തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് കാണാതായ നേഴ്സിനെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി; വനിതാ സുഹൃത്തിനെ സഹായിക്കാൻ വേണ്ടി നല്കിയ തുക തിരികെ ലഭിക്കില്ലെന്നായപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം മാറിനിന്നുവെന്ന് മൊഴി; സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് കാണാതായ നേഴ്സ് ഋതുഗാമിയെ കന്യാകുമാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. സാമ്പത്തിക പരാധീനകളെ തുടര്‍ന്ന് മാറി നില്‍ക്കുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഫോര്‍ട്ട് എസ് ഐ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കന്യാകുമാരിയില്‍ നിന്നും ഇയാളെ കണ്ടെത്തിയത്.
വനിതാ സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടി 8 ലക്ഷം രൂപയോളം ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഇയാള്‍ കടമെടുത്തിരുന്നു. എന്നാല്‍ യുവതി പണം തിരികെ നല്‍കിയില്ല. ഭാര്യയും വീട്ടിലുള്ള മറ്റാരും അറിയാതെയായിരുന്നു ഇയാള്‍ പണം യുവതിക്ക് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം ലഭിക്കാതെ വന്നതോടെ ഇയാള്‍ ആരോടും പറയാതെ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ട്രെയിനില്‍ തൃശ്ശൂരേക്കും അവിടെ നിന്ന് ബെംഗളുരുവിലേക്കും പോയ ഋതുഗാമി പിന്നീട് കന്യാകുമാരിയില്‍ എത്തുകയായിരുന്നു.
ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതി ആരോഗ്യ വകുപ്പിലെ എന്‍ആര്‍എച്ച്എമ്മിലെ നഴ്സായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ ഇവര്‍ പലപ്പോഴായി യുവാവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു. പണം തിരികെ ലഭിക്കില്ലെന്ന സാഹചര്യം വന്നതോടെയാണ് ഇയാള്‍ നാടുവിടാന്‍ തീരുമാനിച്ചത്. യുവതിയും ഇപ്പോള്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണുള്ളത്.
വെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാകുന്നത്. നാലാഞ്ചിറയില്‍ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് കേശവദാസപുരമാണ്. രണ്ട് ഫോണ്‍ നമ്പറുകളും ഓഫ് ചെയ്ത നിലയിലായിരുന്നു.
എന്നാല്‍, വനിതാ സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഋതുഗാമിയെ കണ്ടെത്തിയത്. അയര്‍ലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുരുന്നു.