മാധ്യമ പ്രവർത്തകരുടെ ദുരന്തം കണ്ട് കയ്യടിച്ച് ആർത്ത് ചിരിക്കുന്നവർ; ഭാവയായിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

മാധ്യമ പ്രവർത്തകരുടെ ദുരന്തം കണ്ട് കയ്യടിച്ച് ആർത്ത് ചിരിക്കുന്നവർ; ഭാവയായിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശ്രീകുമാർ

കോട്ടയം: മുണ്ടാറിൽ രണ്ട് സഹപ്രവർത്തകരുടെ ദാരുണ ദുരന്തം കണ്ട് കണ്ണ് നറഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് മാധ്യമ ലോകം മുഴുവനും. ലോകത്തിന്റെ ദുരിതം സമൂഹത്തെ അറിയിക്കാൻ സ്വന്തം കഷ്ടപ്പാടുകൾ ഉള്ളിലൊളിപ്പിച്ച് ചാടിയിറങ്ങിയതാണ് അവർ. പക്ഷേ, അവർ ചെന്ന് വീണത് ദുരന്തത്തിന്റെ ദുരിതത്തിന്റെ മരണത്തിന്റെ നിലയില്ലാക്കയത്തിലാണ്. പക്ഷേ, ആ ജീവിതങ്ങളെയും പരിഹസിക്കാൻ മലയാളി അരയും തലയും മുറുക്കി ഇറങ്ങുകയാണ്. മലയാളിയുടെ സോഷ്യൽ മീഡിയ സാഡിസത്തിന്റെ മറ്റൊരു ഭാവമാകുകയാണ് ഇന്ന് മുണ്ടാർ ദുരന്തം. ഈ ദുരന്ത വാർത്ത റിപ്പോർട്ട് ചെയ്ത വിവിധ ചാനലുകളുടെ ഫെയ്സ് ബുക്ക് പേജുകളിലും വാർത്താ ലിങ്കുകൾക്കും താഴെ ചിരിക്കുന്ന സ്മൈലി ഇട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ സാഡിസ്റ്റ് മലയാളി. ഇതേപ്പറ്റി തുറന്നെഴുതുകയാണ് അമൃത ടിവിയുടെ കോട്ടയം ബ്യൂറോ റിപ്പോർട്ടറും മുതിർന്ന മാധ്യമ പ്രവർത്തകനും ഭാവയാമി എന്ന പേരിൽ സോഷ്യമിൽ ലേഖനങ്ങൾ എഴുതുന്ന ആളുമായ ശ്രീജിത്ത്. ശ്രീജിത്തിന്റെ പോസ്റ്റ് ചുവടേ –

ഭാവയാമി ശ്രീജിത്ത്

‌മുണ്ടാറിനു മുകളിൽ രാത്രി മഴ
‌ചാറുമ്പോൾ തണുക്കുന്നതാർക്ക്?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കൂട്ടം ആളുകളുടെ ദുരിതം
സമൂഹ മധ്യത്തിൽ എത്തിക്കാൻ
കാര്യമായ ഒരു പ്രതിഫലേച്ഛയും കൂടാതെ മോശം കാലാവസ്ഥയെ അവഗണിച്ച്
വീട്ടിൽ കാത്തിരിക്കുന്ന കണ്ണുകളെ ഓർക്കാതെ, വാർത്ത തേടി പുറപ്പെട്ട് കാണാതായ രണ്ട് സഹോദരങ്ങളോടുള്ള സമൂഹത്തിന്റെ പ്രതികരണമാണ് താഴെ കാണുന്ന ചിത്രങ്ങളിൽ.

റിപ്പോർട്ടർ ചാനൽ ഓൺലൈനിൽ
വന്ന ആ ദുരന്തവാർത്ത കേട്ട് എഴുന്നൂറിൽ
75 പേർ ആർത്ത് ചിരിക്കുന്നു.

ഒരു ദിവസം മുഴുവൻ പണിയെടുത്ത് ഒരു വാർത്തക്ക് അഞ്ഞൂറു രൂപയിൽ താഴെ വരുമാനമുണ്ടാക്കുന്ന ഒരു പ്രാദേശിക ലേഖകനും, മാസം പതിനായിരം രൂപ തികച്ചു കിട്ടാതെ വാർത്താ സംഘത്തിനൊപ്പം രാവും പകലും തെക്കു വടക്കോടുന്ന ഒരു ചെറുപ്പക്കാരനേയും കാണാനില്ല എന്നറിഞ്ഞാണ് ഈ സന്തോഷം.

ഇവർ കൂടി ഉൾപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും, വിശേഷം കാണിക്കാനും,വാർത്തകൾ പറയാനും നടക്കുന്നതിനിടയിലാണ് അവർ മറഞ്ഞത്.

 

കേരളത്തിലെ മാധ്യമ പ്രവർത്തനമെന്ന
തൊഴിലിനു വേണ്ടി മരിക്കാൻ പോലും തയ്യാറാകുന്ന നികൃഷ്ട ജീവിയെ കല്ലെറിഞ്ഞോടിക്കണം.

ഭക്ഷണമില്ലാതെ, കുടുംബമില്ലാതെ, വിശ്രമമില്ലാതെ, ശമ്പളമില്ലാതെ
കാലു വെന്ത നായെ പോലെ
ഓടുന്ന അവനെ പരിഹസിക്കണം.

പുറകെ കൂക്കി വിളിച്ചു കൊണ്ടോടി
നീ ഇവിടെ ഇല്ലേലും
ഒരു പുല്ലുമില്ലന്ന് പറയണം.

ഇനിയൊരുത്തനും ഈ പണി
സ്വപ്നം കണ്ടിറങ്ങരുത്.

പൊതു ഖജനാവിൽ നിന്ന് പണം കൈപ്പറ്റി
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു ഉദ്യോഗസ്ഥനേക്കാളും, അഴിമതിക്കാരനായ ഭരണാധികാരിയെക്കാളും, മാഫിയയെക്കാളും, ചൂഷകരെക്കാളും, പീഡകരക്കാളും അവൻ മുങ്ങി താഴുമ്പോഴും കല്ലെറിയപ്പെടുകയും വിമർശിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ
അത് വാർത്തയോടൊപ്പം ചിലർ ചേർത്തു വിൽക്കുന്ന അജണ്ടയുടേയും നിലപാടിന്റേയും മത്സരത്തിന്റെയും പരിണിത ഫലം കൂടിയാണ്.

എല്ലാ മാലിന്യവും ഒഴുകി പോകുന്ന ഓവു ചാലു പോലെ പുറത്തിറങ്ങി ജോലി ചെയ്യുന്ന റിപ്പോർട്ടറും ക്യാമറാമാനും നാലുപാടും നിന്നുള്ള പ്രതികരണം സ്വയം ഏറ്റുവാങ്ങുന്നു.

അവന്റെ വീഴ്ചയിൽ, പ്രതിസന്ധി ഘട്ടത്തിൽ,കഷ്ടപാടിൽ ആർക്കു വേണ്ടിയാണോ അവൻ നിൽക്കുന്നത്
അവർ ആഹ്ളാദാരവം മുഴക്കുന്നു.

ഏതൊരു ദുരന്തമുഖത്തും വീഴ്ചയിലും ആഘാതമേറ്റവനൊപ്പം എതങ്കിലുമൊരു മാധ്യമത്തിന്റെ പ്രതിനിധി കാണും.
എന്നാൽ മാധ്യമ പ്രവർത്തകന്റെ ദുരിതത്തിൽ അവൻ തീർത്തും ഒറ്റയ്ക്കാണ്. അവന്റെ പ്രശ്നങ്ങൾ ഒരു മാധ്യമത്തിൽ കൂടിയും ലോകമറിയില്ല.

തുച്ഛമായ വരുമാനത്തിന് സ്വന്തം പ്രശ്നങ്ങൾ അവഗണിച്ച് ഒരു വാർത്തയുടെ അടുത്ത് മാധ്യമ പ്രവർത്തകനെത്തുന്നത് നിങ്ങൾ പറയും പോലെ അവന് ജീവിക്കാൻ വേണ്ടിയാണ്
പക്ഷെ അതിനവനെ പ്രേരിപ്പിക്കുന്ന ഘടകം
ഉള്ളിൽ ആളുന്ന ഒരു തീയാണ്.

താൻ കാണുന്ന അറിയുന്ന പ്രശ്നങ്ങൾക്ക്
ഒരു പരിഹാരം ഉണ്ടാകണമെന്ന ലക്ഷ്യം.

നിങ്ങൾ ആരും വിചാരിക്കുന്ന പോലെ
ശക്തനല്ല ഒരു ശരാശരി മാധ്യമ പ്രവർത്തകൻ. അവന് ഒരു ഗുമസ്തന്റെ പോലും അധികാരമില്ല, സാമ്പത്തിക സുരക്ഷിതത്ത്വമില്ല, സംഘടനാ ശക്തിയില്ല.
പുറത്തു വിട്ട വാർത്തയിൽ നിയന്ത്രണം പോലുമില്ല.

നിങ്ങൾ വ്യക്തിപരമായ താത്പര്യങ്ങൾ മൂലം ഒരു മാധ്യമ സ്ഥാപനത്തോടുള്ള എതിർപ്പ് അവനോട് പ്രകടിപ്പിക്കുമ്പോൾ
അവൻ അവിടുത്തെ അരാണന്ന് അവന് തന്നെ അറിയില്ല.

കൂടുതൽ ഒന്നും പറയാനില്ല.
പറഞ്ഞിട്ട് കാര്യമില്ല.

മുണ്ടാറിലെ വീശിയടിച്ച കാറ്റിൽ
ഇന്നലെ രാത്രി തണുത്തതും
മഴ കൊണ്ടു കരഞ്ഞതും
വീട്ടിൽ കാത്തിരുന്ന അമ്മ മനസും
കുഞ്ഞി കണ്ണുകളും മാത്രമാണ്.

സമൂഹം അവരുടെ ദുരന്തത്തിൽ
കൂടുതൽ ഉച്ചത്തിൽ ആർപ്പു വിളിക്കട്ടെ.
അവൻ ആരാണന്ന് സ്വയം തിരിച്ചറിയട്ടെ.