സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനിടെ മന്ത്രിയുടെ മിന്നൽ സന്ദർശനം ; ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ വീട്ടലെത്തി മന്ത്രി വീണാ ജോര്‍ജും, ജില്ലാ കളക്ടറും ; കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി; അടിയന്തര സഹായം നല്‍കുമെന്ന് പ്രഖ്യാപനം; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി
സ്വന്തം ലേഖകൻ
ആലുവ: ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ വീട്ടലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം കലക്ടര്‍ ഉമേഷിനൊപ്പമാണ് മന്ത്രി രാത്രിയോടെ ആലുവയിലെ വാടക വീട്ടില്‍ എത്തിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് മന്ത്രിയുടെ സന്ദര്‍ശനം.
എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിക്ക് കേസ് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേസ് അതിശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പഴുതടച്ച് കേസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേസിന്റെ തുടര്‍നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നടപടി സ്വീകരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട കുട്ടിയുടെ വീട് സിപിഎം നേതാവ് എംഎം മണിയും സന്ദർശിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ആരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎം മണി പ്രതികരിച്ചിരുന്നു.
കുടുംബത്തിന് ധനസഹായം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എം എം മണി കൂട്ടിച്ചേർത്തു. ആലുവയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു.
5 മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ പെണ്‍കുട്ടിയുടെ സംസ്കാരത്തിൽ മന്ത്രിമാരും പങ്കെടുത്തില്ലെന്ന വിമർശനം വ്യാപകമാവുന്നതിനിടെയിലാണ് ചെന്നിത്തലയുടെ പ്രതികരണം.