വൈക്കം പോലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒ ഇല്ലാതായിട്ട് രണ്ട് മാസം; സ്റ്റേഷനില്‍ നടക്കുന്നത് കുത്തഴിഞ്ഞ ഭരണം; സർക്കാർ ജീവനക്കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ശല്യം ചെയ്ത കേസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൻ്റെ പേരിൽ എസ് ഐ ഉൾപ്പെടെ നാല് പേർ സസ്പെൻഷനിലായിട്ടും  വൈക്കം സ്റ്റേഷനിൽ കാര്യങ്ങൾ തോന്നുംപടി !

വൈക്കം പോലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒ ഇല്ലാതായിട്ട് രണ്ട് മാസം; സ്റ്റേഷനില്‍ നടക്കുന്നത് കുത്തഴിഞ്ഞ ഭരണം; സർക്കാർ ജീവനക്കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ശല്യം ചെയ്ത കേസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൻ്റെ പേരിൽ എസ് ഐ ഉൾപ്പെടെ നാല് പേർ സസ്പെൻഷനിലായിട്ടും വൈക്കം സ്റ്റേഷനിൽ കാര്യങ്ങൾ തോന്നുംപടി !

സ്വന്തം ലേഖകൻ

വൈക്കം: വൈക്കം പോലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒ ഇല്ലാതായിട്ട് രണ്ടു മാസം പിന്നിടുന്നു.

എസ്എച്ച്‌ഒ ആയിരുന്ന കൃഷ്ണൻ പോറ്റി രണ്ടു മാസം മുൻപാണ് മെഡിക്കല്‍ ലീവെടുത്തത്. പകരം എസ്‌എച്ച്‌ഒ എത്തിയില്ല. നാഥനില്ലാത്തതു മൂലം കേസ് അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന ആരോപണം ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം എറണാകുളത്ത് ജോലി ചെയ്യുന്ന ജീവനക്കാരി വൈക്കത്ത് എത്തി വീട്ടിലേക്ക് മടങ്ങവേ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി ശല്യം ചെയ്തിരുന്നു. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതോടെ പ്രതി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഇതിനിടെ സ്കൂട്ടർ മറിഞ്ഞ് പ്രതിക്ക് പരിക്ക് പറ്റിയിരുന്നു.

ഈ വിവരങ്ങൾ സഹിതം വൈക്കം സ്റ്റേഷനിൽ എത്തി ദമ്പതികൾ പരാതി നൽകുകയും സ്കൂട്ടർ മറിഞ്ഞ് പ്രതിക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്ന സൂചനയും നൽകി. ഇതനുസരിച്ച് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രതി ചികിത്സ തേടിയതായും കണ്ടെത്തിയിരുന്നു. എന്നിട്ടും പരാതിയിൽ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസുകാർ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. തുടർന്ന് ആശുപത്രി ജീനക്കാരിയായ യുവതി സഹപ്രവർത്തകൻ വഴി എറണാകുളം ഡിഐജി ക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച്ച കണ്ടെത്തി എസ്‌ഐ ഉള്‍പ്പടെ നാല് പോലീസ് ഓഫീസര്‍മാരെ സസ്പെൻഡ് ചെയ്തത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളില്‍ ഒന്നാണ്‌ വൈക്കം. വൈക്കം നഗരസഭയ്ക്കു പുറമെ വെച്ചൂര്‍, തലയാഴം, ടിവി പുരം, ഉദയനാപുരം പഞ്ചായത്തുകളും ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളും വൈക്കം പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ്. വൈക്കത്തു നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് വെച്ചൂര്‍ ഔട്ട് പോസ്റ്റ്. രണ്ടു പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കേണ്ട പ്രവര്‍ത്തന പരിധിയാണ് വൈക്കം പോലീസ്‌ സ്റ്റേഷനുള്ളത്.

പാടശേഖരങ്ങള്‍ ഏറെയുള്ള തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും തണ്ണീര്‍മുക്കം ബണ്ടിലുമൊക്കെ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ പോലീസിന് ദൂരക്കൂടുതല്‍ മൂലം വേഗമെത്താനാകുന്നില്ല. വൈക്കത്തെ വിവിധ പഞ്ചായത്തുകളിലെ കോളനികളിലും സംഘര്‍ഷങ്ങള്‍ പതിവാണ്.

പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കൊക്കെ വേരോട്ടമുള്ള വൈക്കത്ത് രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമുണ്ടാകുന്നുണ്ട്. എസ്‌എച്ച്‌ഒയുടെ സേവനം വൈക്കത്ത് അനിവാര്യമായതിനാല്‍ പുതിയ എസ്‌എച്ച്‌ഒയെ നിയമിക്കാൻ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.