play-sharp-fill
തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവം : മരണകാരണം ജനിതകരോഗമായ സിഡ്‌സ്….?ഫോറൻസിക്‌ പരിശോധനാ ഫലം കാത്ത് പൊലീസ്

തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവം : മരണകാരണം ജനിതകരോഗമായ സിഡ്‌സ്….?ഫോറൻസിക്‌ പരിശോധനാ ഫലം കാത്ത് പൊലീസ്

സ്വന്തം ലേഖകൻ

മലപ്പുറം : തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നു. കുട്ടികളുടെ മരണകാരണം സിഡ്‌സ് എന്ന അപൂർവ്വ ജനിതകരോഗമെന്ന് സംശയം. കുട്ടികളെ ആദ്യം ചികിത്സിച്ച തിരൂരിലെ ശിശുരോഗവിദഗ്ധൻ ഡോ. നൗഷാദാണ് ഈ സംശയം മുന്നോട്ട് വച്ചത്. തിരൂരിലെ തറമ്മൽ റഫീഖ് സബ്‌ന ദമ്പതികളുടെ ആറ് മക്കളാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ദുരൂഹരോഗം ബാധിച്ച് മരിച്ചത്. 93 ദിവസം പ്രായമുള്ള ആൺകുട്ടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് ദുരൂഹ മരണങ്ങൾ പൊതുശ്രദ്ധ പിടിച്ചു പറ്റിയത്.


രണ്ടു കുട്ടികൾ സമാന സാഹചര്യത്തിൽ മരിച്ചതിനെത്തുടർന്നാണ് റഫീഖും സബ്‌നയും തന്നെ തേടിയെത്തുന്നത്. തുടർന്ന് മൂന്നാമത്തെ കുട്ടിയെ മുതൽ താൻ പരിശോധിച്ചിരുന്നു. സിഡ്‌സ് എന്ന രോഗമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കുട്ടികൾക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും പരിശോധനയിൽ കണ്ടിരുന്നില്ല. സിഡ്‌സ് ആണോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാൽ താൻ ഇവരെ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും കുട്ടികളെ ആദ്യം പരിശോധിച്ചിരുന്ന ഡോ.നൗഷാദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ കുട്ടിയും പിന്നീട് മരിച്ചു. ഈ കുട്ടിയെ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ സ്‌പെസിമെൻ ഹൈദരാബാദിൽ അയച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുട്ടികളുടെ മരണകാരണം കണ്ടെത്താൻ ഓരോ കുട്ടികളുടെയും രക്തപരിശോധന പ്രത്യേകം പ്രത്യേകം നടത്തേണ്ടതാണ് എന്നും ഡോക്ടർ പറഞ്ഞു.

ജനിതക രോഗമായി സിഡ്‌സ് രോഗബാധയുള്ള കുട്ടികൾ ജനിച്ച് ഒരു വർഷത്തിനകം മരിക്കാനാണ് സാധ്യത. കുട്ടികൾക്ക് പെട്ടെന്ന് ഛർദിയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും മരിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇവരുടെ ഒരു കുട്ടി നാലര വയസ്സുവരെ ജീവിച്ചു എന്നത് ഏറെ അത്ഭുതകരമാണെന്നും ഡോക്ടർ നൗഷാദ് പറഞ്ഞു.

ശിശുക്കളിൽ ഉറക്കത്തിൽ ഓക്‌സിജൻ ലഭ്യത കുറയുന്നതാണ് മരണ കാരണമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. തുടർന്ന് ശരീരത്തിൽ കാർബൺ ഡൈഓക്‌സൈഡ് നിറയുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇത്തരം രോഗബാധയുള്ള കുട്ടികൾക്ക് രണ്ടു മുതൽ മൂന്നുമാസം വരെയുള്ള പ്രായമാണ് ഏറെ അപകടം പിടിച്ചതെന്നും ആരോഗ്യവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് നാലു ദിവസത്തിനകം ലഭിക്കുമെന്നാണ് പൊലീസ് അധികൃതർ സൂചിപ്പിക്കുന്നത്. പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ ആറ് കുട്ടികളുടെയും മരണത്തിലെ ദുരൂഹത നീക്കാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.