മോഷണക്കേസ് പ്രതിയായ 19 കാരൻ പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വിലങ്ങുമായി രക്ഷപെട്ടു; രക്ഷപെട്ടത് മണർകാട് തലപ്പാടിയിൽ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിലെ പ്രതി; പ്രതിയ്ക്കായി രാത്രി മുഴുവൻ നീണ്ടു നിന്ന തിരച്ചിൽ

മോഷണക്കേസ് പ്രതിയായ 19 കാരൻ പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വിലങ്ങുമായി രക്ഷപെട്ടു; രക്ഷപെട്ടത് മണർകാട് തലപ്പാടിയിൽ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിലെ പ്രതി; പ്രതിയ്ക്കായി രാത്രി മുഴുവൻ നീണ്ടു നിന്ന തിരച്ചിൽ

Spread the love
സ്വന്തം ലേഖകൻ
മണർകാട്: വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയശേഷം കൈവിലങ്ങുമായി രക്ഷപെട്ടു. പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപാണ് (19) മണർകാട് പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസുകാരെ ഇടിച്ചു വീഴ്ത്തിയ ശേഷം കൈവിലങ്ങുമായി രക്ഷപെട്ടത്. വൈദ്യ പരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്താനായി പ്രതിയെയുമായി പൊലീസ് സംഘം സ്റ്റേഷനുള്ളിലേയ്ക്കു കയറാനിരിക്കെയാണ് അപ്രതീക്ഷിതമായി പ്രതിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പകച്ചു പോയ പൊലീസ് സംഘം തിരികെ ആത്മസംയമനം വീണ്ടെടുത്തപ്പോഴേയ്ക്കും സമീപത്തെ കുറ്റിക്കാട്ടിലേയ്ക്കു പ്രതി കുതിച്ച് ചാടി രക്ഷപെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയിൽ തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടിൽ മോഷണം നടത്തിയിരുന്നു. രണ്ടാം നിലയിലെ തുറന്നിട്ട വാതിലിലൂടെ അകത്തു കടന്ന മോഷ്ടാവ്  ഒരു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ, 600 ദിർഹം, 40000 രൂപ വില വരുന്ന രണ്ടു മൊബൈൽ ഫോണുകൾ, രണ്ടു കാമറ, നാലു വാച്ച് എന്നിവ കവരുകയായിരുന്നു, സംഭവത്തിൽ വീട്ടുകാർ തിരികെ എത്തിയപ്പോൾ രണ്ടാം നിലയിൽ നിന്നും യുവാവ് ചാടി രക്ഷപെടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദിലീപിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപെട്ടത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് പ്രതി പൊലീസുകാരെ കബളിപ്പിച്ച് രക്ഷപെട്ടത്. തെളിവെടുപ്പിനും വൈദ്യ പരിശേധനയ്ക്കു ശേഷം തിരികെ സ്റ്റേഷനിലേക്കു കൊണ്ടു വന്നു ജീപ്പിൽ നിന്നുമിറക്കുമ്പോഴാണു സംഭവം. കൈയിൽ വിലങ്ങുമായി  ജീപ്പിൽ നിന്നിറങ്ങിയ ഇയാൾ പോലീസുകാരെ ആക്രമിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്കു രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, മണർകാട് എസ്.എച്ച്.ഒ സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. മൂന്നു മാസം മുൻപ് മണർകാട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ യുവാവ് തൂങ്ങി മരിച്ചത് വിവാദമായിരുന്നു. ഇതിനു ശേഷം ഇപ്പോൾ പ്രതി കൂടി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടിരിക്കുകയാണ്. ഇത് മണർകാട് സ്റ്റേഷനെ വീണ്ടും വിവാദത്തിൽപ്പെടുത്തി.