മിറ്റേരയ്ക്കു പിന്നാലെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും കുരുന്നുകളുടെ കൊലക്കളമാകുന്നു: വൈക്കം ഇൻഡോ അമേരിക്കയിൽ അമ്മയും കുഞ്ഞും മരിച്ചത് അധികൃതരുടെ വീഴ്ചയെ തുടർന്നെന്ന് ആരോപണം; യുവതി വേദനകൊണ്ട് നിലവിളിച്ചപ്പോൾ ഡോക്ടർ കൈ കെട്ടി നോക്കി നിന്നു

മിറ്റേരയ്ക്കു പിന്നാലെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും കുരുന്നുകളുടെ കൊലക്കളമാകുന്നു: വൈക്കം ഇൻഡോ അമേരിക്കയിൽ അമ്മയും കുഞ്ഞും മരിച്ചത് അധികൃതരുടെ വീഴ്ചയെ തുടർന്നെന്ന് ആരോപണം; യുവതി വേദനകൊണ്ട് നിലവിളിച്ചപ്പോൾ ഡോക്ടർ കൈ കെട്ടി നോക്കി നിന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: തെള്ളകം മിറ്റേര ആശുപത്രിയ്ക്കു പിന്നാലെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും നവജാത ശിശുക്കളുടെ കൊലക്കളമായി മാറുന്നു. മിറ്റേരയിൽ കഴിഞ്ഞ മാസം അമ്മയും കുഞ്ഞും മരിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും അമ്മയും കുഞ്ഞും മരിച്ചിരിക്കുന്നത്.

പ്രസവത്തിനിടെ നവജാത ശിശുവും മാതാവും മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവാദം വൈക്കത്ത് കത്തിപ്പടരുന്നത്. വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു കുട്ടിയും അമ്മയും മരിച്ചത്. കുലശേഖരമംഗലം ആഞ്ഞിലിത്തറയിൽ പ്രഭാകരന്റെ മകൾ പ്രീജ (37) ആണ് മരിച്ചത്. മരിച്ച പ്രീജയുടെ സംസ്‌കാരം നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് പ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രസവ ശസ്ത്രക്രിയ നടത്തി. തുടർന്നു നവജാത ശിശു മരിച്ചവിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

സ്‌കാനിങ് അടക്കമുള്ള പരിശേധനകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് ശസ്ത്രക്രിയ നടത്തി. എന്നാൽ കുട്ടി അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇക്കാര്യം ബന്ധുക്കളെ ഏകദേശം നാലുമണിയോടെ അറിയിച്ചു. അൽപ്പ സമയത്തിന് ശേഷം പ്രീജയ്ക്ക് അമിതമായ രക്ത സ്രാവമുണ്ടായെന്ന് അധികൃതർ അറിയിച്ചു.

ഉടൻ ഒരു ശസ്ത്രക്രിയകൂടി വേണമെന്നും രക്തം ആശുപത്രിയിലെ തന്നെ ബ്ലഡ്ബാങ്കിൽ നിന്നും എടുക്കാമെന്നും പേടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു. ഇതിനിടയിൽ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടു പോകുമ്പോൾ പ്രീജ സഹോദരിയുടെ കൈ പിടിച്ച് ഞാൻ മരിച്ചു പോകും എന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പിന്നീട് 7 മണിയോടെ പ്രീജയ്ക്ക് ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

ഇതോടെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണം എന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. തുടർന്നു, ആശുപത്രിക്കു മുന്നിൽ ബന്ധുക്കൾ തടിച്ചു കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് ബന്ധുക്കൾ വൈക്കം പൊലീസിൽ ആശുപത്രിക്കും ഡോക്ടർമാർക്കും എതിരെ പരാതി നൽകി. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുട്ടിയുടെയും അമ്മയുടെയും മരണത്തിനു കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവിശ്യപ്പെട്ടു.

സിസേറിയൻ നടത്തിയ ഡോക്ടറുടെ പരിചയക്കുറവാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി വേദന കൊണ്ട് നിലവിളിക്കുമ്പോഴും ഡോക്ടർ വെറുതെ കയ്യുംകെട്ടി നിൽക്കുകയായിരുന്നു എന്നും അവർ ആരോപിക്കുന്നു. ഡോക്ടറുടെ യോഗ്യത സംബന്ധിച്ചും ഇവർ സംശയമുയർത്തുന്നുണ്ട്.

അതേ സമയം തങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പ്രസവത്തിനിടെ അമിനോട്ടിക് ഫ്ളൂയിഡ് കയറുന്ന അവസ്ഥയുണ്ടായതാണ്. ഇതാണ് മരണ കാരണമായത്. ഇത്തരം അവസ്ഥ മുൻകൂട്ടി കണ്ടെത്താൻ സാധിക്കില്ല. ഇത് ഇവരുടെ ബന്ധുക്കളെ അറിയിച്ചതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.