അടുക്കള വാതിലിലൂടെ അകത്തു കടന്ന് പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാല കവർന്നു;  ശേഷം അടുക്കളയിൽ കയറി ചോറും മീൻ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു; കള്ളന്റെ വേറിട്ട രീതി പൊലീസിനെ വട്ടം ചുറ്റിക്കുന്നു

അടുക്കള വാതിലിലൂടെ അകത്തു കടന്ന് പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാല കവർന്നു; ശേഷം അടുക്കളയിൽ കയറി ചോറും മീൻ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു; കള്ളന്റെ വേറിട്ട രീതി പൊലീസിനെ വട്ടം ചുറ്റിക്കുന്നു

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: പലതരത്തിലുള്ള കള്ളന്മാരെ കണ്ടിട്ടുണ്ടെങ്കിലും വീടുകളിൽ കയറി മീൻ വറുത്തത് മോഷ്ടിക്കുന്ന കള്ളന്മാരെപ്പറ്റി എല്ലാവർക്കും പുതിയൊരു അറിവ് തന്നെയായിരിക്കും.അത്തരത്തിൽ മോഷണത്തിനു പുറമേ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തതും ചോറും അകത്താക്കിയ കള്ളനെ തേടിയാണ് പൊലീസിന്റെ അന്വേഷണം. ചെമ്മണ്ണാറിൽ വീട്ടമ്മയുടെ രണ്ടര പവന്റെ മാല കവർന്ന കള്ളനാണ് അടുക്കളയിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തതും ചോറും അകത്താക്കിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

ചെമ്മണ്ണാർ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടിലാണ് കള്ളൻ കയറി സ്വർണാഭരണം മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് പറയുന്നത് ഇങ്ങനെയാണ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനൊപ്പമാണ് ജസീന്ത താമസിക്കുന്നത്. ഭർത്താവ് മരിച്ചുപോയി. ഞായറാഴ്ച മേഖലയിൽ മഴ കനത്തിരുന്നു. മകൻ സുഹൃത്തിന്റെ വിവാഹത്തിനു പോയി. വീടിന്റെ അടുക്കള വാതിലിന് തകരാറുണ്ടായിരുന്നു. വീടിന് കാര്യമായ അടച്ചുറപ്പുമില്ല.

അടുക്കള വാതിലിലൂടെയാണ് കള്ളൻ അകത്തു കടന്നത്. വീട്ടിനുള്ളിൽ കയറി പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാല കവർന്നു. ശേഷം അടുക്കളയിൽ കയറി ചോറും മീൻ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജസീന്തയുടെ പരാതിയെ തുടർന്ന് സ്ഥലത്ത് സിഐ ഫിലിപ് സാം, എസ്ഐ രാജേന്ദ്രകുറുപ്പ്, എഎസ്ഐമാരായ മുഹമ്മദ് കബീർ, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

സമീപത്തെ തമിഴ്നാട് സ്വദേശികളുടെ വീട്ടിലും ഇതേ കള്ളൻ കയറി 2500 രൂപ കവർന്നു. ഇവിടുത്തെ അടുക്കളയിലിരുന്ന മീൻ വറുത്തതും അകത്താക്കിയ ശേഷമാണ് സ്ഥലം വിട്ടത്. എന്നാൽ തമിഴ്നാട് സ്വദേശികൾ പരാതി നൽകിയിട്ടില്ല. 2 സംഭവങ്ങളിലും ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.