വായ്പ തിരിച്ചടച്ചിട്ടും ആധാരം മടക്കി നല്‍കിയില്ല; കെഎസ്എഫ്ഇ ശാഖയില്‍ ആത്മഹത്യാ ഭീഷണിയുമായി ഗൃഹനാഥന്‍;  നാടകീയ സംഭവങ്ങൾ അരങ്ങേറിയത് തിരുവനന്തപുരം ആര്യനാട് കെഎസ്എഫ്ഇ  ശാഖയിൽ

വായ്പ തിരിച്ചടച്ചിട്ടും ആധാരം മടക്കി നല്‍കിയില്ല; കെഎസ്എഫ്ഇ ശാഖയില്‍ ആത്മഹത്യാ ഭീഷണിയുമായി ഗൃഹനാഥന്‍; നാടകീയ സംഭവങ്ങൾ അരങ്ങേറിയത് തിരുവനന്തപുരം ആര്യനാട് കെഎസ്എഫ്ഇ ശാഖയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വായ്പ തിരിച്ചടച്ചിട്ടും ആധാരം മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്എഫ്ഇ ശാഖയിലെത്തി ഗൃഹനാഥന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഉഴമലയ്ക്കല്‍ ചക്രപാണിപുരം വൈരത്തൂര്‍ മണികണ്ഠവിലാസത്തില്‍ കെ എ കോമള കുമാര്‍ (52) ആണ് കെഎസ്എഫ്ഇ ആര്യനാട് ശാഖയില്‍ ആത്മഹത്യാ ഭീഷണിയുമായി എത്തിയത്.

കെഎസ്ആര്‍ടിസി കിഴക്കേ കോട്ട ഡിപ്പോയിലെ ഡ്രൈവര്‍ ആയ കോമള കുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാഖയില്‍ നിന്ന് ഹൗസിങ് വായ്പയായി 8 ലക്ഷം രൂപ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ റവന്യു റിക്കവറി ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വീട് വില്‍പന നടത്തി മെഡിക്കല്‍ കോളജ് ശാഖയില്‍ ആദ്യം 8 ലക്ഷം രൂപയും പിന്നീട് പലിശ 1.30 ലക്ഷം രൂപയും അടച്ചു വായ്പ തുക ഒടുക്കി. വായ്പത്തുക മുഴുവന്‍ അടച്ചതിനെ തുടര്‍ന്ന് ആധാരം വാങ്ങാനായി കെഎസ്എഫ്ഇ ആര്യനാട് ശാഖയില്‍ എത്തിയപ്പോഴാണ് കോമള കുമാര്‍ എടുത്ത വ്യക്തിഗത വായ്പ കൂടി അടച്ചുതീര്‍ത്താലേ ആധാരം നല്‍കൂ എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞത്.

സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കോമള കുമാര്‍ വ്യക്തിഗത വായ്പ എടുത്തത്. ഈ വായ്പ റവന്യു റിക്കവറി ആയിട്ടില്ല എന്നാണ് അധികൃതരോട് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും കോമള കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് കോമളകുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവില്‍ അധികൃതര്‍ ഇടപെട്ട് വ്യക്തിഗത വായ്പയുടെ മുതല്‍ ആയ 1.30 ലക്ഷം രൂപ അടച്ചാണ് കോമള കുമാര്‍ ആധാരം വാങ്ങിയത്.