അവസാനലാപ്പിലും ആശങ്കയുടെ മുൾമുനയിൽ യുഡിഎഫ് ; കലാശക്കൊട്ടിലും പ്രചരണരംഗത്തും ആളെ കിട്ടിയില്ല
കോട്ടയം : പ്രചരണത്തിന്റെ ആദ്യഘട്ടം മുതൽ യുഡിഎഫിലെ ഉലച്ച ആശങ്ക കലാശക്കൊട്ടിലും പ്രകടമായി. ആളെക്കിട്ടാതെ വന്നതോടെ തട്ടിക്കൂട്ട് കലാശക്കൊട്ടായി മാറിയത് മുന്നണിയിൽ വലിയ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിതെളിച്ചു.
കോട്ടയത്തും വിവിധ നിയോജകമണ്ഡല ആസ്ഥാനങ്ങളിലുമാണ് യുഡിഎഫ് കലാശക്കൊട്ട് ലക്ഷ്യമിട്ടിരുന്നത്. ആളെ കിട്ടാതെ വന്നതോടെ പരിപാടി വെറും വഴിപാടായത് മുന്നണിക്കും നാണക്കെടായി. കോൺഗ്രസും കേരളാ കോൺഗ്രസും പരസ്പരം പോരടിക്കുന്ന നിലയിലേക്ക് ആളില്ലാ പരിപാടി വഴിതെളിച്ചു.
വൈക്കത്ത് കലാശക്കൊട്ട് നടന്നെന്നു പോലും പറയാനാവാത്ത സ്ഥിതിയിലായിരുന്നു കാര്യങ്ങൾ. കടുത്തുരുത്തിയിൽ പിടിച്ചുനിന്നെങ്കിലും പാലായിൽ അംഗബലം ഇരുനൂറകടത്താൻ യുഡിഎഫിന് കഴിഞ്ഞില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നൂറുശതമാനം ഫണ്ട് വിനിയോഗിച്ചുവെന്നത് പകൽപോലെ സത്യമാണെന്നിരിക്കെ ഇത് വ്യാജമാണെന്ന് യുഡിഎഫ് നേതാക്കൾ പ്രചരിപ്പിച്ചത് അണികളിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ശാന്തശീലനും പ്രതിപക്ഷ ബഹുമാനവും പുലർത്തുന്ന തോമസ് ചാഴികാടന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാൻ യുഡിഎഫിന് കഴിയില്ലെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു.
മുന്നണി ജില്ലാ ചെയർമാന്റെ രാജിയടക്കം ഉയർത്തിയ പ്രതിസന്ധികളെ മറികടക്കാനും യുഡിഎഫിന് കഴിഞ്ഞില്ല. എൻഡിഎ പാളയത്തിലെത്തിയ സജി മഞ്ഞക്കടമ്പൻ ജോസഫ് വിഭാഗത്തിലെ ചില വ്യക്തികളുടെ മോൽക്കോയ്മയെക്കെതിരെ ശക്തമായ നിലപാടെടുത്തതിനേയും മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല.
പി.സി തോമസ് കെ.എം മാണിയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനപ്പുറം പ്രചരണരംഗത്ത് സജീവസാന്നിധ്യവുമായില്ലെന്നതും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർത്ഥി നടത്തിയിട്ടുള്ള രാഷ്ട്രീയ മലക്കം മറിച്ചിലുകൾ ഇനിയും തുടരുമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രചരിപ്പിച്ചതും വലിയ തിരിച്ചടിയായി. ജോസഫ് ഗ്രൂപ്പിലെ ഉൾപ്പാർട്ടി പ്രശ്‌നങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരിക്ഷകരുടെ വിലയിരുത്തൽ.
ഉറച്ച രാഷ്ട്രീയ നിലപാട് പുലർത്തുകയും ഒരേ ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്തിട്ടുള്ള തോമസ് ചാഴികാടനാവും ഇന്ത്യമുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കുകയെന്ന നിലപാട് ചില നേതാക്കൾ നേരിട്ടുതന്നെ യുഡിഎഫ് ക്യാമ്പുകളിൽ പ്രകടിപ്പിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യം തന്നെ യുഡിഎഫ് ക്യാമ്പിലെ നേതാക്കളുടെ മ്ലാനവദനങ്ങളിലൊന്നിലും പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞില്ലെന്നതാണ് സ്ഥിതി.