നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ആലവട്ടവും വെണ്‍ചാമരങ്ങളും സ്വര്‍ണ്ണക്കുടകളും…..! വൈക്കത്തഷ്ടമിക്ക് നാളെ കൊടിയേറും; ക്ഷേത്രഗനഗരിയ്ക്ക് ഇനി ഉത്സവരാവുകള്‍
സ്വന്തം ലേഖിക
വൈക്കം: വൈക്കത്തഷ്ടമിക്ക് നാളെ കൊടിയേറും.
രാവിലെ 7.10നും 9.10നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം ദക്ഷിണാമൂര്‍ത്തിയുടെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം കൊടിയേറ്റ് .
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ആലവട്ടവും വെണ്‍ചാമരങ്ങളും സ്വര്‍ണ്ണക്കുടകളും വാദ്യമേളങ്ങളും സായുധ പൊലീസും അകമ്പടിയേകും. കൊടിയേറ്റിനെ തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കില്‍ ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശും കലാമണ്ഡപത്തില്‍ നടന്‍ ജയസൂര്യയും ദീപം തെളിക്കും. അഷ്ടമി വിളക്കിലെ ദീപം ആറാട്ട് വരെ കെടാതെ സൂക്ഷിക്കും.
ക്ഷേത്ര നഗരിയുടെ പന്ത്രണ്ട് ദിനരാത്രങ്ങള്‍ ഇനി ആഘോഷത്തിന്റേതായിരിക്കും. ദക്ഷിണേന്ത്യയിലെ പേരെടുത്ത കലാകാരന്മാര്‍ നാദശരീരന്റെ സന്നിധിയില്‍ സംഗീത, നാട്യ, നടന വിരുന്നൊരുക്കും.7ാം ഉത്സവദിനമായ 12 ന് രാവിലെ 11 ന് ജയറാം നയിക്കുന്ന പഞ്ചാരിമേളം, രാത്രി 11ന് വൈക്കം ഷാജിയുടെ നേതൃത്വത്തില്‍ നാഗസ്വരം.
8ാം ഉത്സവദിനമായ 13ന് വൈകിട്ട് 5ന് ചോറ്റാനിക്കര വിജയന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, രാത്രി 10ന് മേജര്‍സെറ്റ് കഥകളി, 9ാം ഉത്സവ ദിനമായ 14ന് വൈകിട്ട് 5.30ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം,രാത്രി 10ന് മേജര്‍സെറ്റ് കഥകളി, 10ാം ഉത്സവദിനമായ 15 ന് ഉച്ചയ്ക്ക് 12 ന് ചോറ്റാനിക്കര സത്യന്‍ നാരായണമാരാര്‍ നയിക്കുന്ന ക്ഷേത്രകലാപീഠത്തിന്റെ പഞ്ചവാദ്യം, വൈകിട്ട് 6 ന് വീണവേണു സമന്വയം തുടങ്ങിയവ പ്രധാന പരിപാടികളാണ്.
14 ന് രാവിലെ 8 ന് ക്ഷേത്രത്തില്‍ ഗജപൂജ നടക്കും. വൈകിട്ട് 4 ന് നടക്കുന്ന ആനയൂട്ടിന്റെ ഭദ്രദീപ പ്രകാശനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിക്കും.