സ്വത്തിന് വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം: അമ്മയുടെ പരാതിയിൽ മകനായി പൊലീസ് അന്വേഷണം ആരംഭിച്ചു: സംഭവം കോട്ടയം അയർക്കുന്നത്ത്

സ്വത്തിന് വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം: അമ്മയുടെ പരാതിയിൽ മകനായി പൊലീസ് അന്വേഷണം ആരംഭിച്ചു: സംഭവം കോട്ടയം അയർക്കുന്നത്ത്

സ്വന്തം ലേഖകൻ
അയർക്കുന്നം: സ്വത്തിന് വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകനെതിരെ പൊലീസ് കേസെടുത്തു. അയർക്കുന്ന സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. അയർക്കുന്നം സ്വദേശിയായ വൃദ്ധമാതാവിന്റെ പേരിൽ നിലവിൽ 30 സെന്റ് സ്ഥലം ഉണ്ട്. നേരത്തെ ഇവരുടെ മകന് കുടുംബ സ്വത്ത് ഭാഗം വച്ച് നൽകിയിരുന്നു. ഇതേ തുടർന്ന് അമ്മയുടെ പേരിലുള്ള സ്വത്തും തനിക്ക് വേണമെന്നാവശ്യപ്പെട്ട് മകൻ അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. മദ്യപാനിയായ മകന്റെ ദുർചിലവുകൾ അറിയാവുന്ന അമ്മ സ്വത്ത് മകന് നൽകാൻ തയ്യാറായില്ല. ഇതേച്ചൊല്ലി മകൻ നിരന്തരം വീട്ടിൽ വഴക്കിട്ടിരുന്നു.
കഴിഞ്ഞ ദിവസം മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ സ്വത്ത് ആവശ്യപ്പെടുകയും അ്മ്മയെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനമേറ്റ് നിലത്ത് വീണ അമ്മയുടെ നെഞ്ചിൽ കയറിയിരുന്ന മകൻ ഇവരുടെ കഴുത്തിൽ ബലമായി കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. മകന്റെ പിടിയിൽ നിന്നും കുതറി മാറിയ അമ്മ ഒരു വിധത്തിൽ ബഹളം വച്ച് ആളുകളെ കൂട്ടി. ആളുകൾ കൂടിയതോടെ മകൻ ഓടിരക്ഷപെടുകയായിരുന്നു. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.