ജനറൽ വാർഡിൽ വനിതാ സ്ഥാനാർത്ഥി: കോട്ടയം നഗരസഭ 31 ആം വാർഡിലെ സ്ഥാനാർത്ഥിയ്‌ക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു പ്രതിഷേധിക്കുന്നു; പ്രചാരണത്തിന് ഇറങ്ങിയത് സ്ഥാനാർത്ഥിയും കുടുംബക്കാരും മാത്രം

ജനറൽ വാർഡിൽ വനിതാ സ്ഥാനാർത്ഥി: കോട്ടയം നഗരസഭ 31 ആം വാർഡിലെ സ്ഥാനാർത്ഥിയ്‌ക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു പ്രതിഷേധിക്കുന്നു; പ്രചാരണത്തിന് ഇറങ്ങിയത് സ്ഥാനാർത്ഥിയും കുടുംബക്കാരും മാത്രം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജനറൽ വാർഡിൽ മത്സരിക്കാനിറങ്ങിയ വനിതാ സ്ഥാനാർത്ഥിയായ നിലവിലെ കൗൺസിലർക്കെതിരെ പ്രതിഷേധം. കോട്ടയം നഗരസഭയിലെ 31 ആം വാർഡിലെ വനിതാ സ്ഥാനാർത്ഥി ഷീനാ ബിനുവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. പ്രദേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ പ്രചാരണത്തിൽ നിന്നും വിട്ടു നിന്നതോടെ സ്ഥാനാർത്ഥിയും രണ്ടോ മൂന്നോ കുടുംബാംഗങ്ങളും മാത്രമാണ് ഇപ്പോൾ പ്രചാരണത്തിനുള്ളത്.

സി.പി.എമ്മിന്റെ കോട്ടയായ വാർഡിൽ കഴിഞ്ഞ തവണ നൂറ്റമ്പതിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷീന ബിനു വിജയിച്ചത്. എന്നാൽ, അഞ്ചു വർഷം കൊണ്ട് വാർഡിൽ ഷീനയിക്കെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്. ജനകീയ പ്രശ്‌നങ്ങളിൽ ഒന്നും ഇടപെടാതെ, കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും നടത്താതെയാണ് ഷീനാ ബിനു പ്രവർത്തിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഇത്തരത്തിലുള്ള എതിർപ്പുകൾ നിലനിൽക്കെയാണ് ഷീന ബിനുവിനെ തന്നെ വീണ്ടും വാർഡിൽ സ്ഥാനാർത്ഥിയാക്കിയത്. പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെ അടക്കം എതിർപ്പ് അവഗണിച്ചാണ് ഷീനയെ ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ഇതിനെതിരെ ആദ്യഘട്ടത്തിൽ പ്രദേശത്ത് റിബൽ സ്ഥാനാർത്ഥി ഭീഷണി ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ ഇടപെട്ടാണ് വാർഡിലെ റിബൽ ഭീഷണി ഒതുക്കിത്തീർത്തത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥിയെ ഉപേക്ഷിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. 31 ആം വാർഡിലെ സ്ഥിരം സജീവ കോൺഗ്രസ് പ്രവർത്തകരെല്ലാം പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ബോർഡ് എഴുതാനും, ചുവരെഴുതാനും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോൾ.

സ്ഥാനാർത്ഥിയ്‌ക്കൊപ്പം പ്രചാരണത്തിനിറങ്ങാൻ ആളില്ലാത്തതിനാൽ രണ്ടോ മൂന്നു പേരോടൊപ്പമാണ് ഇപ്പോൾ ഷീന ബിനു പ്രചാരണത്തിനിറങ്ങുന്നത്. ഇവിടെ ഇടതു സ്ഥാനാർത്ഥിയായി കെ.ആർ ചന്ദ്രബാനുവും, ബി.ജെ.പി സ്ഥാനാർത്ഥിയായി അരുൺ മൂലേടവുമാണ് മത്സരിക്കുന്നത്. തുമ്പയിൽ മോഹനനനും, മോളി സുരേഷും സ്വതന്ത്രരായി മത്സര രംഗത്തുണ്ട്.