തൊഴിലുറപ്പു വേതനം സമയബന്ധിതമായി നൽകുന്നതിൽ കോട്ടയം ജില്ല ഒന്നാമത്; ജില്ലയിൽ വേതനമായി നൽകിയത് 124.29 കോടി രൂപ
സ്വന്തം ലേഖിക
കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 124.29 കോടി രൂപ.
ഈ സാമ്പത്തികവർഷം ഡിസംബർ 15 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ ജില്ലയിൽ 30,24,474 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുവെന്നും കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ തോമസ് ചാഴികാടൻ എം.പിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നാലാം പാദ അവലോകന യോഗം (ദിശ) വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലുറപ്പുവേതനം സമയബന്ധിതമായി നൽകുന്നതിൽ സംസ്ഥാനത്ത് കോട്ടയം ജില്ല ഒന്നാമതാണെന്നും(99.57%) യോഗം വിലയിരുത്തി. മാടപ്പള്ളി, വാഴൂർ ബ്‌ളോക്കുകൾ സമയബന്ധിതമായി വേതനം നൽകുന്നതിൽ 100% നേട്ടം നിലനിർത്തി.
ജില്ലയിൽ 63,606 കുടുംബങ്ങൾക്കായി ശരാശരി 47.55 തൊഴിൽദിനങ്ങൾ നൽകി. പട്ടികജാതി കുടുംബങ്ങൾക്ക് 4,32,473 തൊഴിൽദിനങ്ങളും പട്ടികവർഗകുടുംബങ്ങൾക്ക് 1,03,079 തൊഴിൽദിനങ്ങളും നൽകി.
ജില്ലയിൽ 3519 കുടുംബങ്ങൾ 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയെന്നും യോഗം വിലയിരുത്തി.
മഴ മാറി കാലാവസ്ഥ അനകൂലമാണെന്നും ജൽ ജീവൻ കുടിവെള്ള പദ്ധതിക്കായുള്ള റോഡ് പൊളിക്കലും പുനസ്ഥാപിക്കലും വേഗത്തിൽ നടപ്പാക്കണമെന്നും പൊതുമരാമത്ത്, ജല അതോറിട്ടി വകുപ്പ് ഉദ്യോഗസ്ഥരോട് എം.പി. ആവശ്യപ്പെട്ടു.
സ്വച്ഭാരത് മിഷനുകീഴിൽ ലഭ്യമായ ഫണ്ട് വിനിയോഗിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നു കോട്ടയം നഗരസഭയ്ക്ക് എം.പി. നിർദേശം നൽകി.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ജില്ലയിൽ ഈവർഷം 52.938 കോടി രൂപ വിതരണം ചെയ്തു.
ജില്ലയിൽ മൊത്തം 2,33,676 ഗുണഭോക്താക്കൾ ആണ് ഉള്ളത്. എന്നാൽ കൃഷിഭൂമിവിവരങ്ങൾ നൽകാത്തതിനാലും ഇ.കെ.വൈസി സമർപ്പിക്കാത്തതിനാലും 1,06,358 പേർക്കേ തുക കൈമാറാനായിട്ടുള്ളുവെന്നു കൃഷിവകുപ്പ് യോഗത്തെ അറിയിച്ചു. കൃഷി ഓഫീസർമാർ ഗുണഭോക്താക്കളെ ഫോണിൽ ബന്ധപ്പെട്ടു രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടണമെന്നു എം.പി. നിർദേശിച്ചു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണറും പ്രോജക്ട് ഡയറക്ടറുമായ പി.എസ്. ഷിനോ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വകുപ്പുമേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.