വടിവാളുമായി അയ്മനത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ വീട്ടിൽ കയറി ഭീഷണി: ഗുണ്ടാ നേതാവ് വിനീത് സഞ്ജയൻ പൊലീസ് പിടിയിലായി; നഗരത്തെ ക്ലീനാക്കി ഗുണ്ടകളെ ഓരോരുത്തരെയായി അകത്താക്കി പൊലീസ്

വടിവാളുമായി അയ്മനത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ വീട്ടിൽ കയറി ഭീഷണി: ഗുണ്ടാ നേതാവ് വിനീത് സഞ്ജയൻ പൊലീസ് പിടിയിലായി; നഗരത്തെ ക്ലീനാക്കി ഗുണ്ടകളെ ഓരോരുത്തരെയായി അകത്താക്കി പൊലീസ്

ക്രൈം ഡെസ്‌ക്

കോട്ടയം: വടിവാളുമായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും, ഫോണിൽ വിളിച്ച് ബോംബ് എറിഞ്ഞ് കൊല്ലുമെന്നൂ ഭീഷണി മുഴക്കുകയും ചെയ്ത ഗുണ്ടാ നേതാവ് വിനീത് സഞ്ജയൻ പൊലീസ് പിടിയിലായി. അയ്മനം ജയന്തി ജംഗ്ഷനിൽ മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ(30)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. അയ്മനത്തും പരിസരത്തും, സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപ്പന നടത്തുകയും, ചോദിക്കാനെത്തുന്നവെ ഭീഷണിപ്പെടുത്തുകയുമായിരുന്നു വിനീത് സഞ്ജയൻ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ നേതാവ് അലോട്ടിയ്ക്കു പിന്നാലെ വിനീത് സഞ്ജയൻ കൂടി അകത്താതയതോടെ നഗരത്തിലെ ഗുണ്ടാ സംഘത്തലവൻമാർ എല്ലാം ജയിലിലായി. കൊലപാതകം അടക്കം 15 ഓളം കേസുകളിൽ പ്രതിയാണ് വിനീത് സഞ്ജയൻ.
നഗരത്തിലെ ഓട്ടോഡ്രൈവറും, വിനീതിന്റെ എതിരാളിയുമായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ മൂന്നു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കുടയംപടിയിൽ ഓട്ടോഡ്രൈവറെ കല്ലെറിഞ്ഞ് തോട്ടിൽ വീഴത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടതോടെയാണ് ഇയാൾ ഗുണ്ടാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായത്. പിന്നീട്, ഈ കൊലപാതകക്കേസിലെ പ്രതിയാണെന്ന പേരിലായിരുന്നു ഭീഷണി മുഴക്കിയിരുന്നത്. അയ്മനം പ്രദേശത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം വിനീതും സംഘവും കഞ്ചാവ് വിൽക്കുന്നതായി ഡിവൈഎഫ്‌ഐ പ്രവർത്തകർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഗുണ്ടാ സംഘത്തിനും കഞ്ചാവ് മാഫിയക്കും എതിരായ പ്രവർത്തങ്ങളുടെ ഭാഗമായി പ്രദേശത്ത് ബോധവത്കരണവും ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയിരുന്നു.
ഇതിൽ പ്രകോപിതനായ വിനീത് സഞ്ജയൻ ആദ്യം ഡിവൈഎഫ്‌ഐ അയ്മനം മേഖലാ പ്രസിഡന്റ് ഒളശ കുന്നുംപുറത്ത് അഖിൽ പ്രസാദിനെ മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഗുണ്ടാ സംഘം വീണ്ടും ഭീഷണിയുമായി രംഗത്തിറങ്ങിയത്. വടിവാളും ബോംബും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിനീത് സഞ്ജയനും സംഘവും അഖിലിന്റെ വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. വീടിന്റെ ജനൽചില്ല് അടിച്ചു തകർത്ത സംഘം, വടിവാളും കുരുമുളക് സ്‌പ്രേയും കത്തിയും ബോബും അടക്കമുള്ളവയുമായാണ് എത്തിയത്. ഇതേ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ നാട്ടുകാരിൽ നിന്നും ഒപ്പ് ശേഖരണം നടത്തി വെസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പ്രതികൾ കല്ലുമട ഷാപ്പിലുണ്ടെന്ന വിവരം ലഭിച്ചു. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി.ശ്രീജിത്ത്, രാധാകൃഷ്ണപിള്ള, എ.എസ്.ഐ കെ.കെ മനോജ്,സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു, നവീൻ, വിഷ്ണു ദാസ് എന്നിവരുടെ നേതൃത്വത്തിൽ കല്ലുമട ഷാപ്പിൽ എത്തി. പൊലീസിനെ കണ്ടതോടെ പ്രതികൾ ഷാപ്പിലുണ്ടായിരുന്ന സാധനങ്ങൾ പൊലീസിനു നേരെ വലിച്ചെറിഞ്ഞ ശേഷം ആറ്റിൽ ചാടി. എന്നാൽ, നാലു പ്രതികളിൽ വിനീത് സഞ്ജയനെ മാത്രമാണ് പൊലീസിനു പിടികൂടാൻ സാധിച്ചത്. ബാക്കിയുള്ളവർ നീന്തിരക്ഷപെട്ടു.