കോട്ടയം നഗരത്തിലെ കെട്ടിടങ്ങളുടെ അനധികൃത കയ്യേറ്റം: തൃശൂർ ഗോൾഡിന്റെയും വൃന്ദാവൻ കോംപ്ലക്‌സിന്റെയും കയ്യേറ്റത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു; പരാതിക്കാരനായ എ.കെ ശ്രീകുമാറിന്റെ മൊഴിയെടുത്ത് വിജിലൻസ് സംഘം

കോട്ടയം നഗരത്തിലെ കെട്ടിടങ്ങളുടെ അനധികൃത കയ്യേറ്റം: തൃശൂർ ഗോൾഡിന്റെയും വൃന്ദാവൻ കോംപ്ലക്‌സിന്റെയും കയ്യേറ്റത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു; പരാതിക്കാരനായ എ.കെ ശ്രീകുമാറിന്റെ മൊഴിയെടുത്ത് വിജിലൻസ് സംഘം

സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ അനധികൃതമായി കെട്ടിടങ്ങൾ കെട്ടിപ്പൊക്കി നിയമത്തെയും നാട്ടുകാരെയും കാശിന്റെ ഹുങ്കിൽ വെല്ലുവിളിക്കുന്നവർക്കെതിരെ കർശന നടപടി ആരംഭിച്ചു.
സ്ഥലം കയ്യേറി ടിബി റോഡിൽ ചള്ളിയിൽ റോഡിൽ ടിജി ടവറും, വൃന്ദാവൻ കോംപ്ലക്‌സും, തൃശൂർ ഗോൾഡും നടത്തിയിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇതിൻെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരാതിക്കാരനായ പൊതുപ്രവർത്തകൻ എ.കെ ശ്രീകുമാറിനെ വിളിച്ചു വരുത്തി കേസിൽ മൊഴി രേഖപ്പെടുത്തി.
ആഗസ്റ്റ് മാസത്തിലാണ് ഇത്തരത്തിൽ അനധികൃത കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട ആളുകൾ ഇതു തേർഡ് ഐ ന്യൂസ് ലൈവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് ഇതുസംബന്ധിച്ചുള്ള വാർ്ത്ത പ്രസിദ്ധീകരിച്ചു. വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തനായ എ.കെ ശ്രീകുമാർ വിജിലൻസിലും, നഗരസഭയിലും പരാതി നൽകുകയായിരുന്നു. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു  ശ്രീകുമാർ പരാതി നൽകിയത്. ഇത് കൂടാതെ സ്ഥലത്തിന്റെ രേഖകളും അനുമതികളും അടക്കമുള്ളവ നൽകണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ വിവരാവകാശ അപേക്ഷയും നൽകിയിരുന്നു.
എന്നാൽ, രണ്ടു മാസം കഴിഞ്ഞിട്ടും നഗരസഭ വിഷയത്തിൽ മറുപടി നൽകാനോ നടപടിയെടുക്കാനോ തയ്യാറായില്ല. തുടർന്നാണ് വിജിലൻസിനെ വീണ്ടും സമീപിച്ചത്. തുടർന്ന് ചൊവ്വാഴ്ച വിജിലൻസ് എസ്പി ഓഫിസിൽ എ.കെ ശ്രീകുമാർ നേരിട്ടെത്തി ഇൻസ്‌പെക്ടർ റിജോ പി.ജോസഫ് മുൻപാകെ മൊഴി നൽകി. നഗരസഭ പ്രശ്‌നത്തിൽ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നിലപാട് അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ എ.കെ ശ്രീകുമാർ വിജിലൻസിൽ പരാതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ വിജിലൻസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന.