തൃശൂർ പൂരം കലക്കൽ : ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം എഡിജിപി എം.ആർ.അജിത്‌കുമാറിനെ വെള്ളപൂശാൻ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ ; കരുവന്നൂര്‍ കേസ് മുക്കാനുള്ള ഡീലിന്റെ ഭാഗം ; കള്ളനും പൊലീസും കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കരുത് ; സ്വതന്ത്ര ഏജൻസി അന്വേഷിക്കണം : രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
കോഴിക്കോട് : തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം എഡിജിപി എം.ആർ.അജിത്‌കുമാറിനെ വെള്ളപൂശാനുള്ളതാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഡിജിപിയെ ഏല്‍പിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.
‘‘മുഖ്യമന്ത്രി എഡിജിപിയെ നിരപരാധിയായി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഡിജിപിക്ക് മുഖ്യമന്ത്രി പറഞ്ഞതു പോലെ മാത്രമേ റിപ്പോര്‍ട്ട് എഴുതാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. ഇതൊന്നും ആര്‍ക്കും രഹസ്യമായി ചെയ്യാന്‍ കഴിയില്ല. ഇന്റിലിജൻസ് റിപ്പോര്‍ട്ട് ഉറപ്പായും ഉണ്ടാകും. മുഖ്യമന്ത്രിക്കു കൃത്യമായി അറിയാം. എന്തിനു കണ്ടു എന്നതു മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. അല്ലാതെ കള്ളനും പൊലീസും കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിവരങ്ങളെല്ലാം സംസ്ഥാന പൊലീസ് അന്വേഷിച്ചിട്ടു കാര്യമില്ല. ഇതു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഉണ്ടായിരുന്ന സിപിഎം – ബിജെപി ധാരണയാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്. അതിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ പുതിയ അന്വേഷണം.
പാവപ്പെട്ട മനുഷ്യരുടെ കോടിക്കണക്കിനു രൂപ ഉന്നത സിപിഎം നേതാക്കള്‍ വെട്ടിച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് മുക്കാനുള്ള ഡീലിന്റെ ഭാഗമായാണ് തൃശൂര്‍ പൂരം കലക്കി ബിജെപി സ്ഥാനാര്‍ഥിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കളമൊരുക്കിയത്. തിരുവനന്തപുരത്തും തൃശൂരും ബിജെപിയെ ജയിപ്പിക്കാം എന്നായിരുന്നു ധാരണ.
ഡീല്‍ നടന്നതിന്റെ ഫലമാണ് കരുവന്നൂര്‍ കേസ് ആവിയായി പോയത്. എല്ലാം കൃത്യമായി ആലോചിച്ചുറപ്പിച്ച നാടകങ്ങളാണ്. കൃത്യസമയത്ത് ആംബുലന്‍സില്‍ സുരേഷ് ഗോപി അവിടെ വന്നിറങ്ങുന്നത് നേരത്തേ തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ്. ഇപ്പോള്‍ കരുവന്നൂര്‍ കേസിനെക്കുറിച്ച് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?
ഉന്നത സിപിഎം നേതാക്കളെക്കുറിച്ചു നടന്ന അന്വേഷണം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു. കേരളത്തില്‍ യുഡിഎഫിനെ തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ബിജെപി സിപിഎമ്മുമായി കൂട്ടുകൂടിയിരിക്കുന്നത്. അത് വെറും ദിവാസ്വപ്‌നമാണ്. ഈ കുട്ടുകെട്ടിന് യുഡിഎഫിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല’’ – ചെന്നിത്തല പറഞ്ഞു.