കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്‌ഥാനത്ത്‌ 55 പേര്‍ക്കെതിരെ യുഎപിഎ കേസ് എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; പ്രതികളിൽ അഞ്ചുപേര്‍ 30 വയസിന് താഴെയുള്ളവർ

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്‌ഥാനത്ത്‌ 55 പേര്‍ക്കെതിരെ യുഎപിഎ കേസ് എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; പ്രതികളിൽ അഞ്ചുപേര്‍ 30 വയസിന് താഴെയുള്ളവർ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്‌ഥാനത്ത്‌ 55 പേര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ യുഎപിഎ ചുമത്തിയതില്‍ അഞ്ചുപേര്‍ 30 വയസിന് താഴെയുള്ളവരാണെന്നും മന്ത്രി വ്യക്‌തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ശിക്ഷ വിധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ട് എങ്കിലും ഇക്കാര്യം മുൻനിർത്തി നിയമത്തില്‍ ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നില്ല. വിചാരണ കാലയളവ്, സാക്ഷിമൊഴി തുടങ്ങി വിവിധ കാരണങ്ങള്‍ കണക്കിലെടുത്താണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. രാജ്യത്ത് എത്രപേര്‍ യുഎപിഎ ചുമത്തപ്പെട്ട് കസ്‌റ്റഡിയില്‍ മരിച്ചിട്ടുണ്ട് എന്നതിന് കൃത്യമായ കണക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 2020ല്‍ ഏറ്റവും കൂടുതല്‍ യുഎപിഎ ചുമത്തിയത് ഉത്തര്‍പ്രദേശിലാണെന്ന് നിത്യാനന്ദറായ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പൻ ഉൾപ്പടെ 361 പേരെയാണ് ഉത്തര്‍പ്രദേശ് പോലീസ് കഴിഞ്ഞ വര്‍ഷം യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തത്‌.

2016 മുതൽ രാജ്യത്ത് 7243 പേരെയാണ് യുഎപിഎ കേസില്‍ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്‌. ഇതില്‍ 286 പേര്‍ കുറ്റവിമുക്‌തരായി. 25 കേസുകള്‍ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചിരുന്നു.