രാത്രിയിൽ പുറത്ത് പോയപ്പോൾ രണ്ടാം നിലയിലെ വാതിൽ തുറന്നിട്ടു: വീടിനുള്ളിൽ കയറിയ കള്ളൻ ഒരു ലക്ഷം രൂപയുടെ സ്വർണവുമായി കടന്നു; സംഭവം മണർകാട് തലപ്പാടിയിൽ

രാത്രിയിൽ പുറത്ത് പോയപ്പോൾ രണ്ടാം നിലയിലെ വാതിൽ തുറന്നിട്ടു: വീടിനുള്ളിൽ കയറിയ കള്ളൻ ഒരു ലക്ഷം രൂപയുടെ സ്വർണവുമായി കടന്നു; സംഭവം മണർകാട് തലപ്പാടിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: രാത്രിയിൽ വീട്ടിൽ നിന്നു പുറത്തു പോയപ്പോൾ രണ്ടാം നിലയിലെ വാതിൽ അടയ്ക്കാൻ മറന്ന കുടുംബത്തിന് നഷ്ടമായത് ഒരു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണവും മൊബൈൽ ഫോണും അടക്കമുള്ള വസ്തുക്കൾ. തലപ്പാടി ചാമക്കാലായിൽ  ഷാജിയ്ക്കും കുടുംബത്തിനുമാണ് ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വലിയ വില നൽകേണ്ടി വന്നത്. അർധരാത്രി വീട്ടുകാർ തിരികെ എത്തിയപ്പോൾ കള്ളൻ രണ്ടാം നിലയിൽ നിന്നും ചാടി രക്ഷപെടുന്നത് കണ്ടെങ്കിലും ഇവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.  ഒരു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ, 600 ദിർഹം, 40,000 രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, രണ്ടു കാമറ, നാലു വാച്ച് എന്നിവയാണ് കള്ളൻ അടിച്ചുമാറ്റിയെടുത്ത് രക്ഷപെട്ടത്. ബുധനാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സന്ധ്യയോടെയാണ് ഷാജിയും കുടുംബവും വീട്ടിൽ നിന്നും പുറത്ത് പോയത്. വീടിന്റെ മുൻ വാതിലുകളെല്ലാം അടച്ചു പൂട്ടിയിരുന്നെങ്കിലും, രണ്ടാം നിലയിലെ പുറത്തേയ്ക്കുള്ള വാതിൽ അടയക്കാൻ മറന്നു പോയിരുന്നതായി ഷാജി പൊലീസിനു മൊഴി നൽകി. ഈ വാതിലിലൂടെ അകത്തു കയറിയ മോഷ്ടാവ് വീടിനുള്ളിലിരുന്ന സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട് തിരച്ചിൽ നടത്തി. അലമാരയും, മേശയും കസേരയും എല്ലാം തുറന്ന് മോഷ്ടാവ് വിശദമായ പരിശോധന നടത്തി. തുടർന്നാണ് സാധനങ്ങൾ എടുത്ത ശേഷം ഇയാൾ സ്ഥലം വിട്ടത്.
ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വീടിന്റെ പിന്നിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ കൂട്ടി വച്ചിരിക്കുന്നതായി കണ്ടെത്തി. ഇത് വഴിയാണ് പ്രതി മുകൾ നിലയിൽ കയറിയതെന്നും കണ്ടെത്തി.