പാർലമെന്റിൽ പരമാവധി സീറ്റ് പിടിക്കാൻ സിപിഎം: കോട്ടയത്ത് ജെയക് സി.തോമസ് സ്ഥാനാർത്ഥിയാകും; ജോസ് കെ.മാണിയുടെ വിടവിൽ ഗോളടിക്കാൻ സിപിഎം തന്ത്രം

പാർലമെന്റിൽ പരമാവധി സീറ്റ് പിടിക്കാൻ സിപിഎം: കോട്ടയത്ത് ജെയക് സി.തോമസ് സ്ഥാനാർത്ഥിയാകും; ജോസ് കെ.മാണിയുടെ വിടവിൽ ഗോളടിക്കാൻ സിപിഎം തന്ത്രം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ശക്തി തെളിയിക്കാൻ കേരളത്തിൽ നിന്നു പരമാവധി സീറ്റ് സമാഹരിക്കാൻ സിപിഎം തന്ത്രമൊരുക്കുന്നു. കോഴിക്കോട്, കോട്ടയം സീറ്റുകളിൽ സിപിഎം യുവാക്കൾക്ക് നൽകിയേക്കും. ഒരു തവണ സിനിമാ താരങ്ങളെ മത്സരിപ്പിച്ച് കൈപൊള്ളിയ സിപിഎം ഇക്കുറി തന്ത്രം മാറ്റിപിടിക്കാനുള്ള നീക്കത്തിലാണ്. അമ്മ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നസെന്റിനെ ഒഴിവാക്കുന്ന സിപിഎം, പകരം പാർട്ടി നേതാവിനെ തന്നെയാണ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാക്കുന്നത്. പരസ്യമായി ജാതിമത ശക്തികളുടെ സഹായം തേടാതെ കൃത്യമായ സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്തെ 20 ൽ പതിനെട്ട് സീറ്റും വിജയിക്കാനുള്ള തന്ത്രമാണ് അണിയറയിലൊരുങ്ങുന്നത്.
നിലവിൽ ആറ്റിങ്ങൽ എ.സമ്പത്ത്, ചാലക്കുടി ഇന്നസെന്റ്, ആലത്തൂർ പി.കെ ബിജു, പാലക്കാട് എം.ബി രാജേഷ്, കണ്ണൂർ പി.കെ ശ്രീമതി, കാസർകോട് പി.കരുണാകരൻ, ഇടുക്കി ജോയിസ് ജോർജ്, തൃശൂർ സി.എൻ ജയദേവൻ എന്നിവരാണ് ഇടതു പക്ഷമുന്നണിയുടെ ലേബലിൽ മത്സരിക്കുന്നത്. ഇതിൽ ജയദേവനും, ജോയിസ് ജോർജും ഒഴികെയുള്ളവരെല്ലാം സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ തന്നെയാണ്. ഇത്തവണ ഇടതു പക്ഷത്തു നിന്നു പരമാവധി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി സീറ്റ് വിഭജനത്തിൽ അടക്കം പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതെ നോക്കാനാണ് സിപിഎം തന്ത്രം പയറ്റുന്നത്. ഇതിനായാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളിൽ പി.കരുണാകരനെയും, ഇന്നസെന്റിനെയും ഒഴികെയുള്ളവരെ എല്ലാം മത്സരിപ്പിക്കുന്നതിനാണ് കഴിഞ്ഞ ദിവസം ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ധാരണയായിരിക്കുന്നത്. പി.കരുണാകരൻ പ്രായാധിക്യം ചൂണ്ടിക്കാട്ടി സ്വയം ഒഴിയാൻ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. മികച്ച എം.പി എന്ന് പേരെടുത്തിട്ടും, താരസംഘടനയിലെ വിവാദങ്ങളാണ് ഇന്നസെന്റിനു തിരച്ചടിയായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തവണ ജനതാദള്ളിനു വിട്ടു നൽകിയ കോട്ടയം സീറ്റ് തിരികെ പിടിച്ച ശേഷം, പത്തനംതിട്ട ജനതാദള്ളിനു നൽകുമെന്നും സൂചനയുണ്ട്. കോട്ടയത്ത് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസിന്റെ പേരാണ് പരിഗണിക്കുന്നത്. കോഴിക്കോട് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസിന്റെ പേരും പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് ജോസ് കെ.മാണി രാജ്യസഭയിലേയ്ക്കു പോയ സാഹചര്യത്തിൽ കോൺഗ്രസ് – കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ വിള്ളൽ നില നിൽക്കുന്നുണ്ട്. ഇത് മുതലെടുക്കുന്നതിനാണ് ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള യുവ വിദ്യാർത്ഥി നേതാവിനെ തന്നെ സിപിഎം കോട്ടയത്ത് സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്നത്.
പി.കരുണാകരന് പകരം പാർട്ടിയിലെ ശക്തനും ജനസ്വാധീനമുള്ള നേതാവുമായ കെ.പി സതീഷ് ചന്ദ്രന്റെ പേരാണ് പരിഗണിക്കുന്നത്. ഇന്നസെന്റിനു പകരം കെ.രാധാകൃഷ്ണന്റെയും മുൻ എം.പി പി.രാജീവിന്റെ പേരും പരിഗണിക്കുന്നുണ്ട്. എറണാകുളം ലോക്‌സഭാ സീറ്റിൽ കെ.വി തോമസ് മത്സരിച്ചാൽ പി.രാജീവിന്റെ പേര് ഇവിടേയ്ക്കും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനെ നേരിടാൻ കെ.എൻ ബാലഗോപാലിന്റെ പേരാണ് ശക്തമായ പരിഗണനയിൽ ഉള്ളത്.
ഏപ്രിലിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത. എന്നൽ, ഇതിനു മുൻപ് പാർലമെന്റ് പിരിച്ച് വിട്ട് ബിജെപി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ സിപിഎം തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പികൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടിയും സർക്കാരും ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഭരണത്തിന്റെ തണലിൽ പാർട്ടി മിഷ്യനറി നിർജീവമാകാതിരിക്കാൻ വോട്ടർ പട്ടിക ക്രമീകരണം സിപിഎം പ്രവർത്തകരെ ഏൽപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ നിയോജക മണ്ഡല അടിസ്ഥാനത്തിലും ശില്പശാലകൾ പാർട്ടി നടത്തും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിച്ചതിനു സമാനമായി എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലെയും വ്യവസായികളുടെയും മത സാമുദായിക നേതാക്കളുടെയുമെല്ലാം യോഗം വിളിച്ച് ചേർക്കാനും, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് പരിപാടികളിൽ പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.