വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന… ഏതോ ജന്മ കല്‍പനയില്‍… കിളിയേ കിളി കിളിയേ…മാനത്തെ മാരിക്കുറുമ്പേ… ഓലഞ്ഞാലി കുരുവീ… ഏഴു സ്വരങ്ങളില്‍ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; ഇന്ത്യന്‍ സംഗീതത്തിന് പകരംവയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ; വേറിട്ട സ്വര മാധുര്യം; താരാട്ട് മുതല്‍ പ്രണയ ഗാനം വരെ വഴങ്ങുന്ന ശബ്‌ദത്തിനുടമ; സംഗീത ലോകത്ത് 50 വര്‍ഷം അതുല്യ ആലാപനത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ വാണിയമ്മ ഇനി ദീപ്‌ത സ്‌മരണ

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന… ഏതോ ജന്മ കല്‍പനയില്‍… കിളിയേ കിളി കിളിയേ…മാനത്തെ മാരിക്കുറുമ്പേ… ഓലഞ്ഞാലി കുരുവീ… ഏഴു സ്വരങ്ങളില്‍ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; ഇന്ത്യന്‍ സംഗീതത്തിന് പകരംവയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ; വേറിട്ട സ്വര മാധുര്യം; താരാട്ട് മുതല്‍ പ്രണയ ഗാനം വരെ വഴങ്ങുന്ന ശബ്‌ദത്തിനുടമ; സംഗീത ലോകത്ത് 50 വര്‍ഷം അതുല്യ ആലാപനത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ വാണിയമ്മ ഇനി ദീപ്‌ത സ്‌മരണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മലയാളത്തിൽ പാടിയ ആദ്യത്തെ പാട്ടിലെ ആദ്യത്തെ വരികൾ പോലെയായിരുന്നു മലയാളികൾക്ക് വാണി ജയറാം എന്ന ഗായിക -സൗരയൂഥത്തിൽ വിടർന്ന കല്യാണ സൗഗന്ധികം… 1973ൽ പുറത്തിറങ്ങിയ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി…’ എന്ന പാട്ടിലൂടെയാണ് വാണി ജയറാം മലയാളത്തിലെത്തുന്നത്. സലിൽ ചൗധരിയുടെ സംഗീത സംവിധാനത്തിലായിരുന്നു പാട്ട്. വരികൾ ഒ.എൻ.വി കുറുപ്പിന്‍റെയും. ആദ്യത്തെ പാട്ടിലൂടെ തന്നെ വാണിയുടെ ശബ്ദം മലയാള ആസ്വാദകരുടെ ഹൃദയത്തിലേക്ക് ഇറങ്ങി.

എന്നും ആത്മാവുള്ള പാട്ടുകള്‍ പാടി മലയാളത്തെ കൊതിപ്പിച്ച ഗായിക. നിത്യഹരിത ഗായിക വാണി ജയറാം വിടവാങ്ങുന്നത് മലയാളത്തിന് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചാണ്.19 ഓളം ഭാഷകളിലായി പതിനായിരക്കണക്കിന് കണക്കിന് പാട്ടുകള്‍ പാടിയ വാണി ജയറാം മലയാളത്തില്‍ മാത്രം 600 ഓളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാന്‍ എന്തുതാമസം, മഞ്ചാടിക്കുന്നില്‍, ഒന്നാനാംകുന്നിന്മേല്‍, നാടന്‍ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാള്‍, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍, ഏതോ ജന്മ കല്‍പനയില്‍, പത്മതീര്‍ത്ഥ കരയില്‍, കിളിയേ കിളി കിളിയേ, എന്റെ കൈയില്‍ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങള്‍ വാണിയുടെ ശബ്ദം അനശ്വരമാക്കി.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ജനിച്ച വാണിക്ക് അമ്മയുടെ സംഗീത താത്പര്യമാണ് ലഭിച്ചത്. സംഗീതജ്ഞന്‍ കൂടിയായ ഭര്‍ത്താവിനെ കൂടി ലഭിച്ചതോടെ അവരുടെ സംഗീത സപര്യ കൂടുതല്‍ ഊര്‍ജ്ജസ്വലമായി. 1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഇറങ്ങിയ ‘ബോലേ രെ പപ്പീ’ എന്ന ഗാനത്തിലൂടെയാണ് അവര്‍ പ്രശസ്തയായത്. ‘ഗുഡ്ഡി’ എന്ന സിനിമയില്‍ പുതുതായി എത്തിയ നായികക്ക് വേണ്ടി പുതിയ ശബ്ദം തേടിയ സംവിധായകനോട് സംഗീത സംവിധായകന്‍ വസന്ത് ദേശായിയാണ് വാണിയെ കുറിച്ച്‌ പറയുന്നത്. ആ പാട്ടിലൂടെ ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വാണിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി പുരസ്‌കാരങ്ങള്‍ ആദ്യ ഗാനത്തിലൂടെ തന്നെ വാണി സ്വന്തമാക്കി.

മലയാളത്തിലേക്ക് ആദ്യമായി വന്നതിനെ കുറിച്ച് വാണി ജയറാം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഗുഡ്ഡിയിലെ ‘ബോലേ രേ പപ്പി ഹരാ’ എന്ന പാട്ടിലൂടെ ഏറെ പ്രശസ്തിയിലായിരുന്നു അന്നവർ. 1973 ഫെബ്രുവരിയിലാണ് കേരളത്തിൽ നിന്ന് സ്വപ്നം സിനിമയുടെ പ്രൊഡ്യൂസർ സിനിമയിലേക്ക് പാടാൻ വിളിച്ചത്. സലിൽ ചൗധരിയാണ് സംഗീത സംവിധാനമെന്ന് കേട്ടതും വാണി പാടാൻ സമ്മതംമൂളി. ഒ.എൻ.വി കുറുപ്പ് അന്ന് സർക്കാർ സർവിസിലായിരുന്നതിനാൽ ബാലമുരളി എന്ന പേരിലാണ് പാട്ടെഴുതിയിരുന്നത്.

‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമീ – അതിൻ, സൗവർണ്ണപരാഗമാണോമനേ നീ, അതിൻ സൗരഭമാണെന്റെ സ്വപ്നം’ എന്ന മനോഹര ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് സലിൽ ചൗധരിയുടെ നെല്ല് എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാം മലയാള ചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു.

സലില്‍ ചൗധരി മലയാളത്തില്‍ വന്നപ്പോഴൊക്കെ അവസരങ്ങള്‍ ലഭിച്ചു. ഒരിക്കല്‍ ഒഴികെ. നെല്ല് എന്ന ചിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ മലയാളത്തില്‍ എത്തിയത് വാണി ജയറാമിന്റെ അഭാവത്തിലായിരുന്നു. വിഷുക്കണിയിലെ കണ്ണില്‍പ്പൂവ്…, മദനോത്സവത്തിലെ ഈ മലര്‍ക്കന്യകള്‍…, എയര്‍ഹോസ്റ്റസിലെ ഒന്നാനാം കുന്നിന്മേല്‍…, രാഗത്തിലെ നാടന്‍പാട്ടിലെ മൈന…, അപരാധിയിലെ മാമലയിലെ പൂമരം പൂത്തനാള്‍… സലില്‍ ചൗധരി – വാണി ജയറാം മലയാളത്തിന് സമ്മാനിച്ച ഗാനങ്ങള്‍.

എം.കെ. അര്‍ജുനന്‍-ശ്രീകുമാരന്‍ തമ്ബി ടീമിന്റെ പാട്ടുകളാണ് കൂടുതല്‍ പാടിയിട്ടുള്ളത്. തിരുവോണപ്പുലരിയില്‍…, എന്റെ കൈയില്‍ പൂത്തിരി…, തേടിത്തേടി ഞാനലഞ്ഞു…, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…, ഒരുപ്രേമലേഖനം എഴുതി മായ്ക്കും…, മാവിന്റെ കൊമ്ബിലിരുന്നൊരു മൈന വിളിച്ചു…, സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ… അങ്ങനെ എത്രയോ നല്ല പാട്ടുകള്‍! വയലാര്‍-ദേവരാജന്‍-പി. സുശീല ടീം പോലെ തന്നെ ശ്രീകുമാരന്‍ തമ്ബി- എം.കെ. അര്‍ജുനന്‍-വാണി ജയറാം ടീമും പിറവികൊണ്ടു.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം 2014ൽ ‘1983’ എന്ന ചിത്രത്തിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്. കേരളം എന്നെ മറന്നിട്ടില്ല എന്നതിന് തെളിവായിരുന്നു ആ ഗാനമെന്ന് വാണി ജയറാം പറഞ്ഞിരുന്നു. മലയാളത്തിൽ എപ്പോൾ വിളിച്ചാലും പാടാൻ റെഡിയായിരുന്നു വാണി ജയറാം.മുംബൈയില്‍ വച്ചായിരുന്നു ‘ഓലഞ്ഞാലിക്കുരുവിയുടെ റെക്കോഡിങ്. പാട്ട് മുഴുവന്‍ സോളോ ആയിട്ടാണ് പാടിയത്. പിന്നീട് ഡ്യുയറ്റ് ആക്കുകയായിരുന്നു. എ ലവ്‌ലി സോങ്. മലയാളത്തില്‍ എനിക്ക് മതിയായിട്ടില്ല. മ്യൂസിക് ഡയറക്ടേഴ്‌സ് വിളിച്ചാല്‍ എപ്പോള്‍ പാടാനും ഞാന്‍ റെഡി’ വാണി ജയറാം അഭിമുഖത്തില്‍ അന്ന് പറഞ്ഞു.

പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ…’, ആക്ഷൻ ഹീറോ ബിജുവിലെ ‘പൂക്കൾ പനിനീർ പൂക്കൾ…’, ക്യാപ്റ്റനിലെ ‘പെയ്തലിഞ്ഞ നിമിഷം’ തുടങ്ങി അവസാന കാലത്തും വാണി ജയറാം പാടിയ പാട്ടുകൾ ആസ്വാദകർ ഏറ്റെടുത്തു.

19 ഭാഷകളില്‍ പാടിയതില്‍ മലയാളമാണ് തനിക്ക് ഏറ്റവും കൂടുതല്‍ സ്നേഹം തന്നിട്ടുള്ളത് എന്നും വാണി ജയറാം ഒരിക്കല്‍ പറഞ്ഞു. ‘അമ്മാ, നിങ്ങള്‍ എത്രയോ നല്ല പാട്ടുകള്‍ പാടി. എന്നിട്ടും നല്ല ഗായികയ്ക്കുള്ള അവാര്‍ഡ് കേരളം ഇതുവരെ നിങ്ങള്‍ക്ക് തന്നില്ലല്ലോ’ എന്ന് വിഷമത്തോടെ പറയുന്നവരുണ്ട്.
കേരളത്തിന്റെ അവാര്‍ഡ് കിട്ടാത്തതില്‍ തനിക്കല്ല ദുഃഖമെന്നും തന്റെ പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്കാണെന്നും ഒരു അഭിമുഖത്തില്‍ വാണി ജയറാം തുറന്നു പറഞ്ഞിരുന്നു.

Tags :