കെജ്രിവാളിന് ജാമ്യം നിഷേധിച്ച കോടതി വിധിക്ക് പിന്നാലെ ആംആദ്മി പാർട്ടി ഓഫീസ് കേന്ദ്രസേന വളഞ്ഞു ; നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ; ഇഡിയെ മുന്നില്‍ നിർത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്ന് എഎപി

കെജ്രിവാളിന് ജാമ്യം നിഷേധിച്ച കോടതി വിധിക്ക് പിന്നാലെ ആംആദ്മി പാർട്ടി ഓഫീസ് കേന്ദ്രസേന വളഞ്ഞു ; നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ; ഇഡിയെ മുന്നില്‍ നിർത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്ന് എഎപി

സ്വന്തം ലേഖകൻ

ദില്ലി : മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം നിഷേധിച്ച കോടതി വിധിക്ക് പിന്നാലെ ആംആദ്മി പാർട്ടി ഓഫീസ് കേന്ദ്രസേന വളഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്. ദില്ലിയിലുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ നീക്കം.

ഇഡിയെ മുന്നില്‍ നിർത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്ന് എഎപി കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. എഎപി നേതാക്കള്‍ക്കെതിരെ ഇതുവരെ കുറ്റമൊന്നും തെളിയിക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി അതിഷി മർലേന പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ദില്ലി കോടതി കെജ്രിവാളിനെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. കെജ്രിവാളിനെ മാ‍ർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് ഇഡി കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. പിഎംഎൽഎ പ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിതെന്നും മദ്യ നയ രൂപീകരണത്തിനും ലൈൻസസ് അനുവദിക്കുന്നതിനും എഎപി നേതാക്കൾ കോഴ വാങ്ങിയെന്നും ഇഡി കോടതിയിൽ വാദിച്ചു.

കെജ്രിവാളിന്റെ നേതൃത്വത്തിലാണ് അഴിമതി നടന്നത്. സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെ കവിതക്ക് വേണ്ടി സൗജന്യങ്ങൾ നൽകി. വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിങ് പിൻ. വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു.

പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചു. ഗോവ തെരഞ്ഞെടുപ്പിന് 45 കോടി രൂപ ഉപയോഗിച്ചു. ഹവാല വഴിയും പണമിടപാട് നടന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎൽഎ നിയമ പ്രകാരം എഎപി ഒരു കമ്പനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്. പാർട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നും ഇഡി വാദിച്ചു.