വഴിയോരങ്ങളിലെ തട്ടുകടകൾ ക്വട്ടേഷൻ സംഘങ്ങൾക്ക് വാടകയ്ക്ക്; നിയന്ത്രണം ഗുണ്ടകളുടെയും കുഴൽപ്പണക്കാരുടെയും കൈകളിൽ; ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ പരിശോധന; മൂന്നു തട്ടുകടക്കാരെ ഒഴിപ്പിച്ചു

വഴിയോരങ്ങളിലെ തട്ടുകടകൾ ക്വട്ടേഷൻ സംഘങ്ങൾക്ക് വാടകയ്ക്ക്; നിയന്ത്രണം ഗുണ്ടകളുടെയും കുഴൽപ്പണക്കാരുടെയും കൈകളിൽ; ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ പരിശോധന; മൂന്നു തട്ടുകടക്കാരെ ഒഴിപ്പിച്ചു

ക്രൈം ഡെസ്‌ക്
കോട്ടയം: വഴിയോരങ്ങളിലെ തട്ടുകടകൾ ക്വട്ടേഷൻ സംഘങ്ങൾക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നതായി പൊലീസ് കണ്ടെത്തൽ. ഈ തട്ടുകടകൾ കേന്ദ്രീകരിച്ചാണ് നഗരത്തിലെ അനധികൃത ഇടപാടുകൾ എല്ലാം നടക്കുന്നതെന്നും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ലൈസൻസില്ലാതെ ഈ പ്രദേശത്ത് പ്രവർത്തിച്ച മൂന്ന് അനധികൃത തട്ടുകടകൾ പൊലീസ് നീക്കം ചെയ്തു. ഒരൂ ലൈസൻസിന്റെ മറവിൽ ഒന്നിലധികം കടകൾ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരോട് കടകൾ ഒഴിഞ്ഞു പോകാനുള്ള നിർദേശം പൊലീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസ് റോഡിലെ കൊറിയർ സർവീസ് സ്ഥാപനത്തിൽ കയറിയ അലോട്ടിയുടെ ക്വട്ടേഷൻ സംഘാംഗങ്ങളായ അഖിലും, ബാദുഷായും കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം മോഷണം നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പിടികൂടിയിരുന്നു. നഗരമധ്യത്തിലെ ഫുട്പാത്ത് കച്ചവടക്കാരുടെ തണലിലാണ് ഈ ക്വട്ടേഷൻ സംഘങ്ങൾ തഴച്ചു വളരുന്നതെന്ന് പൊലീസ് കണ്ടെത്തി.
നഗരത്തിൽ അഞ്ഞൂറിലേറെ വഴിയോരക്കച്ചവടക്കാർ വിവിധ ജോലികൾ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ കച്ചവടക്കാർ അനധികൃതമായി വഴിയോരങ്ങൾ കയ്യേറിയിരിക്കുന്നവരാണ്. ഇവരിൽ പലരും ഗുണ്ടാ മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ്. നഗരത്തിലെ ഫുട്പാത്ത് കച്ചവടം നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും ഈ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇവരാണ് നഗരത്തിലെ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത്. നഗരത്തിൽ പരസ്യമായി കഞ്ചാവും, നിരോധിത പുകയില ഉത്പന്നങ്ങളും ശേഖരിച്ചു വച്ച് വിൽപ്പന നടത്തുന്ന പച്ചക്കറിത്തട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. മുറുക്കാൻ കടകളിൽ ചിലത് കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. തട്ടുകടകളിൽ ജോലി ചെയ്യുന്നവരിൽ മോഷ്ടാക്കളും പിടിച്ചുപറിക്കാരുമുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രി റോഡിലും ബേക്കർ ജംഗ്ഷനിലും കച്ചവടം നടത്തുന്ന ചില തട്ടുകടക്കാർ കുഴൽപ്പണക്കാർക്ക് വേണ്ട സഹായം ചെയ്തു നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തിക്കുന്ന കുഴൽപ്പണം ഇടപാടുകാരിലേയ്ക്ക് എത്തിക്കുന്നത് വഴിയോരക്കച്ചവടക്കാരുടെ ഇടനിലയിലാണ്. ഇത് അടക്കം കണ്ടെത്തിയിട്ടും കൃത്യമായ തെളിവുകളില്ലാത്തതിനാൽ പൊലീസിനു ഇതുവരെയും നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കുരുമുളക് സ്‌പ്രേ ആക്രമണത്തിനു പിന്നിൽ ഇതേ സംഘമാണെന്ന് വ്യക്തമായതോടെയാണ് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളിലേയ്ക്ക് പൊലീസ് ഇപ്പോൾ കടന്നിരിക്കുന്നത്.
വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ അറിയിച്ചുതേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.