ഇനി ആധാർ അപ്‌ഡേഷനും അപേക്ഷിക്കലും കൂടുതൽ എളുപ്പത്തിൽ; രാജ്യത്തെ 122 നഗരങ്ങളിൽ 166 കേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി യുഐഡിഎഐ
ന്യൂഡൽഹി: ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതൽ സുഗമമാക്കാൻ രാജ്യത്തെ 122 നഗരങ്ങളിൽ 166 കേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി യുഐഡിഎഐ.നിലവിൽ രാജ്യത്ത് 130 കോടി ആധാർ കാർഡുകൾ അനുവദിച്ചിട്ടുണ്ട്.
ആധാർ സേവാകേന്ദ്രങ്ങളിൽ ഓൺലൈൻ അപ്പോയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ടോക്കൺ നൽകിയാണ് അപേക്ഷയുടെ ഓരോ ഘട്ടവും പൂർത്തിയാക്കുന്നത്.
നിലവിൽ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള 52,000 എന്റോൾമെന്റ് സെന്ററുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഇവ പ്രവർത്തിക്കുന്നുണ്ട്. പുതിയ 166 ആധാർ സേവാകേന്ദ്രങ്ങളിൽ 55 എണ്ണം പ്രവർത്തനം ആരംഭിച്ചതായി യുഐഡിഎഐ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരങ്ങളിൽ പുതിയ കേന്ദ്രങ്ങൾ വരുന്നതോടെ ആധാറിന് അപേക്ഷിക്കുന്നതും പരിഷ്‌കരിക്കുന്നതും കൂടുതൽ എളുപ്പമാവുമെന്ന് യുഐഡിഎഐ പറയുന്നു. ഇതിനായി മൂന്ന് തരത്തിലുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് യുഐഡിഎഐ ആലോചിക്കുന്നത്.
പ്രതിദിനം ആധാറിന് വേണ്ടിയുള്ള അപേക്ഷകളും പുതുക്കുന്നതിനുള്ള അപേക്ഷകളും ആയിരം വീതം കൈകാര്യം ചെയ്യാൻ സാധിക്കുന്ന മോഡൽ ആധാർ സേവാകേന്ദ്രങ്ങളാണ് ആദ്യ വിഭാഗം. 500 അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന മോഡൽ ബി കേന്ദ്രങ്ങളാണ് രണ്ടാമത്തെ വിഭാഗം.
ഒരു ദിവസം 250 അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്.