play-sharp-fill
ആറായിരം ലിറ്റർ മദ്യം ഭൂമിയിൽ കുഴിച്ചിട്ടു ; കിണറ്റിലും പൈപ്പിലും മദ്യപ്പുഴ ഒഴുകി : തൃശൂരിൽ പണി കിട്ടിയത് എക്‌സൈസിന്

ആറായിരം ലിറ്റർ മദ്യം ഭൂമിയിൽ കുഴിച്ചിട്ടു ; കിണറ്റിലും പൈപ്പിലും മദ്യപ്പുഴ ഒഴുകി : തൃശൂരിൽ പണി കിട്ടിയത് എക്‌സൈസിന്

സ്വന്തം ലേഖകൻ

തൃശൂർ: നിയമം ലംഘിച്ച് പിടികൂടിയ ആറായിരം ലിറ്റർ മദ്യം ഭൂമിയിൽ കുഴിച്ചിട്ടു. കിണറ്റിലും പൈപ്പിലും മദ്യപ്പുഴ ഒഴുകി. തൃശൂരിൽ പണി കിട്ടിയത് എക്‌സൈസ് അധികൃതർക്ക്. സംഭവം ഇങ്ങനെയാണ്, ചാലക്കുടി കെ.എസ.്ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഫ്‌ളാറ്റ് നിവാസികൾ ഒരുദിവസം രാവിലെ പൈപ്പു തുറന്നപ്പോൾ വരുന്ന വെള്ളത്തിന് മദ്യത്തിന്റെ ഗന്ധം. എങ്ങനെ മദ്യം ടാപ്പിൽ എത്തി. മൊത്തത്തിൽ കൺഫ്യൂഷനായി. തൊട്ടടുത്ത താമസക്കാരോട് ചോദിച്ചപ്പോൾ അവരുടെ ടാപ്പിലും മദ്യം കലർന്ന വെള്ളം. രൂക്ഷമായ തോതിൽ മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടു.


ഫ്‌ളാറ്റിനോട് ചേർന്ന് ബാറുണ്ട്. ആറു വർഷം മുൻപ് രചനാ ബാറിൽ നിന്നും ആറായിരം ലിറ്റർ മദ്യം എക്‌സൈസ് അധികൃതർ പിടികൂടിയിരുന്നു. പിടികൂടി എക്‌സൈസ് അധികൃതർ സൂക്ഷിക്കുകയും കേസ് നടപടികൾ കഴിഞ്ഞപ്പോൾ ആറ് വർഷത്തിന് ശേഷം ആ മദ്യം നശിപ്പിക്കാൻ കോടതിയുടെ അനുമതി കിട്ടി. ഇതോടെ അധികൃതർ ബാറുകാരുടെ ഭൂമിയിൽ തന്നെ അങ്ങ് കുഴിച്ചിടാൻ തീരുമാനിക്കുകയായിരുന്നു. വലിയ കുഴി കുഴിച്ച് ആറായിരം ലിറ്റർ മദ്യം കളഞ്ഞു. ഉച്ചയ്ക്കു രണ്ടു മണിക്കു തുടങ്ങിയ മദ്യം ഒഴിച്ചു കളയൽ തീർന്നത് രാത്രി ഇരുട്ടിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ബാർ വളപ്പിനോട് ചേർന്നു തന്നെ പതിനെട്ടു കുടുംബങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഒഴിച്ചു കളഞ്ഞ മദ്യം മണ്ണിലൂടെ അരിച്ചിറങ്ങി ഫ്‌ളാറ്റിൽ താമസിക്കുന്നവർ ഉപയോഗിക്കുന്ന കിണറ്റിലേക്കും വ്യാപിക്കുകയായിരുന്നു. ഇങ്ങനെയാണ് ഫ്‌ളാറ്റിലുള്ളവരുടെ കുടിവെള്ളം മുട്ടിയത്. അബദ്ധം മനസിലായ എക്‌സൈസ് ഉദ്യേഗസ്ഥർ ഫ്‌ളാറ്റ് നിവാസികളോട് പ്രശ്‌നം ഉണ്ടാക്കരുത് വെള്ളം എത്തിക്കാമെന്നും അറിയിക്കുകയായിരുന്നു.

അതേസമയം ജനവാസ മേഖലയിൽ ഇത്രയധികം അളവിൽ മദ്യം ഒഴിച്ചു കളയാൻ തീരുമാനിച്ച എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ചാലക്കുടി നഗരസഭ സെക്രട്ടറിയ്ക്കും ആരോഗ്യ വിഭാഗത്തിനും ഇവർ പരാതി നൽകിയിട്ടുണ്ട്. ഇതോടെ മദ്യം ഒഴിച്ചു കളഞ്ഞതിന്റെ തലവേദന തീർക്കാൻ ഓട്ടത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ഇപ്പോൾ.

Tags :