play-sharp-fill
പുകച്ചിലിനും പൊട്ടിത്തെറികള്‍ക്കുമൊടുവില്‍ വെടിനിര്‍ത്തല്‍; ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിച്ച് വി.ഡി സതീശന്‍; സമ്പൂര്‍ണ്ണ മുന്നണിയോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്ന് സൂചന; ഘടക കക്ഷികളുമായുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കും; കലങ്ങിത്തെളിഞ്ഞ് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍

കോട്ടയം: ഡിസിസി അദ്ധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പുകച്ചിലിനും പൊട്ടിത്തെറികള്‍ക്കുമൊടുവില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആശയവിനിമയം നടത്തി. പുതിയ നേതൃത്വം അധികാരമേറ്റ ശേഷമുള്ള സമ്പൂര്‍ണ്ണ യോഗം തിങ്കളാഴ്ച നടക്കും. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുവരെയും സതീശന്‍ നേരിട്ട് വിളിച്ച് പറഞ്ഞു. അനുനയശ്രമത്തിനാണ് പ്രതിപക്ഷനേതാവ് മുന്‍കൈ എടുത്തിരിക്കുന്നത്.

യോഗത്തില്‍ സമവായശ്രമം കണ്ടെത്തുകയാണ് ലക്ഷ്യം. ഘടക കക്ഷികളുമായുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കും. ഘടകകക്ഷികളായ ആര്‍എസ്പി, മുസ്ലീം ലീഗ് എന്നിവര്‍ക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ അതൃപ്തിയുണ്ട്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ആര്‍എസ്പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ ചേര്‍ത്ത് നിര്‍ത്തുകയാണ് പുതിയ നേതൃത്വം. പാര്‍ട്ടിക്ക് മുകളിലല്ല ഗ്രൂപ്പുകളെന്നും പുരക്ക് മീതെ വളര്‍ന്ന മരമാണെങ്കില്‍ വെട്ടിമാറ്റുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പങ്കെടുത്തത്.