play-sharp-fill
തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി ഫേസ് ഷീല്‍ഡും മാസ്കും അടക്കം  അഞ്ചുകോടിയുടെ കോവിഡ് പർച്ചേസ് കൊള്ള: തൃശൂര്‍ എൻ.എച്ച്.എം ജില്ലാ കോർഡിനേറ്റര്‍ അനൂപ് പി പൗലോസിനെ പുറത്താക്കി; നടപടി ആരോഗ്യമന്ത്രിയുടെ ഉത്തരവിൽ

തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി ഫേസ് ഷീല്‍ഡും മാസ്കും അടക്കം അഞ്ചുകോടിയുടെ കോവിഡ് പർച്ചേസ് കൊള്ള: തൃശൂര്‍ എൻ.എച്ച്.എം ജില്ലാ കോർഡിനേറ്റര്‍ അനൂപ് പി പൗലോസിനെ പുറത്താക്കി; നടപടി ആരോഗ്യമന്ത്രിയുടെ ഉത്തരവിൽ

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: കോവിഡിന്റെ മറവിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി അഞ്ചുകോടി രൂപയുടെ ഓര്‍ഡര്‍ നേടിയെടുത്ത തൃശ്ശൂര്‍ നാഷനൽ അര്‍ബന്‍ ഹെൽത്ത്മിഷൻ ജില്ലാ കോർഡിനേറ്റര്‍ അനൂപ് പി പൗലോസിനെ പുറത്താക്കി. കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജറുടെ അടുത്ത സുഹൃത്തായ അനൂപിന് എങ്ങനെ കോടികളുടെ ഓര്‍ഡര്‍ കിട്ടിയെന്ന കാര്യത്തില്‍ ഒരന്വേഷണവുമില്ല.


വീടിനോട് ചേർന്നുളള്ള ഒരു താൽക്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടിക്കൂട്ട് കമ്പനിയുടെ മറവിലുള്ള കോടികളുടെ ഇടപാട് പുറത്തുവന്നിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം തൃശ്ശൂര്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവി‍ഡിന്‍റെ തുടക്കത്തില്‍ പര്‍ചേസിന്‍റെ മറവില്‍ കോടികളുടെ കൊള്ള നടത്തുമ്പോള്‍ ഡോ ദിലീപ് കുമാര്‍ ആയിരുന്നു കെഎംഎസ്‍സിഎല്‍ ജനറല്‍ മാനേജര്‍. ഡോ ദിലീപ് കുമാര്‍ തൃശ്ശൂരില്‍ എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറായിരിക്കെ പിആര്‍ഒ ആയിരുന്ന അനൂപ് പി പൗലോസാണ് കൊവി‍ഡ് തുടങ്ങിയതിന് പിന്നാലെ വീടിനോട് ചേര്‍ന്ന് ആന്‍ഡ്രിയ ട്രേഡേഴ്സ് എന്ന തട്ടിക്കൂട്ട് സ്ഥാപനം തുടങ്ങിയത്.

ദിലീപ് കുമാര്‍ ജനറല്‍ മാനേജറായിരിക്കെ ഫേസ് ഷീല്‍ഡും മാസ്കും അടക്കം അഞ്ചുകോടി രൂപയുടെ ഓര്‍‍ഡറാണ് ഈ കമ്പനിക്ക് കൊടുത്തത്.

അന്വേഷണത്തില്‍ അനൂപ് പി പൗലോസ് മാസ്കും ഫേസ് ഷീല്‍ഡും വില്‍ക്കാന്‍ ഓഫീസ് സമുച്ഛയവും മറ്റ് ജീവനക്കാരെയും ഉപയോഗപ്പെടുത്തുകയും ചെയ്തതായും കണ്ടെത്തി. ഒടുവില്‍ വാര്‍ത്ത വന്ന് രണ്ടര മാസത്തിന് ശേഷമാണ് ആരോഗ്യവകുപ്പിലെ പ്രധാന ചുമതലകള്‍ വഹിച്ച അനൂപ് പി പൗലോസിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

ഒരു വര്‍ഷത്തില്‍ താഴെ കരാര്‍ ജീവനക്കാരനായി വന്ന അനൂപ് പി പൗലോസ് പത്തിലേറെ വര്‍ഷമായി തുടര്‍ന്ന് പോവുകയായിരുന്നു. അതേസമയം അനൂപ് പി പൗലോസിന് എങ്ങനെ കെഎംഎസ്‍സിഎല്ലിന്‍റെ അഞ്ചുകോടി രൂപയുടെ ഓര്‍ഡര്‍ കിട്ടിയെന്നോ ഇതിന് പിറകില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നോ കണ്ടെത്താന്‍ ഒരു നിര്‍ദേശവും ഇതുവരെയില്ല.