ഇടത് കോട്ട ഇടിച്ചു നിരത്തി വൈശാഖിന്റെ കുതിപ്പ്; ഇടതു തരംഗത്തിലും കുറിച്ചിയില്‍ കോട്ട കെട്ടി കെ.എസ്.യുവിന്റെ യുവ നേതാവ്

ഇടത് കോട്ട ഇടിച്ചു നിരത്തി വൈശാഖിന്റെ കുതിപ്പ്; ഇടതു തരംഗത്തിലും കുറിച്ചിയില്‍ കോട്ട കെട്ടി കെ.എസ്.യുവിന്റെ യുവ നേതാവ്

തേര്‍ഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: ചരിത്രത്തില്‍ ആദ്യമായി ഇടത്തേയ്ക്ക് ജില്ലാ പഞ്ചായത്ത് ചാഞ്ഞപ്പോഴും, ഇടതു കോട്ട ഇടിച്ചു തകര്‍ത്ത് കുതിച്ചു കയറുകയായിരുന്നു ഒരു വിദ്യാര്‍ത്ഥി നേതാവ്. അടിയൊഴുക്കുകള്‍ കടപുഴക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്വന്തം വ്യക്തിത്വവും വ്യക്തിപ്രഭാവവും കൊണ്ട് ഇതിനെയെല്ലാം മറി കടക്കുകയായിരുന്നു പി.കെ വൈശാഖ് എന്ന യുവ നേതാവ്.

കെ.എസ്.യുവിന് തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകി സംസ്ഥാന ജില്ലാ നേതൃത്വത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ വൈശാഖിന് സ്ഥാനാർത്ഥിത്വം നൽകിയപ്പോൾ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ നിന്നു തന്നെ എതിർപ്പുകൾ ഏറെയുണ്ടായിരുന്നു. വിദ്യാർത്ഥി നേതാവിന് സീറ്റ് നൽകിയതിനെതിരെ കോൺഗ്രസിലെ തല മുതിർന്ന നേതാക്കളിൽ പലരും മുറുമുറുപ്പും ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എമ്മിലെ മുതിർന്ന നേതാവ് തന്നെ കുറിച്ചിയിൽ അരിവാൾ ചുറ്റിക്ക നക്ഷത്രവുമായി രംഗത്തിറങ്ങിയപ്പോൾ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസും വൈശാഖും തവിടുപൊടിയാകുമെന്നായിരുന്നു പ്രചാരണം. പ്രചാരണത്തിന് കോൺഗ്രസിലെ ഒരു വിഭാഗം നേതൃത്വം നൽകുകയും ചെയ്തു.

എന്നാൽ, നിഷ്‌കളങ്കമായ ചിരിയുമായി… ഓമനത്വം തുളുമ്പുന്ന പ്രായത്തിൽ വീടുകളിലെത്തി കുടുംബങ്ങളുടെ പൊന്നുമകനായി മാറുകയായിരുന്നു വൈശാഖ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എയുടെയും, തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും, യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെയും നിർണ്ണായകമായ ഇടപെടലുകൾ കൂടിയെത്തിയതോടെയാണ് വൈശാഖ് എന്ന യുവാവ് ഡിസംബർ 16 ന് കൈ ആകാശം മുട്ടെ ഉയർത്തി കോൺഗ്രസ് പാർട്ടിയുടെ അഭിമാനം വാനോളം ഉയർത്തിയത്.

കോൺഗ്രസിന്റെ നാളെയുടെ പ്രതീക്ഷയാണ് വളർന്നു വരുന്ന യുവ നേതാവ് പി.കെ വൈശാഖ്. കുറിച്ചി ഡിവിഷൻ മാത്രമല്ല പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസിനു ഭരണം ലഭിക്കുന്നതിലും വൈശാഖിന്റെ സ്ഥാനാർത്ഥിത്വം നിർണ്ണായകമായി. ഇത് കൂടാതെ വൈശാഖിന്റെ വീടിരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ വാർഡും ഇടതു മുന്നണിയിൽ നിന്നും വൈശാഖ് കൊടുങ്കാറ്റ് പിടിച്ചെടുത്തു. ആദ്യ ഘട്ടത്തിൽ എതിർപ്പുമായി എത്തിയ നേതാക്കളെ പോലും ഒപ്പം നിർത്താൻ സാധിക്കുന്നതായിരുന്നു പ്രചാരണത്തിലെ വൈശാഖ് ഇഫക്ട്. ആദ്യം മനസുമടിച്ചു നിന്ന നേതാക്കളും പ്രവർത്തകരും പോലും തോളോടു ചേർന്നു നിന്നു പുഞ്ചിരിച്ച വൈശാഖിനു മുന്നിൽ പുഞ്ചിരിയോടെ ആവേശത്തോടെ പ്രചാരണത്തിനിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വൈശാഖിന്റെ വ്യക്തി പ്രഭാവം തന്നെയാണ് കോൺഗ്രസിനു വൻ വിജയം നൽകിയത്.

സി.പി.എമ്മിലെ അതികായനെയാണ് കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വൈശാഖ് കടപുഴക്കിയത്. കുറിച്ചി പഞ്ചായത്തിലെ ഇരുപത്തിൽ രണ്ടു സീറ്റ് മാത്രം യു.ഡി.എഫ് വിജയിച്ചപ്പോഴാണ് ഇടതു കൊടുങ്കാറ്റിലും ആടാതെ നിന്ന വൈശാഖിന്റെ വിജയം. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിൽ ഏറ്റവും ഒടുവിലായാണ് വൈശാഖിന്റെ പേര് കോൺഗ്രസ് പാർട്ടി പരിഗണിച്ചത്. എതിർപ്പുകളെ എല്ലാ്ം അവഗണിച്ച് വൈശാഖിനു സീറ്റ് നൽകാനുള്ള കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും നിർണ്ണായക നീക്കം ശരിയാണ് എന്നു തെളിയിക്കുന്നതായി തിരഞ്ഞെടുപ്പു ഫലം.

വോട്ടെടുപ്പിനു ശേഷം തൊട്ടടുത്ത ദിവസം തന്നെ വിവാഹിതമായ വൈശാഖിന്റെ വീട്ടിലേയ്ക്കു വിജയം കൂടി പടികടന്ന് എത്തിയതോടെ അഭിമാന നിമിഷനാണ് കുടുംബത്തിനാകെ എത്തിയത്. നവവരൻ തന്നെ കുറിച്ചിയുടെ കാമുകനായി മാറിയതോടെ, വൈശാഖിന്റെ ഭാര്യ സൂര്യ ബിനുവിനും സന്തോഷം.