തുഷാർ വെള്ളാപ്പള്ളി വീണ്ടും ജയിലിലേയ്ക്ക്: ചെക്ക് കേസിൽ തുഷാർ പെട്ടത് തന്നെ: ഒത്തു തീർപ്പ് ഫോർമുലകളെല്ലാം തള്ളി നാസിൽ അബ്ദുള്ള; ആറു കോടിയിൽ കുറഞ്ഞ ഒത്തു തീർപ്പിന് നാസിർ വഴങ്ങില്ല

തുഷാർ വെള്ളാപ്പള്ളി വീണ്ടും ജയിലിലേയ്ക്ക്: ചെക്ക് കേസിൽ തുഷാർ പെട്ടത് തന്നെ: ഒത്തു തീർപ്പ് ഫോർമുലകളെല്ലാം തള്ളി നാസിൽ അബ്ദുള്ള; ആറു കോടിയിൽ കുറഞ്ഞ ഒത്തു തീർപ്പിന് നാസിർ വഴങ്ങില്ല

സ്വന്തം ലേഖകൻ
അജ്മാൻ: തുഷാർ വെള്ളാപ്പള്ളിയെ വീണ്ടും ജയിലിലേയ്ക്ക് അയക്കുമെന്ന സൂചനകൾ നൽകി പരാതിക്കാരൻ ഒത്തു തീർപ്പിൽ നിന്നും പതിയെ പിന്നിലേയ്ക്ക് പോകുന്നു.
തുഷാറിനെതിരെ ചെക്ക് കേസ് നൽകിയ പ്രവാസി മലയാളി നാസിൽ അബ്ദുള്ളക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് . ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിയെ കാണും. നാസിൽ പഠിച്ച ഭട്ക്കൽ അഞ്ചുമാൻ എൻജിനീയറിങ് കോളേജിലെ അലുമ്നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
തുഷാർ വെള്ളാപ്പള്ളിയോടുള്ള വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലല്ല അദ്ദേഹത്തിന്റെ ജയിൽമോചനത്തിന് ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. തുഷാർ എന്തായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. തുഷാറിനെപ്പോലെയൊരാൾ ജയിലിൽ കിടക്കുമ്പോൾ നിയമപരമായി ചെയ്യാൻ കഴിയുന്നകാര്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തേ പുറത്തുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നാസിൽ പഠിച്ച ഭട്ക്കൽ അഞ്ചുമാൻ എൻജിനീയറിങ് കോളേജിലെ അലുമ്നി അസോസിയേഷന്റെ നീക്കം.
നാസിലിനും കുടുംബത്തിനും നീതി കിട്ടാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു. നാസിൽ ഇടതുപക്ഷ അനുഭാവിയാണ്. മുഖ്യമന്ത്രി പക്ഷം പിടിച്ചിട്ടില്ല. തുഷാറിന് വേണ്ടി സഹായം അഭ്യർത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂർവ്വ വിദ്യാർത്ഥി സംഘടന നേതാക്കൾ വിശദീകരിച്ചു. കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും നാസിലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി. കേസ് കോടതിയിൽ ആയതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു നാസിലിന്റെ സുഹൃത്തുക്കൾ.
കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. ജയിലിൽക്കഴിഞ്ഞ ഒരുപാട് ആളുകളുടെ കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ഷാർജ ഭരണാധികാരി കേരളം സന്ദർശിച്ചപ്പോൾ അവിടെയുള്ള തടവുകാരിൽ വിട്ടയക്കാനാകുന്നവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് അനുകൂലമായ നിലപാട് അദ്ദേഹം എടുക്കുകയും ചെയ്തിരുന്നു. വിദേശത്ത് ജയിലിൽ കിടക്കുന്നവരും കേസ് നേരിടുന്നവരുമായ അളുകൾക്ക് നിയമസഹായം നൽകുന്നതിന് നിയമസഹായ സെൽ രൂപവത്കരിക്കാനുള്ള പ്രവർത്തനം സർക്കാർ നടത്തിവരുകയാണ്. ഗോകുലം ഗോപാലന്റെ മകന്റെ മോചനത്തിന് ഇടപെടുമോയെന്ന ചോദ്യത്തിന് ‘വരട്ടെ…’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, തുഷാർ വെള്ളാപള്ളിക്കെതിരായ വണ്ടി ചെക്ക് കേസിൽ നടത്തിയ രണ്ടാം ഘട്ട ഒത്തു തീർപ്പ് ചർച്ചയും ഫലം കണ്ടില്ല. തുഷാറിന്റെയും പരാതിക്കാരൻ നാസിലിന്റേയും സുഹൃത്തുക്കൾ തമ്മിലാണ് ചർച്ച നടത്തിയത്. ആറുകോടി രൂപവേണമെന്ന നിലപാടിൽ പരാതിക്കാരൻ ഉറച്ചു നിന്നതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആദ്യഘട്ടത്തിൽ സഹായവാഗ്ധാനവുമായി എത്തിയ പല പ്രമുഖരും പിന്മാറിയതും തുഷാർ ക്യാമ്പിന് ക്ഷീണമുണ്ടാക്കി. വരുന്ന മൂന്ന് ദിവസം കോടതി അവധിയായ സാഹചര്യത്തിൽ കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കാനാണ് ശ്രമം. കേസ് അവസാനിപ്പിക്കാതെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല.
യു.എ.ഇ. പൗരന്റെ പാസ്പോർട്ട് കോടതിയിൽ നൽകി സ്വന്തം പാസ്പോർട്ടുമായി കേരളത്തിലേക്ക് മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടി കിട്ടിയിരുന്നു. ഇതിനായി തുഷാർ കഴിഞ്ഞദിവസം നൽകിയ അപേക്ഷ യു.എ.ഇ. അജ്മാനിലെ കോടതി ബുധനാഴ്ച തള്ളുകയായിരുന്നു. കേസിന് ആധാരമായ, തുഷാറിന്റെ സാമ്പത്തികബാധ്യത യു.എ.ഇ. പൗരന് ഏറ്റെടുക്കാൻ കഴിയുമോയെന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് അജ്മാൻ പ്രോസിക്യൂട്ടറുടെ നടപടി. ഇനി കേസ് പൂർണമായി അവസാനിക്കുകയോ കോടതിക്കു പുറത്ത് ഒത്തുതീർക്കുകയോചെയ്യുന്നതുവരെ തുഷാറിന് യു.എ.ഇ. വിടാനാകില്ല.
കഴിഞ്ഞ വ്യാഴാഴ്ച ജാമ്യത്തിലിറങ്ങാനായി പണം കെട്ടിവെച്ചതിനുപുറമെ സ്വന്തം പാസ്പോർട്ട് തുഷാർ കോടതിക്ക് നൽകിയിരുന്നു. യു.എ.ഇ. പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച് സ്വന്തം പാസ്പോർട്ട് തിരികെവാങ്ങാൻ കഴിഞ്ഞദിവസമാണ് തുഷാർ അജ്മാൻ കോടതിയിൽ അപേക്ഷ നൽകിയത്. വിചാരണനടപടികൾക്ക് തുഷാർ യു.എ.ഇ.യിൽ തിരിച്ചെത്തുമോ എന്നതും കോടതി പരിഗണിച്ചു. ഈ സാഹചര്യങ്ങൾ വിലയിരുത്തി വിവേചനാധികാരമുപയോഗിച്ച് അപേക്ഷ തള്ളുന്നതായി പ്രോസിക്യൂട്ടർ ഉത്തരവിട്ടു. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കോടതിക്കുപുറത്ത് കേസ് ഒത്തുതീർക്കാനുള്ള ശ്രമം വീണ്ടും സജീവമാക്കിയത്.
പല ഒത്തുതീർപ്പ് വ്യവസ്ഥകളും മുന്നോട്ടുവച്ചെങ്കിലും ഇരു കൂട്ടരും സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതാണു പ്രതിസന്ധിക്കു കാരണം. കേസ് കോടതിക്ക് പുറത്തു രമ്യമായി പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണു പരാതിക്കാരനായ നാസിൽ അബ്ദുല്ല. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നപരിഹാര ചർച്ചകൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. ഈ മാസം 20ന് ദുബായിൽ എത്തിയ തുഷാറിനെ ഹോട്ടലിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അജ്മാൻ പൊലീസിനു കൈമാറി. ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച 10 ലക്ഷം ദിർഹവും പാസ്പോർട്ടും ജാമ്യം നൽകി പുറത്തിറങ്ങിയ തുഷാർ നാസിലുമായി അന്നുതന്നെ നേരിട്ട് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു.