ഉമ്മൻചാണ്ടിയുടെ മരിക്കാത്ത ഓർമ്മകൾ പോലെ, പുതുപ്പള്ളിക്കവലയിൽ ജനനായകന്റെ ജീവൻ തുടിക്കുന്ന ശില്പം ; ആറു ദിവസം കൊണ്ടു കൈനകരി സ്വദേശിയായ ബെന്നി  പൂർത്തിയാക്കിയ കുഞ്ഞൂഞ്ഞിന്റെ ശില്പം കുടുംബത്തിനു കൈമാറി

ഉമ്മൻചാണ്ടിയുടെ മരിക്കാത്ത ഓർമ്മകൾ പോലെ, പുതുപ്പള്ളിക്കവലയിൽ ജനനായകന്റെ ജീവൻ തുടിക്കുന്ന ശില്പം ; ആറു ദിവസം കൊണ്ടു കൈനകരി സ്വദേശിയായ ബെന്നി പൂർത്തിയാക്കിയ കുഞ്ഞൂഞ്ഞിന്റെ ശില്പം കുടുംബത്തിനു കൈമാറി

സ്വന്തം ലേഖകൻ

മങ്കൊമ്പ്: പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്‌തെങ്കിലും പുതുപ്പള്ളിക്കവലയില്‍ ജനനേതാവ് ഉമ്മൻ ചാണ്ടി ഇനിയുമെന്നുമുണ്ടാകും. കുട്ടനാട്ടിലെ കൈനകരി സ്വദേശിയായ ബെന്നിയെന്ന ശില്‍പിയുടെ ജീവൻ തുടിക്കുന്ന ശില്പത്തിലൂടെ ഉമ്മൻ ചാണ്ടിയെ നാട്ടില്‍ സജീവസാന്നിധ്യമാകും.

ഒൻപതാം ചരമദിനമായ ഇന്നലെ രാവിലെ സെന്‍റ് ജോര്‍ജ് പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കല്ലറയെ സാക്ഷിയാക്കി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ശില്പം കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിയുടെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് ശില്പം നിര്‍മിക്കണമെന്ന് ആഗ്രഹം ഉദിച്ചത്. കൈനകരി എട്ടില്‍ചിറ വീട്ടില്‍ രാപകല്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ആറു ദിവസം കൊണ്ടു ശില്പനിര്‍മാണം പൂര്‍ത്തിയായി. സിമന്‍റ്, കമ്പി, മണല്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ശില്‍പവും ശില്പിയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോട്ടയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെന്നിയെ പുതുപ്പള്ളിയിലേക്കു ക്ഷണിക്കുകയായിരുന്നു.

ശില്പവുമായി ബെന്നിയും കുടുംബവും പുതുപ്പള്ളിയിലെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, നടൻ ജയറാം, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, മറ്റു കുടുംബാംഗങ്ങള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ശില്പം കണ്ടു അഭിനന്ദിച്ചു.

ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലേക്കു മാറ്റിയ ശില്പം പിന്നീട് പുതുപ്പള്ളി കവലയില്‍ സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം.

മാതാപിതാക്കളുടെ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി കണ്ടപ്പോള്‍ ലഭിച്ച പ്രതികരണമാണ് തന്നെ അദ്ദേഹത്തിലേക്കു കൂടുതല്‍ അടുപ്പിച്ചതെന്നു ബെന്നി പറയുന്നു. പ്രതിമ വൈറലായതോടെ ബെന്നിയെ തേടി കൂടുതല്‍ അവസരങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.