ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി; ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനുമായി ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് യോഗം ചേര്‍ന്നു; ഉത്സവ നടത്തിപ്പിന് സ്പെഷ്യൽ ഓഫിസറായി ഡിവൈ എസ്പി എ.ജെ. തോമസിനെ ചുമതലപ്പെടുത്തും; നഗരത്തിലെ 44 ക്യാമറകൾ പ്രവർത്തനക്ഷമമാക്കും; വൈക്കം -തവണക്കടവ് ഫെറിയില്‍ കടുതല്‍ സര്‍വീസ്
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വി എൻ വാസവൻ.
അഷ്ടമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനുമായി ക്ഷേത്ര നഗരിയെ കാമറ നിരീക്ഷണത്തിലാക്കും. നഗരത്തിലെ 44 കാമറകളില്‍ 21 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. തകരാറിലായവ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കും.
വൈക്കം സബ് ഡിവിഷന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സ്ഥാനമേറ്റ നകുല്‍ രാജേന്ദ്രദേശ്മുഖ് ഇതര സംസ്ഥാനക്കാരനും വൈക്കത്തെക്കുറിച്ച് പരിചയമില്ലാത്ത യാളുമായതിനാല് വൈക്കത്തഷ്ടമി ഉത്സവ നടത്തിപ്പിനായി സ്ഥലംമാറ്റം ലഭിച്ച ഡിവൈ എസ്പി എ.ജെ. തോമസിനെ സ്പെഷല്‍ ഓഫീസറാക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്. അഷ്ടമി ഉത്സവ നടത്തിപ്പിനായി ഒരു മാസത്തേക്കാണ് സ്പെഷല്‍ ഓഫിസറായി അദ്ദേഹത്തിന്റെ സേവനം നീട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം താലൂക്ക് ആശുപത്രിയില്‍ അഷ്ടമിക്കാലത്ത് 24 മണിക്കൂറും സേവനമുറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഫയര്‍ഫോഴ്സ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായി ക്ഷേത്രത്തിന്റ വടക്കേനടയില്‍ നിലയുറപ്പിക്കും. എക്സൈസ് ക്ഷേത്രനഗരിയില്‍ പരിശോധന ഉറപ്പാക്കുന്നതിനൊപ്പം ക്ഷേത്രത്തിനുള്ളില്‍ കണ്‍ട്രോള്‍റും തുറക്കും. കെ എസ് ഇ ബി , വാട്ടര്‍ അതോറിറ്റി അധികൃതര്‍ വൈദ്യുതി ജല വിതരണം കാര്യക്ഷമമാക്കാന്‍ നടപടി ഊര്‍ജിതമാക്കും.
അഷ്ടമി ഉത്സവ കാലത്ത് ജലഗതാഗത വകുപ്പ് വൈക്കം -തവണക്കടവ് ഫെറിയില്‍ കടുതല്‍ സര്‍വീസ് നടത്തും. നിലവില്‍ നാലു ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. അഷ്ടമി ഉത്സവത്തില്‍ 15-ാം തീയതി ഉച്ചയ്ക്ക് 12 മുതല്‍ 18ന് രാവിലെ എട്ടുവരെ അധിക ട്രിപ്പുകള്‍ നടത്താന്‍ ആറ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉത്സവത്തിന് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ചു.
വൈക്കം നഗരസഭാ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അക്കരപ്പാടം ശശി, അബ്ദുള്‍സലാം റാവുത്തര്‍, ശശി വളവത്ത്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലുത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.