വീട് വിൽക്കാനുള്ള പരസ്യം കണ്ടെത്തിയ വ്യാപാരിയെ കെണിയിൽപ്പെടുത്തി: അശ്ലീല വീഡിയോ പകർത്തി ബ്ളാക്ക് മെയിലിംങ്ങ്: 29 കാരി സാജിദയും കുടുങ്ങി

വീട് വിൽക്കാനുള്ള പരസ്യം കണ്ടെത്തിയ വ്യാപാരിയെ കെണിയിൽപ്പെടുത്തി: അശ്ലീല വീഡിയോ പകർത്തി ബ്ളാക്ക് മെയിലിംങ്ങ്: 29 കാരി സാജിദയും കുടുങ്ങി

ക്രൈം ഡെസ്ക്

കാസർകോട്: വീട് വിൽക്കാനുണ്ടെന്ന് പരസ്യം നൽകി വ്യവസായിയെ വിളിച്ചു വരുത്തി അശ്ലീല വീഡിയോ പകർത്തി ബ്ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയ സംഘത്തിലെ പ്രധാനിയായ യുവതിയും പിടിയിലായി.

കാസര്‍കോട് ചൗക്കിയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദ (29)യെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനും കാഞ്ഞങ്ങാട്ടെ വ്യാപാരിയുമായ യുവാവിനെയാണ് സംഘം ബ്ലാക്‌മെയില്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി അബൂതാഹിറി(22) നെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാന്‍ഡിലാണ്. ഫോണില്‍ പരിചയപ്പെട്ട് വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് സാജിദ വ്യാപാരിയെ സമീപിച്ചത്. അഞ്ച് മാസം മുമ്പായിരുന്നു സംഭവം.

ചൗക്കിയിലെ ക്വാട്ടേഴ്‌സിലെത്തിയപ്പോള്‍ വ്യാപാരിയെ യുവതിയും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞ് വെച്ച്‌ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഈ ഫോട്ടോ കാണിച്ച്‌ കൈയ്യിലുണ്ടായിരുന്ന 24,000 രൂപ കൈക്കലാക്കിയ ശേഷം എടിഎം കാര്‍ഡ് വാങ്ങി പിന്‍ നമ്പര്‍ ചോദിച്ച്‌ 24,000 രൂപ കൂടി സംഘം തട്ടിയെടുത്തു.

20 ലക്ഷം രൂപയാണ് വ്യാപാരിയില്‍ നിന്നും സംഘം ആവശ്യപ്പെട്ടത്. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപാരി പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അബൂതാഹിറിനെ ആദ്യം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലാണ് മറ്റുള്ളവരെ കുറിച്ച്‌ വിവരം ലഭിച്ചത്. മറ്റു മൂന്ന് പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വ്യാപാരിയാണ് തന്നെ മിസ്ഡ്‌കോളിലൂടെ ആദ്യം പരിചയപ്പെട്ടതെന്നാണ് സാജിദ ആദ്യം പറഞ്ഞത്. പിന്നീട് വിവാഹം കഴിക്കാമെന്നും പര്‍ദ ഷോപ്പ് തുടങ്ങാമെന്നും പറഞ്ഞതായും യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വിവാഹമോചിതയായ യുവതിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. അബൂതാഹിറിനും മറ്റു കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്ന് സമ്പന്നരെ വലയിലാക്കിയ ശേഷം ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച്‌ വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.

ഇതിന് മുമ്പും ഇത്തരത്തില്‍ ബ്ലാക്‌മെയിലിംഗ് സംഘം കാസര്‍കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവന്നിരുന്നു. യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെ താല്‍ക്കാലികമായി ഇത്തരം സംഘങ്ങള്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിനിടെയിലാണ് വീണ്ടും മറ്റൊരു സംഘം തലപൊക്കിയിരിക്കുന്നത്.