play-sharp-fill
സ്കൂട്ടറിലെത്തി സ്കെച്ചിട്ടു; ആദ്യ ശ്രമം പാളി; 69 പവൻ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിൽ ലോഡ്ജ് വളഞ്ഞ് യുവാക്കളെ പൊക്കി ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

സ്കൂട്ടറിലെത്തി സ്കെച്ചിട്ടു; ആദ്യ ശ്രമം പാളി; 69 പവൻ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിൽ ലോഡ്ജ് വളഞ്ഞ് യുവാക്കളെ പൊക്കി ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍.

കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ബൈജു നോർത്ത് പറവൂർ കാഞ്ഞിരപറമ്പില്‍ വീട്ടില്‍ നിസാർ എന്നിവരെയാണ് എറണാകുളം പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാല്‍പ്പറമ്പില്‍ രഞ്ജിത്ത് ആർ നായരുടെ വീട്ടില്‍ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വീട്ടുടമസ്ഥന്‍റെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂരിലെ ലോഡ്‌ജില്‍ നിന്നും പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും 47 പവനോളം സ്വർണ്ണാഭരണം പൊലീസ് കണ്ടെടുത്തു. സ്കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം മുൻവശത്തെ വാതില്‍ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച്‌ രണ്ടാം നിലയില്‍ കയറി വാതില്‍ തുറന്ന് അലമാരിയില്‍ സൂക്ഷിച്ച സ്വർണ്ണം കവർന്ന് കടന്നുകളയുകയായിരുന്നു.

അന്ന് രാത്രി തന്നെ മറ്റൊരു വീട്ടില്‍ കയറി മോഷ്ടിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. കൊടുങ്ങല്ലൂരിലെ ലോഡ്‌ജ്‌ വളഞ്ഞാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. മോഷണത്തിനായി സംഘം എത്തിയ സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസ്സുകളുണ്ട്. പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസ്സുകള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്.

അന്വേഷണ സംഘത്തിൽ പുത്തൻകുരിശ് ഡി.വൈഎസ്‌.പി വി. എ നിഷാദ് മോൻ, ഇൻസ്പെക്ടർ അബ്ബാസ് അലി.എം, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീദേവി കെ.എസ്, രാജേഷ് കെ.കെ, ജി.ശശിധരൻ (രാമമംഗലം), അസി.സബ്ബ് ഇൻസ്പെക്ടർമാരായ ബിജു ജോൺ, സുരേഷ് കുമാർ.കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, അഖിൽ.പി.ആർ, കെ.ജി.ജോസഫ് (നോർത്ത് പറവൂർ) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.