play-sharp-fill
വാക്‌സിനെടുക്കുന്ന കേന്ദ്രമോ കൊവിഡ് വിതരണ കേന്ദ്രമോ..! രണ്ടാം ഘട്ട വാക്‌സിൻ വിതരണകേന്ദ്രമായ ബേക്കർ സ്‌കൂളിൽ സാമൂഹിക അകലം പാലിക്കാതെ ക്യൂ; രോഗ സാധ്യത ഇരട്ടിയാകുന്നു; നിയന്ത്രണങ്ങൾക്ക് ആളില്ലാതെ വാക്‌സിൻ വിതരണ കേന്ദ്രം

വാക്‌സിനെടുക്കുന്ന കേന്ദ്രമോ കൊവിഡ് വിതരണ കേന്ദ്രമോ..! രണ്ടാം ഘട്ട വാക്‌സിൻ വിതരണകേന്ദ്രമായ ബേക്കർ സ്‌കൂളിൽ സാമൂഹിക അകലം പാലിക്കാതെ ക്യൂ; രോഗ സാധ്യത ഇരട്ടിയാകുന്നു; നിയന്ത്രണങ്ങൾക്ക് ആളില്ലാതെ വാക്‌സിൻ വിതരണ കേന്ദ്രം

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടാം ഘട്ട വാക്‌സിൻ വിതരണം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് പരമ്പരാഗത രീതികളെ തന്നെ ആശ്രയിച്ചതോടെ ബേക്കർ സ്‌കൂൾ മൈതാനം വാക്‌സിൻ വിതരണ കേന്ദ്രത്തിനു പകരം കൊവിഡ് വിതരണ കേന്ദ്രമായി മാറി. സാമൂഹിക അകലമോ, മറ്റ് നിയന്ത്രങ്ങളോ പാലിക്കാതെ സാധാരണക്കാരായ ആളുകൾ വാക്‌സിൻ എടുക്കാൻ ഒത്തു കൂടിയതോടെ കൊവിഡ് രോഗ പ്രതിരോധ തത്വങ്ങളെല്ലാം ആരോഗ്യ വകുപ്പ് തന്നെ മറന്ന സ്ഥിതിയായി. രണ്ടാം ഘട്ട വാക്‌സിൻ സ്വീകരിക്കുന്നതിനായി അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ കൂട്ടത്തോടെ എത്തിയതാണ് രോഗ്പ്രതിരോധ തത്വങ്ങളെല്ലാം കാറ്റിൽപറത്തിയത്.

തിങ്കളാഴ്ച രാവിലെ മുതൽ ബേക്കർ സ്‌കൂളിൽ രണ്ടാം ഘട്ട കൊവാക്‌സിൻ വിതരണം ആരംഭിക്കുമെന്നു മാധ്യമങ്ങളിലൂടെ ആരോഗ്യ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ അറിയിപ്പ് നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ എന്നാൽ, ആളുകൾ ഒത്തു കൂടുമെന്നത് കണക്കിലെടുത്ത് വേണ്ട നിയന്ത്രണങ്ങൾ ഒന്നും ഇവിടെ ഒരുക്കിയതുമില്ല. ഇതോടെയാണ് രാവിലെ മുതൽ തന്നെ ബേക്കർ സ്‌കൂളിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ആളുകൾ തടിച്ചു കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വാക്‌സിൻ സ്വീകരിച്ചവരെല്ലാം ബേക്കർ സ്‌കൂളിലെ കേന്ദ്രത്തിൽ മൊബൈൽ നമ്പർ അടക്കം നൽകിയിരുന്നു. എന്നാൽ, ഈ സാധ്യതകളൊന്നും ഉപയോഗിക്കാതെയാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് തന്നെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം വരവ് അതിരൂക്ഷമായിരിക്കെയാണ് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ജാഗ്രതാ നിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ആളുകൾ ഒത്തു കൂടുന്നതിനു ഇടയാക്കുന്ന രീതിയിൽ പ്രവർത്തിച്ചത്.

രാവിലെ എട്ടു മണിമുതൽ ബേക്കർ സ്‌കൂളിൽ ആളുകൾ തടിച്ചു കൂടിയിരുന്നു. ഇവിടെ എത്തിയവരിൽ പലരും വാക്‌സിൻ എടുത്തവരും വാക്‌സിൻ എടുക്കാത്തവരുമുണ്ടായിരുന്നു. എല്ലാവരെയും ഒരൊറ്റ ക്യൂവിലാണ് ആരോഗ്യ വകുപ്പ് അധികൃതർ നിർത്തിയത്. ഏത് ക്യൂവാണെന്നോ, നടക്കുന്ന പ്രവർത്തനങ്ങൾ എന്താണെന്നോ വിശദീകരിച്ചു നൽകാൻ ആളുകളുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ക്യൂവിന്റെ നിര ബേക്കർ സ്‌കൂളിൽ നിന്നും ബേക്കർ ജംഗ്ഷൻ വരെ നീണ്ടത്.

നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് വാക്‌സിൻ സ്വീകരിക്കുന്നതിനു കൃത്യ സമയം നിർദേശിച്ച് ഒരു സന്ദേശം ഫോണിലേയ്ക്ക് അയച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തിരക്കാണ് ഇപ്പോൾ പരിധികൾ എല്ലാം വിട്ടു പോയത്.