ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു: വീശിയടിക്കുന്നത് ഗുജറാത്തിന്റെ തീരങ്ങളിൽ; കൊങ്കൺ തീരത്ത് മാത്രം ആറു മരണം; ബാർജുകൾ നിയന്ത്രണം വിട്ടൊഴുകുന്നു

ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു: വീശിയടിക്കുന്നത് ഗുജറാത്തിന്റെ തീരങ്ങളിൽ; കൊങ്കൺ തീരത്ത് മാത്രം ആറു മരണം; ബാർജുകൾ നിയന്ത്രണം വിട്ടൊഴുകുന്നു

തേർഡ് ഐ ബ്യൂറോ

മുംബൈ: രാജ്യത്തെ കടലിലൂടെ അതിവേഗം വീശിയടിക്കുന്ന ടൗട്ടേ ചുഴലിക്കാറ്റ് ഭീതി വിതിച്ച് ഗുജറാത്ത തീരത്ത്. രാജ്യം ഭീതിയോടെ കാത്തിരിക്കുന്ന ചുഴലിക്കാറ്റ് വീശിയടിക്കുന്നത് അതിവേഗത്തിലാണ്.
കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ആശുപത്രിയിൽനിന്നുള്ള കോവിഡ് രോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്.

അടുത്ത രണ്ടു മണിക്കൂറിൽ ടൗട്ടേ പോർബന്ദർ, മഹുവ തീരങ്ങൾ കടക്കുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 155-165 കിലേമീറ്ററായിരിക്കും ടൗട്ടേയുടെ വേഗത. ഗുജറാത്തിൽ രക്ഷാപ്രവർത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമൻ ആൻഡ് ദിയുവിലെ ലെഫ്.ഗവർണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

അതേസമയം ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്ത് ആറുപേർ മരിച്ചു. രണ്ട് ബോട്ടുകൾ മുങ്ങിയതിനെ തുടർന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്. ടൗട്ടേ ഗുജറാത്ത് തീരത്തേക്ക് കടക്കും മുൻപ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്തമഴയ്ക്ക് കാരണമായിരുന്നു.

മുംബൈയിൽ കനത്ത നാശം വിതച്ചാണ് ഗുജറാത്ത് തീരത്തേക്ക് ചുഴലിക്കാറ്റ് കടന്നെത്തിയത്. മുംബൈ തീരത്ത് രണ്ട് ബാർജുകൾ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി. 273 ഉം 137 ഉം യാത്രക്കാരുള്ള രണ്ട് ബാർജുകളാണ് ചുഴലിക്കാറ്റിൽ തിങ്കളാഴ്ച ദിശതെറ്റിയത്. ബാർജുകളുടെ സഹായത്തിനായി നാവിക സേന കപ്പലുകൾ അയച്ചിട്ടുണ്ട്.

273 പേരുമായി ബോംബെ ഹൈ പ്രദേശത്തെ ഹീറ ഓയിൽ ഫീൽഡിൽ ദിശതെറ്റിയ ബാർജ് ‘പി 305’ സഹായത്തിനായി അഭ്യർത്ഥിച്ചുവെന്നും തിരിച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി യുദ്ധക്കപ്പൽ ഐഎൻഎസ് കൊച്ചി അയച്ചുവെന്നും നാവികസേന വക്താവ് അറിയിച്ചു. വൈകിട്ട് നാല് മണിയോടെ ബാർജുകളുടെ രക്ഷയ്ക്കായി ഐഎൻഎസ് കൊച്ചി എത്തിയെന്നാണ് വിവരം.

സഹായം അഭ്യർത്ഥിച്ചുകൊണ്ട് മറ്റൊരു ബാർജിൽ നിന്നും നാവികസേനക്ക് സന്ദേശം എത്തിയിരുന്നു. മുംബൈയിൽ നിന്ന് 15 കിലോമീറ്റർ പടിഞ്ഞാറുമാറി 137 ആളുകളുമായി യാത്ര ചെയ്ത മറ്റൊരു ബാർജായ ‘ഗാൽ കൺസ്ട്രക്റ്ററിൽ’ നിന്നാണ് നാവികസേനയ്ക്ക് സഹായം അഭ്യർത്ഥിച്ചുള്ള വിളി വന്നത്.

ടൗട്ടേ കരുത്താർജിച്ചതിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളം തിങ്കളാഴ്ച രാത്രി എട്ടുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണി വരെ അടച്ചിടും.

ടൗട്ടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു കാരണമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഗുജറാത്ത്, ദിയു തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മുന്നറിയിപ്പിനെ തുടർന്നു മുംബൈ വിമാനത്താവളം താൽക്കാലികമായി അടച്ചു. മുംബൈയിലും നല്ല മഴയാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 8,383 പേരെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയെന്നു ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു.

കർണാടകയിൽ 121 വില്ലേജുകളെയും 22 താലൂക്കുകളെയും ടൗട്ടെ ബാധിച്ചതായി അധികൃതർ അറിയിച്ചു. ഗുജറാത്തിൽ പരക്കെ നേരിയ തോതിൽ മഴ പെയ്യും. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അഥോറിറ്റി വിലക്കേർപ്പെടുത്തി.

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 17നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 18നും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

18ന് രാത്രി 11.30 വരെ കേരള തീരത്ത് 3.5 മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.