ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിൽ രൂക്ഷമായ വാക്പോര് തുടരുന്നു;  മന്ത്രി തീരുമാനങ്ങളെടുക്കുന്നത് ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരോട് ആലോചിക്കാതെ; ചിറ്റയത്തിന് പിന്തുണയുമായി സിപിഐ ജില്ലാ ഘടകം

ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിൽ രൂക്ഷമായ വാക്പോര് തുടരുന്നു; മന്ത്രി തീരുമാനങ്ങളെടുക്കുന്നത് ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരോട് ആലോചിക്കാതെ; ചിറ്റയത്തിന് പിന്തുണയുമായി സിപിഐ ജില്ലാ ഘടകം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള രൂക്ഷമായ വാക്പോരില്‍ ചിറ്റയത്തിന് പിന്തുണയുമായി സിപിഐ ജില്ലാ ഘടകം. ചിറ്റയം മുന്നോട്ടു വച്ച കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മന്ത്രി തീരുമാനങ്ങളെടുക്കുന്നത് ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരോട് ആലോചിക്കാതെയാണ്.

ഭരണ കാര്യങ്ങളില്‍ മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് അമിതമായി ഇടപെടുന്നു. ജില്ലയിലെ ചില സിപിഎം നേതാക്കളും വീണാ ജോര്‍ജിന് അനാവശ്യ പിന്തുണയാണ് നല്‍കുന്നത്. ചിറ്റയം ഉന്നയിച്ച വിമര്‍ശനങ്ങളിൽ ചില സിപിഎം നേതാക്കള്‍ പോലുമുണ്ട്. ഏകപക്ഷീയമായ ഇത്തരം നടപടികള്‍ മന്ത്രി തിരുത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന, മന്ത്രി പങ്കെടുക്കുന്ന എന്റെ കേരളം ജില്ലാ തല പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പങ്കെടുത്തില്ല. സിപിഐ ജനപ്രതിനിധികളും വിട്ടുനിന്നു.

മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആശംസ അറിയിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ചിറ്റയം ഗോപകുമാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മാത്യു ടി തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി.

എന്നാല്‍ ആരോടും ആലോചിക്കാതെ മന്ത്രി മുന്‍കൈയെടുത്തത് സമയം രാവിലെ 10 മണിയിലേക്ക് മാറ്റിയെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. സിപിഎം നേതൃത്വത്തിനും മന്ത്രിയുടെ നടപടിയില്‍ അതൃപ്തിയുണ്ട്. ജില്ലാ സെക്രട്ടറിയെ അടക്കം മന്ത്രി ഗൗനിക്കില്ലെന്നാണ് ആരോപണം.

അതിനിടെ പത്തനംതിട്ടയില്‍ നടക്കുന്ന സര്‍ക്കാര്‍ പ്രദര്‍ശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാര്‍. സിപിഐ ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല.

ആരോഗ്യ മന്ത്രി – ഡെപ്യൂട്ടി സ്പീക്കര്‍ പോരിനെ ചൊല്ലി പത്തനംതിട്ടയില്‍ സിപിഎം സിപിഐ തര്‍ക്കവും രൂക്ഷമാവുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ പരിഗണയിലുള്ള വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അതേസമയം മുന്നണിക്കുള്ളില്‍ പരിഹരിക്കേണ്ട വിഷയത്തില്‍ പൊതു ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എല്‍ഡിഎഫ്.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്നടക്കം ചിറ്റയം ഗോപകുമാര്‍ തുറന്നടിച്ചിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

മന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കര്‍ തുറന്നടിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ചിറ്റയം ഗോപകുമാര്‍. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിക്ക് വീണാ ജോര്‍ജ് പരാതി നല്‍കിയത്.

ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണെന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എംഎല്‍എമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ച അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മുന്നണിക്ക് നല്‍കിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാര്‍ പറഞ്ഞതെന്നാണ് വീണ ജോര്‍ജിന്റെ വിശദീകണം.