വ്യാജ വാറ്റും ഹൈടെക്കായി: പൊൻകുന്നത്ത് രണ്ടു നില വീട് കേന്ദ്രീകരിച്ചു ഹൈടെക്ക് വ്യാജവാറ്റ്; ഇളങ്കുളത്ത് വൻ എക്‌സൈസ് ചാരായ വേട്ട

വ്യാജ വാറ്റും ഹൈടെക്കായി: പൊൻകുന്നത്ത് രണ്ടു നില വീട് കേന്ദ്രീകരിച്ചു ഹൈടെക്ക് വ്യാജവാറ്റ്; ഇളങ്കുളത്ത് വൻ എക്‌സൈസ് ചാരായ വേട്ട

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടു നില വീട് കേന്ദ്രീകരിച്ച് ഹൈടെക്ക് രീതിയിൽ വ്യാജ ചാരായം വാറ്റിയ സംഘത്തെ എക്‌സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പൊൻകുന്നം ഇളങ്കുളത്ത് നിന്നു വൻ വാറ്റ് പിടികൂടിയത്.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ആർ. സുൽഫിക്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ് കുമാർ. എസിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് പൊൻകുന്നം ഇളങ്ങുളം ഭാഗത്ത് പരിശോധന നടത്തിയത്. ഇവിടെ ഇരുനില വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 35കാരനായ യുവാവ് ലോക്ക് ഡൗൺ സമയത്ത് നടത്തിയ വ്യാജമദ്യ നിർമ്മാണത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗൺ സമയത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം മുതലെടുത്തു വ്യവസായിക അടിസ്ഥാനത്തിൽ നാളുകളായി വ്യാജചാരായ നിർമ്മാണം നടത്തി വന്നിരുന്ന കാഞ്ഞിരപ്പള്ളി ഇളങ്ങുളം ഇളങ്ങുളം കരയിൽ പൗർണമി വീട്ടിൽ രാമചന്ദ്രൻ നായർ മകൻ അശോക് കുമാറിന്റെ (35) വീട്ടിൽ നിന്നുമാണ് വ്യാജമദ്യം പിടിച്ചെടുത്തത്.

വീടിന്റെ രണ്ടാം നിലയിൽ വാറ്റികൊണ്ടിരുന്ന യുവാവ് എക്സൈസ് സംഘത്തിന്റെ വാഹനം കണ്ട് രണ്ടാംനിലയുടെ പിൻവാതിലിലൂടെ ചാടി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ഓടി മറഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. സെക്കന്റ് ഹാൻഡ് വാഹന കച്ചവടത്തിന്റെ മറവിൽ ആവശ്യക്കാർക്ക് 2000 മുതൽ 2500 രൂപയ്ക്കു വരെയാണ് പ്രതി ചാരായം വിറ്റിരുന്നത്.

പ്രതിയുടെ വീട്ടിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായവും 385 ലിറ്റർ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി വെച്ചിരുന്ന വാഷും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റു വ്യാജ മദ്യ നിർമ്മാണ സാമഗ്രികളും കണ്ടെത്തി. മദ്യം വിറ്റ വകയിൽ ലഭിച്ച 23000 രൂപയും കണ്ടെടുത്തു കേസ് രജിസ്റ്റർ ചെയ്തു
രണ്ട് ദിവസമായി പ്രതി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. കെ. നന്ദ്യാട്ട് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ് വി.എസ്, അഭിലാഷ് എം.ജി, നിമേഷ് കെ. എസ് ഡ്രൈവർ എം.കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു.