സംസ്ഥാനത്ത് കനത്ത മഴ; മീനച്ചിലാറും മണിമലയാറും, മുവാറ്റുപുഴയാറും, അച്ചൻകോവിലാറുമെല്ലാം കരകവിഞ്ഞൊഴുകുന്നു; പ്രളയഭീതിയിൽ നാട്; സംസ്ഥാനത്ത് അതീവ ജാഗ്രത
ഡെന്നിമോൾ ജോർജ്
കോട്ടയം: മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നു, നാട് പ്രളയഭീതിയിലായി. മഴ നിലയ്ക്കാതെ പെയ്യുന്നത് മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനിടയാക്കുമെന്നും ആശങ്കയുണ്ട്.
നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായ പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോരമേഖലയില്‍ കഴിഞ്ഞ രാത്രി മുതല്‍ മഴ നിറുത്താതെ പെയ്യുകയാണ്. മണിലയിലെ കൊച്ചുപാലം മുങ്ങി. മുണ്ടക്കയം ഭാഗങ്ങളിലും മണിമലയാറിലെ ജലനിരപ്പ് ഉയര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്നത് പടിഞ്ഞാറന്‍ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. മഴ തുടര്‍ന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കുമരകം തിരുവാര്‍പ്പ്, വെച്ചൂര്‍ മേഖലകളില്‍ വെള്ളംകയറും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ പരക്കെ മഴ തുടരുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ രണ്ടു ദിവസമായി മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ വൈകുന്നേരത്തോടെ കാറ്റിന് ഏറെക്കുറെ ശമനമായി.
ഇന്നും ശനി, ഞായര്‍ ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. 11 ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കാസര്‍ഗോഡ്, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇന്നും ശനി, ഞായര്‍ ദിവസങ്ങളിലും യെല്ലോ അലര്‍ട്ട്.