ഗുണ്ടയേ വിട ക്രിമിനലേ വിട: കോട്ടയം ക്ലീനാക്കി മാറ്റാൻ എം.ജെ അരുണും സംഘവും; തട്ടുകടക്കാരെയും അലോട്ടിയെയും തട്ടിയതിനു പിന്നാലെ വിനീത് സഞ്ജയനേയും പൊക്കി അകത്താക്കി

ഗുണ്ടയേ വിട ക്രിമിനലേ വിട: കോട്ടയം ക്ലീനാക്കി മാറ്റാൻ എം.ജെ അരുണും സംഘവും; തട്ടുകടക്കാരെയും അലോട്ടിയെയും തട്ടിയതിനു പിന്നാലെ വിനീത് സഞ്ജയനേയും പൊക്കി അകത്താക്കി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: ഗുണ്ടയേ വിട, ക്രിമിനലേ വിട എന്നു പ്രഖ്യാപിച്ച് തൊപ്പിയും ബെൽറ്റും മുറുക്കി വെസ്റ്റ് പൊലീസ് രംഗത്തിറങ്ങിയതോടെ കോട്ടയം ക്ലീനാകുന്നു. ഗുണ്ടാ സംഘത്തലവൻമാരായ അലോട്ടിയും, വിനീത് സഞ്ജയനും അകത്തായതോടെ നഗരത്തിലെ ഗുണ്ടാപ്പട ഒന്ന് അടങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെ ഗുണ്ടകൾക്ക് താവളം ഒരുക്കിയിരുന്ന റോഡരികിലെ തട്ടുകടകൾ തെറിപ്പിക്കാനും പൊലീസ് ശക്തമായ നടപടികളുമായി രംഗത്തിറങ്ങുക കൂടി ചെയ്തതോടെ ജില്ലാ പൊലീസിന്റെ പ്രവർത്തനങ്ങൾ കൃത്യമായ സ്ഥലത്ത് തന്നെ കൊണ്ടു തുടങ്ങിയിട്ടുണ്ട്.
തിരുവോണത്തലേന്ന് ആർപ്പൂക്കര വില്ലൂന്നിയിൽ രണ്ടു യുവാക്കളെ വെട്ടുകയും, വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്യുകയും ചെയ്ത കേസിൽ ഏഴംഗ സംഘത്തെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ വൻ നടപടികളാണ് പൊലീസ് ആരംഭിച്ചത്. ഇതിനിടെയാണ് നഗരമധ്യത്തിൽ കൊറിയർ സ്ഥാപനത്തിൽ ആക്രമണം നടത്തി ഗുണ്ടാ സംഘം ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളായ ബാദുഷയെയും സംഘത്തെയും പൊലീസ് പിടികൂടി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാദുഷായ്ക്കും സംഘത്തിനും പിന്നിൽ ഗുണ്ടാസംഘത്തലവൻ അലോട്ടിയാണെന്നു പൊലീസിനു സൂചന ലഭിച്ചത്. തുടർന്ന് അലോട്ടിയെയും പൊലീസ് സംഘം പിടികൂടി.
ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നഗരത്തിലെ തട്ടുകടകളും വഴിയോരക്കച്ചവട കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് വഴിയോരങ്ങളിൽ ലൈസൻസില്ലാതെ കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചത്. ഇതോടെ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടു പോയി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവരുടെ പിൻതുണയോടെ ക്ലീൻ കോട്ടയം പദ്ധതി നടപ്പാക്കുകയായിരുന്നു ഇൻസ്‌പെക്ടർ എം.ജെ അരുൺ. തുടർന്നാണ് ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. അയ്മനത്ത് ഡിവൈഎഫ്‌ഐ നേതാക്കളെ ഭീഷണിപ്പെടുത്തുകയും, വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്ത വിനീത് സഞ്ജയനെ പിടികൂടിയതോടെയാണ് നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുടെ പട്ടിക പൂർത്തിയായി.