പോരാട്ടം നടത്തുന്ന വീണ ജോർജിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇപ്പോൾ വിഷ്ണു നടത്തിയ ഫെയ്‌സ്ബുക്ക് കമന്റ്. വിഷ്ണുവിന്റെ കമന്റിലൂടെ പത്തനംതിട്ട മണ്ഡലത്തിലെ ഹൈന്ദവ വോട്ടുകളും ശബരിമല വിശ്വാസികളുടെ വോട്ടുകളും വീണയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പായി. ഇതോടെ വീണ ജോർജ് മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെടുമോ എന്ന ആശങ്കയിലാണ് ഇടത് ക്യാമ്പ്.
എന്നാൽ, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും, ഇത്തരത്തിൽ വിവാദമായ കമന്റ് ഇടുകയുമാണ് ചെയ്തതെന്ന വിശദീകരണവുമായി വിഷ്ണുവും രംഗത്ത് എത്തിയിട്ടുണ്ട്. താൻ ഇത്തരത്തിൽ ഒരു കമന്റും ഇട്ടിട്ടില്ല. ഇത് മനപൂർവം ചില ഇടത് വിരുദ്ധ ഗ്രൂപ്പുകൾ പ്രചരിപ്പ്ിക്കുന്നതാണ്. സംഘപരിവാറാണ് ഇതിനു പിന്നിൽ. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം തരംതാഴ്ന്ന പ്രചാരണവുമായി രംഗത്ത് എത്തുന്നത് ഖേദകരമാണെന്നും വിഷ്ണു പറയുന്നു. തന്റെ പേരിൽ വ്യാജ കമന്റ് ഉണ്ടാക്കി പ്രചരിപ്പിച്ചവർക്കെതിരെ കറുകച്ചാൽ പൊലീസിലും, ജില്ലാ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും വിഷ്ണു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.