തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി: തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്ത് മന്ത്രി വി എൻ വാസവൻ

തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി: തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്ത് മന്ത്രി വി എൻ വാസവൻ

കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ.

പാർലമെൻ്ററി ജനാധിപത്യ വേദികളിൽ എം പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോട്ടയം പ്രസ്ക്ലബ്ബിൽ തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർരേഖയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജോസ് കെ.മാണി എം പി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പദ്ധതികളടക്കം നേടാൻ അദ്ദേഹം ചെയ്ത കഠിനാധ്വാനം മാതൃകാപരമാണെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ എന്താണ് ഒരു എംപി എന്ന് തെളിയിക്കാൻ തോമസ് ചാഴികാടന് കഴിഞ്ഞുവെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു.

വിവിധ കേന്ദ്രസർക്കാർ പദ്ധതികളിലൂടെ 4,100 കോടി രൂപയുടെ വികസനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിനായി നേടിയെടുക്കാൻ കഴിഞ്ഞതെന്ന് മറുപടി പ്രസംഗത്തിൽ തോമസ് ചാഴികാടൻ പറഞ്ഞു. റെയിൽവേ വികസനം 1000 കോടിയിലേക്ക് എത്തിക്കാനായി. ഗ്രാമീണ റോഡ് വികസനം മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് 35 ശതമാനം മുന്നിലെത്താനായി. എം പി ഫണ്ട് ഉപയോഗിച്ച് 282 പദ്ധതികൾ പൂർത്തികരിച്ചെന്നും എം പി വ്യക്തമാക്കി.

വികസന രേഖ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവിനു നൽകി മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു. സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, സി. പി. ഐ ജില്ലാ സെക്രട്ടറി അഡ്വ. വി. ബി. ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.