അലോട്ടി സ്‌കെച്ചിട്ടു; ബാദുഷായും അഖിലും നടപ്പാക്കി: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ മോഷണത്തിന്റെ മുഖ്യസൂത്രധാരൻ അലോട്ടി അറസ്റ്റിൽ

അലോട്ടി സ്‌കെച്ചിട്ടു; ബാദുഷായും അഖിലും നടപ്പാക്കി: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ മോഷണത്തിന്റെ മുഖ്യസൂത്രധാരൻ അലോട്ടി അറസ്റ്റിൽ

ക്രൈം ഡെസ്‌ക്
കോട്ടയം: നഗരമധ്യത്തിൽ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെ അടിച്ചു വീഴ്ത്തി കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം മോഷണം നടത്തിയ കേസിൽ ഗുണ്ടാസംഘത്തലവൻ അലോട്ടി പിടിയിൽ. കൊറിയർ സ്ഥാപനത്തിൽ പണമുണ്ടെന്ന് കണ്ടെത്തിയതും, ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കി ബാദുഷായെയും സംഘത്തെയും അയച്ചതും അലോട്ടിയാണെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 23 വെടിയുണ്ടകൾ, ഇടിക്കട്ട, വിദേശ നിർമ്മിത കത്തി, മഴു, കുരുമുളക് സ്പ്രേ എന്നിവയും പിടിച്ചെടുത്തു. ആക്രമണം നടത്തിയ കൊറിയർ സ്ഥാപനത്തിൽ നിന്നും ഓൺലൈൻ വഴിയാണ് ഇയാൾ ഇതേ സാധനങ്ങളെല്ലാം വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പുതുപ്പള്ളി  കൊച്ചുമറ്റം ഭാഗത്ത് പള്ളിവാതുക്കൽ വീട്ടിൽ താമസിക്കുന്ന ആർപ്പൂക്കര കൊപ്രായിൽ ജെയ്‌സ്മോൻ ജേക്കബാ(25)ണ് കുരുമുളക് സ്‌പ്രേ ആക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട് പിടിയിലായത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. കേസിൽ തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (20), വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ നിന്നും സിഎംഎസ് കോളേജിലേയ്ക്കുള്ള ഇടവഴിയിൽ പ്രവർത്തിക്കുന്ന എക്‌സ്പ്രസ് ബീസ് എന്നി കൊറിയർ സർവീസ് സ്ഥാപനത്തിലാണ് ബാദുഷയും, അഖിലും കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ആക്രമണം നടത്തിയത്. രണ്ടു പ്രതികളുടെയും മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇരുവരെയും അലോട്ടി സംഭവ ദിവസം വിളിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം അലോട്ടിയ്ക്കായി അന്വേഷണം ആരംഭിച്ചു. സ്ഥിരമായി ഓൺലൈൻ ഷോപ്പിംങ് സൈറ്റുകൾ വഴി അലോട്ടി സാധനങ്ങൾ വാങ്ങിയിരുന്നു. വിദേശ നിർമ്മിത കത്തിയും, കുരുമുളക് സ്പ്രേയും അടക്കമുള്ളവ ഓൺലൈനിൽ നിന്നാണ് അലോട്ടി വാങ്ങിയിരുന്നത്. ഇവ എക്സ്പ്രസ് ബീസിൽ എത്തിയാണ് അലോട്ടി വാങ്ങിയിരുന്നത്. ഇത്തരത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് വൻ തോതിൽ തുക ഇവിടെ ഉണ്ടെന്ന് അലോട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് അലോട്ടി വിവരം ബാദുഷായ്ക്കും കൂട്ടാളികൾക്കും കൈമാറുകയായിരുന്നു. അലോട്ടിയുടെ നിർദേശം അനുസരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതും പണം കവർന്നതും. തുടർന്ന് പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയതും അലോട്ടി തന്നെയായിരുന്നു. അലോട്ടിയുടെ പങ്ക് വ്യക്തമായതോടെ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു,  ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, എസ്.ഐ കെ.എസ് ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പയ്യപ്പാടിയിലെ ഭാര്യവീട്ടിൽ നിന്നും അലോട്ടിയെ പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് ഇയാൾ കുരുമുളക് സ്‌പ്രേ പ്രയോഗിക്കാൻ ശ്രമിച്ചു. സാഹസികമായാണ് പൊലീസ് ഇയാളെ കീഴടക്കിയത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
കൊലപാതകവും വധശ്രമവും അടക്കം 19 കേസുകളിൽ പ്രതിയാണ് അലോട്ടി. 2014 ൽ തിരുനക്കരയിലെ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ഇപ്പോൾ പിടിയിലായത്. നേരത്തെ ഒരു തവണ ഗുണ്ടാ നിയമം ചുമത്തി അലോട്ടിയെ പൊലീസ്  കരുതൽ തടങ്കലിലാക്കിയിരുന്നു. രണ്ടാം തവണയും പൊലീസ് കാപ്പ ചുമത്തിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് നടപടികളിൽ നിന്നും ഒഴിവാകുകയായിരുന്നു. പുതിയ കേസിൽ അറസ്റ്റിലായതോടെ അലോട്ടിയ്ക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.