വഴക്കിടുമ്പോഴെല്ലാം ഭാര്യക്ക് പിന്‍തുണയുമായി മാതാവും സഹോദരിയും എത്തിയിരുന്നത് വൈരാഗ്യം വർദ്ധിപ്പിച്ചു; ഇരുവരെയും വകവരുത്താന്‍ ലക്ഷ്യമിട്ടാണ് എത്തിയത്; കുട്ടിക്ക് അടിയേറ്റത് ലക്ഷ്യം തെറ്റി; ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ചിരുന്നെങ്കിലും കൈയില്‍ കരുതിയിരുന്ന വിഷം അട്ടയെ അകറ്റാന്‍ ഉപയോഗിക്കേണ്ടി വന്നു; ആമകണ്ടം കൊലകേസിൽ പ്രതിയുടെ മൊഴിയിൽ വ്യക്തതയില്ലെന്ന് പൊലീസ്
സ്വന്തം ലേഖിക
അടിമാലി: ഇടുക്കി ആനച്ചാല്‍ ആമക്കണ്ടത്ത് ആറ് വയസുകാരന്റെ മരണത്തിനും മാതാവിനും മുത്തശിക്കും ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതി വണ്ടിപ്പെരിയാര്‍ സ്വദേശി സുനില്‍ക്കുമാറിൻ്റെ മൊഴിയിൽ വ്യക്തതയില്ലെന്ന് പൊലീസ്.
വഴക്കിടുമ്പോഴെല്ലാം മാതാവും സഹോദരിയും ഭാര്യയെ പിന്തുണയ്ക്കുന്നതാണ് തന്നിൽ വൈരാഗ്യം ഉണ്ടാകാൻ കാരണമെന്ന് സുനിൽകുമാർ പൊലീസിനോട് പറഞ്ഞു. ഒച്ചപ്പാടിനെത്തുടര്‍ന്ന് നാട്ടുകാര്‍ നാടുകടത്തിയപ്പോഴും ഇവര്‍ ഇരുവരും പിന്‍തുണച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമൂലമാണ് ഭര്യയോട് വേര്‍പിരിഞ്ഞ് താമസിക്കേണ്ടി വന്നതും. ഇതോടെ ഇവരോട് വൈരാഗ്യം ഇരട്ടിയായി. ഇരുവരെയും വകവരുത്താന്‍ ലക്ഷ്യമിട്ടാണ് എത്തിയത്. എന്നാൽ കുട്ടിക്ക് അടിയേറ്റത് ലക്ഷ്യം തെറ്റിയാണെന്നും സുനിൽകുമാർ പറഞ്ഞു.
ആത്മഹത്യചെയ്യാന്‍ ഉറപ്പിച്ചിരുന്നെങ്കിലും കൈയില്‍ക്കരുതിയിരുന്ന വിഷം അട്ടയെ അകറ്റാന്‍ ഉപയോഗിക്കേണ്ടി വന്നതിനാല്‍ അതിന് സാധിച്ചില്ല. ഇക്കാര്യങ്ങള്‍ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലന്നും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടന്നുവരികയാണെന്നുമാണ് സൂചന.
കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായിരുന്നെന്നും വൈകുന്നേരങ്ങളില്‍ മദ്യപിക്കാറുണ്ടെന്നും വീട്ടില്‍ ഭക്ഷണം കഴിക്കുന്ന പാത്രം വരെ ഭാര്യ തന്നെക്കൊണ്ട് കഴുകിച്ചിരുന്നെന്നും ഇതെച്ചൊല്ലിയാണ് വീട്ടില്‍ ഒച്ചപ്പാട് ഉണ്ടായിരുന്നതെന്നും മറ്റും സുനില്‍ക്കുമാര്‍ പൊലീസിനോട് സമ്മതിച്ചതായും വിവരമുണ്ട്. എന്നാൽ ഇയാളുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും ഔദ്യോഗീകസ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല.
ആമക്കണ്ടത്ത് പണിക്കെത്തിയപ്പോഴാണ് ഷൈലയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലാവുകയും മതം മാറി വിവാഹം കഴിക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ സുനില്‍ക്കുമാറിനെ ഇന്നലെ രാത്രിയോടെ വെള്ളത്തൂവലിനടുത്ത് മുതുവാന്‍കുടിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടടുത്താണ് ആക്രമണം സംബന്ധിച്ച് അയല്‍വാസികള്‍ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിക്കുകയും പരിക്കേറ്റു കിടന്നവരെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ഇവിടുത്തെ ഡോക്ടറുടെ പരിശോധനയിലാണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ആനച്ചാല്‍ ആമക്കണ്ടത്ത് താമസിച്ചുവരുന്ന സഫിയ(32)മകന്‍ അബ്ദുള്‍ ഫത്താഹ് റെയ്ഹാന്‍ (6)സഫിയയുടെ ഉമ്മ സൈനബ(70) എന്നിവരെയാണ് സഫിയയുടെ സഹോദരി ഷൈലയ്ക്കൊപ്പം താമസിച്ചിരുന്ന സുനില്‍കുമാര്‍ അതിക്രൂരമായി ആക്രമിച്ചത്.
സഫിയയുടെ മൂത്തമകളാണ് നേരം പുലര്‍ന്ന ശേഷം വിവരം നാട്ടുകാരെ അറിയിച്ചത്.
ആക്രണത്തെക്കുറിച്ച് സഫിയയുടെ മകള്‍ പുറത്തുവിട്ട വിവരം ഞെട്ടിക്കുന്നതായിരുന്നു. “മൂത്തുമ്മ സൈനബയെ സുനില്‍ക്കുമാര്‍ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്‌ത്തുന്നതുകണ്ട് വല്ലാത്ത ഭീതിയായി. മൂത്തുമ്മ തറയില്‍ വീണ്, അനക്കം നില്‍ക്കുന്നതുവരെ അയാള്‍ നോക്കി നിന്നു. തുടര്‍ന്ന് തന്നെ പിടിച്ചുവലിച്ച് സമീപത്തെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഹോദരനെയും ഉമ്മയെയും കണ്ടതോടെ ഭയപ്പാട് ഒന്നുകൂടി വര്‍ദ്ധിച്ചു. ഒപ്പം തന്നെയും വകവരുത്തുമെന്ന ഭീതിയും. ഏതാനും നിമഷങ്ങള്‍ക്കുള്ളില്‍ തന്നെയും കൊണ്ട് വീടിനടുത്തെ ഷെഡ്ഡിലേയ്ക്ക് പോയി. പിന്നെ ക്രൂരമര്‍ദ്ദനും ഭീഷിണിയും നേരിടേണ്ടി വന്നു.
ഉമ്മയെയും മൂത്തുമ്മയെയും കൊന്നത് ഭാര്യയോടൊപ്പം സ്വസ്തമായി കഴിയാന്‍ സമ്മതിക്കാത്തതുകൊണ്ടാണെന്ന് ഇനിതിടയില്‍ ഇയാള്‍ പറയുന്നുണ്ടായിരുന്നു. ഏറെ നേരം അയാള്‍ അവിടെ തടഞ്ഞുവച്ചു. പിന്നെ ഒരുതരത്തില്‍ ഇവിടെ നിന്നും രക്ഷപെട്ടു.
തുടര്‍ന്ന് അയല്‍വീട്ടിലെത്തി വിവരം ധരിപ്പിച്ചു. ഇതായിരുന്നു ഇന്നലെ പുലര്‍ച്ചെ താന്‍ നേരിട്ട ഭീതിജനകമായ നിമിഷങ്ങളെക്കുറിച്ച് 15 കാരി പൊലീസിനോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയ വിവരം.
ആക്രമണത്തില്‍ ഫത്താഹിന്റെ തലയോട്ടി പൊട്ടിയിരുന്നു. സഫിയയെയും മാതാവ് സൈനബയെയും വിദഗ്ധചികത്സയ്ക്കായി ആദ്യം കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. സഫിയയുടെ കവിളിന്റെ ഭാഗത്ത് അഴത്തില്‍ മുറിയുകയും പല്ല് അടര്‍ന്നുപോകുകയും ചെയ്തിട്ടുണ്ട്.
സൈനബയ്ക്കും തലയ്ക്കാണ് അടിയേറ്റിട്ടുള്ളത്. ആക്രണം നടത്തിയ സുനില്‍ക്കുമാര്‍ വണ്ടിപ്പെരിയാര്‍ സ്വദേശിയാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
ഭാര്യയെയും രണ്ട് ആണ്‍മക്കളെയും ഉപേക്ഷിച്ചാണ് ഇയാള്‍ ഷാന്‍ മുഹമ്മദ് എന്നപേര് സ്വീകരിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൈലയോടൊപ്പം ആമക്കണ്ടത്ത് താമസം ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഷൈലയൊടൊപ്പം താമസം ആരംഭിച്ചതുമായി ബന്ധപ്പെട്ട് സുനില്‍ കുമാറിനെതിരെ പീരിമേട് കോടതിയില്‍ ആദ്യ ഭാര്യ കേസ് ഫയല്‍ ചെയ്തിരുന്നു.
ഷൈലയുടെയും സഹോദരി സഫിയയുടെയും ഇരുവരുടെ മാതാവ് സൈനബയുടേതുമുള്‍പ്പടെ മൂന്നുവീടുകള്‍ അടുത്തടുത്താണ് സ്ഥിതിചെയ്തിരുന്നത്.ഇതില്‍ ഷൈലയും സഫിയയും തമ്മില്‍ അതിര്‍ത്തിതര്‍ക്കം ഉണ്ടായെന്നും ഈയവസരത്തില്‍ സഫിയക്ക് മര്‍ദ്ദനമേറ്റിരുന്നെന്നുമുള്ള വിവരവും സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു.
ഫത്താഫിന്റെ മൃതദ്ദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതിന്റെയും സുനില്‍ക്കുമാറില്‍ നിന്നുണ്ടായ ഭീഷിണിയുടെയും മര്‍ദ്ദനത്തിന്റെയും ആഘാതത്താലും മാനസീകമായി തളര്‍ന്ന പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്.