കെ. സുധാകരന്റെ എതിർപ്പുകൾ തള്ളിപ്പറഞ്ഞ് മുതിർന്ന നേതാക്കൾ ; പടലപിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിൽ മത്സരം താനും ഉമ്മൻ‌ചാണ്ടിയും തമ്മിൽ ആയേനെ എന്ന് രമേശ് ചെന്നിത്തല ; രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥിപട്ടികയെന്ന് മുല്ലപ്പള്ളി

കെ. സുധാകരന്റെ എതിർപ്പുകൾ തള്ളിപ്പറഞ്ഞ് മുതിർന്ന നേതാക്കൾ ; പടലപിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിൽ മത്സരം താനും ഉമ്മൻ‌ചാണ്ടിയും തമ്മിൽ ആയേനെ എന്ന് രമേശ് ചെന്നിത്തല ; രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥിപട്ടികയെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ എതിര്‍പ്പുകളുമായി കെ സുധാകരന്‍ രംഗത്ത് വന്നപ്പോൾ അതിനെ തള്ളിപ്പറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വിപ്ലവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അറുപത് ശതമാനം പുതുമുഖങ്ങള്‍ക്ക് കോൺഗ്രസ്‌ അവസരം കൊടുത്ത. ഇങ്ങനെ അവസരം നൽകിയ ഒരു പാര്‍ട്ടിയും വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഗ്രൂപ്പ് പരിഗണനകള്‍ ഇല്ലായിരുന്നു. പടല പിണക്കങ്ങളുമില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ താനും ഉമ്മന്‍ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നതെന്നു അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സുധാകരന്റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

 

സുധാകരന്‍ കോണ്‍ഗ്രസിന്റെയൊരു പ്രധാന നേതാവാണ്. പിണറായി സര്‍ക്കാരിനെ താഴെയിറക്കി ഒരു സര്‍ക്കാര്‍ വരികയെന്നുള്ളതാണ് പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാവരും അതിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമൊന്നും ഇനി സ്ഥാനമില്ല. ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അപ്പോഴേക്കും ചിത്രം വ്യക്തമാകുമെന്നും യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി പി എമ്മും ബിജെപിയും തമ്മില്‍ വലിയ അന്തര്‍ധാര നിലവിലുണ്ട്.

 

രണ്ട് പേരുടെയും ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. അതുകൊണ്ടാണ് മലമ്പുഴയിൽ ആരേയും അറിയാത്ത സ്ഥാനാര്‍ത്ഥിയെ ഇറക്കിയത്. മഞ്ചേശ്വരത്തും ഇതാണ് സ്ഥിതിയെന്നും ചെന്നിത്തല ആരോപിച്ചു.

ലതികാസുഭാഷുമായി ഇനി ചര്‍ച്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു

അതേസമയം കെ.സുധാകരന്‍ തന്റെ മുന്‍നിലപാട് ആവര്‍ത്തിച്ചു വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തിയില്ലെന്ന് കെ സുധാകരന്‍ തുറന്നുപറഞ്ഞു. പട്ടികയില്‍ പോരായ്മയുണ്ട്. അക്കാര്യം തുറന്നു പറയുന്നതില്‍ ഭയപ്പാടുമില്ല, മടിയുമില്ല. ഈ പട്ടിക വച്ച്‌ മുന്നോട്ടുപോകാനേ നിവൃത്തിയുള്ളൂ. പ്രശ്നങ്ങളും പരാതികളും നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് പാര്‍ട്ടിയുടെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു .

 

മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും സുധാകരന്‍ പറഞ്ഞു. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ആ ചലഞ്ച് ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ”നമുക്ക് ഇപ്പോള്‍ ഇവിടെ നിരവധി പേരുണ്ട്. അപ്പോള്‍ ഞാന്‍ വേഷം കെട്ടേണ്ടല്ലോ. ഞാന്‍ ഇപ്പോള്‍ എംപിയാണ്.” സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് യോഗ്യനായ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതീക്ഷ കുറവാണെങ്കിലും വിജയപ്രതീക്ഷയുണ്ട്. പ്രതീക്ഷയ്ക്ക് കാരണം ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയാണ്. സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാമത്തെ കാര്യം മാത്രമെന്ന് സുധാകരന്‍ പറഞ്ഞു.

 

ഇരിക്കൂര്‍ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എപ്പോഴും താന്‍ ശുഭാപ്തി വിശ്വാസിയാണ്. പ്രശ്നം തീരണം, തീര്‍ക്കണം. കെ സുധാകരന്‍ കാര്യങ്ങള്‍ അറിയാതെയാണ് പ്രതികരിക്കുന്നത് എന്നതു സംബന്ധിച്ച്‌ രമേശ് ചെന്നിത്തലയുടെ പ്രസ്താവന താന്‍ കേട്ടില്ല. അങ്ങനെ ചെന്നിത്തല പറഞ്ഞെങ്കില്‍ അത് അദ്ദേഹത്തിന്റെ തോന്നലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും വന്ന തെറ്റായ പ്രസ്താവനയുമാണെന്ന് സുധാകരന്‍ പറഞ്ഞു.

 

അതേസമയം കേരളത്തിലേത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കി. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ലതിക സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ മക്കള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം യുഡിഎഫ് ആലോചിച്ച്‌ പറയുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും  ഇന്ന് ബാക്കി സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകാനാണ് സാധ്യത.

Tags :