ഭാരതിന്റെ കൊമ്പൻമാർക്കു വേണ്ടി തിരുനക്കര ശിവനോട് കൊടും ക്രൂരത: ആനയെ ഒതുക്കാൻ പ്രവർത്തിക്കുന്നത് ഭാരത് വിനോദ് – വിശ്വനാഥൻ ലോബി; തൃശൂർ പൂരത്തിന് ശിവനെ മുടക്കിയവർ തന്നെ പാപ്പാനെ മാറ്റിക്കളിക്കുന്നു

ഭാരതിന്റെ കൊമ്പൻമാർക്കു വേണ്ടി തിരുനക്കര ശിവനോട് കൊടും ക്രൂരത: ആനയെ ഒതുക്കാൻ പ്രവർത്തിക്കുന്നത് ഭാരത് വിനോദ് – വിശ്വനാഥൻ ലോബി; തൃശൂർ പൂരത്തിന് ശിവനെ മുടക്കിയവർ തന്നെ പാപ്പാനെ മാറ്റിക്കളിക്കുന്നു

സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ ദേവസ്വം ബോർഡ് ആനകളിൽ ഏറ്റവും തലയെടുപ്പുള്ള സുന്ദരനായ നാടൻ ആന തിരുനക്കര ശിവൻ പ്രശ്‌നക്കാരനാണെന്നു വരുത്തി തീർക്കാൻ ദേവസ്വം ബോർഡിന്റെയും ക്ഷേത്രോപദേശക സമിതിയുടെയും ഒത്തുകളി.
ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ  ആനകൾക്കു വേണ്ടി തിരുനക്കര ശിവനെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ തൃശൂർ പൂരത്തിന് തിരുനക്കര ശിവനെ വിടാതിരിക്കാൻ നടത്തിയ ശ്രമങ്ങൾക്കു പിന്നാലെയാണ് നാലു മാസത്തിനിടെ മൂന്നു തവണ പാപ്പാനെ മാറ്റി ആനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ചട്ടംപഠിപ്പിക്കാനെന്ന പേരിൽ ആനയെ ക്രൂരമർദനത്തിന് ഇരയാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ അബദ്ധത്തിലാണെങ്കിലും, ആനയുടെ പുറത്തു നിന്നു വീണ് പാപ്പാന് മരണം സംഭവിച്ചിരിക്കുന്നത്.
ചട്ടംപഠിപ്പിക്കാനെന്ന പേരിൽ ഒരു മാസം മുൻപാണ് ആനയെ ചെങ്ങളത്തു കാവിലേയ്ക്കു മാറ്റിക്കെട്ടിയത്. ഇവിടെ ആനയെ ക്രൂരമർദനത്തിന് ഇരയാക്കുകയാണ് എന്ന ആരോപണവും ഉയർന്നിരുന്നു.
എന്നാൽ, നവംബർ ഡിസംബർ മാസങ്ങളിൽ മദപ്പാട് വരുന്നതിനെ തുടർന്നാണ് കൊമ്പനെ ചെങ്ങളത്ത് കാവിലേയ്ക്കു മാറ്റിക്കെട്ടിയതെന്നായിരുന്നു ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും അവകാശപ്പെട്ടിരുന്നത്.
എന്നാൽ, മദപ്പാടാണ് എന്നു പറയുന്ന കൊമ്പനെ തന്നെ ദിവസങ്ങൾ പോലും കഴിയും മുൻപ് അൽപശി ഉത്സവത്തിന്റെ ആറാട്ടിന് എഴുന്നെള്ളിച്ചത് ദുരൂഹമായി തുടരുന്നു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളിൽ ഒരാൾ തന്നെ കത്ത് നൽകിയതിനെ തുടർന്നാണ് മദപ്പാടിലാണ് എന്ന് പറയുന്ന കൊമ്പനെ അൽപ്പശി ഉത്സവത്തിന്റെ ആറാട്ടിന് എഴുന്നെള്ളിച്ചത്.
അൽപശി ഉത്സവത്തിന്റെ കൊടിയേറ്റിന് ഭാരത് ഗ്രൂപ്പിന്റെ വിശ്വനാഥൻ എന്ന കൊമ്പനായിരുന്നു തിടമ്പേറ്റിയിരുന്നത്. ഇത് കൂടി ചേർത്ത് വായിക്കുമ്പോഴാണ് സംഭവത്തിനു പിന്നിലെ ഗൂഡാലോചന മറനീക്കി പുറത്ത് വരുന്നത്.
നേരത്തെ ഒന്നാം പാപ്പാനായിരുന്ന മനോജ് സ്ഥലം മാറി പോയതിനു പിന്നാലെ വിഷ്ണു  എന്ന പാപ്പാനായിരുന്നു എത്തിയത്.
മദ്യപാനിയായ ഇയാളെ ഒന്നര മാസം മുൻപ് പിരിച്ചു വിട്ടു. ഇതിനു പിന്നാലെയാണ് വിക്രം ചുമതലയേറ്റത്.  ആനയുമായി ചട്ടമാകുന്നതിനു മുൻപാണ് വിക്രമിന്റെ ചുമതലയിൽ ആനയെ അൽപ്പശി ഉത്സവത്തിന്റെ ആറാട്ടിന് എഴുന്നെള്ളിച്ചത്. ഇത് ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മദപ്പാടിൽ ഒഴികെ പൊതുവെ ശാന്തസ്വഭാവിയാണ് തിരുനക്കര ശിവൻ. ആരെയും ഉപദ്രവിച്ചതായോ, പ്രശ്‌നമുണ്ടാക്കിയതായോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇത്തരത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ശിവനെ മദപ്പാടിലോ – ചട്ടം തികയാത്ത പാപ്പാനൊപ്പമോ ആറാട്ടിന് എഴുന്നെള്ളിച്ചത് ഗൂഡലക്ഷ്യത്തോടെയാണ് എന്ന് സംശയിക്കുന്നു. ഇത്തരത്തിൽ ആനയെ എഴുന്നെളളിച്ചാൽ, ആന പ്രശ്‌നമുണ്ടാക്കും.
ഇത്തരത്തിൽ പ്രശ്‌നമുണ്ടാക്കിയാൽ ആനയുടെ പേരും മാർക്കറ്റും കുറയും. ഇത് മുതലെടുത്ത് ഭാരത് ഗ്രൂപ്പിന് ആനയുടെ പേര് മാർക്കറ്റ് ചെയ്യാനും സാധിക്കും.
നേരത്തെ നിറപൂത്തിരി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ എഴുന്നെള്ളിച്ചത് ഭാരത് ഗ്രൂപ്പിന്റെ വിശ്വനാഥൻ എന്ന കൊമ്പനെയായിരുന്നു.
തിരുനക്കര ശിവനെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ കെട്ടിയിരിക്കെയായിരുന്നു വിനോദിനെ നിറപൂത്തിരിയ്ക്ക് എഴുന്നെള്ളിച്ചത്. ഇതെല്ലാം ഗൂഡാലോചനയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.