പണി കൊടുത്ത് ഗൂഗിൾ മാപ്പ്; വെള്ളച്ചാട്ടം കാണാന്‍ പോയ യുവാക്കള്‍ കൊടും കാട്ടിൽ കുടുങ്ങി; രക്ഷകരായി എത്തിയത് അഗ്നിശമനസേനാംഗങ്ങൾ
സ്വന്തം ലേഖിക
കടയ്ക്കല്‍: ഗൂഗിൾ മാപ്പ് നോക്കി പോയി പണി കിട്ടുന്നത് പുതുമയുള്ള കാര്യമല്ല. ഇത്തവണ പണികിട്ടിയത് വെള്ളച്ചാട്ടം കാണാന്‍ പോയ യുവാക്കള്‍ക്കാണ്.
ഗൂഗിള്‍ മാപ്പ് നോക്കി ഇവർ ചെന്നെത്തിയത് കൊടും കാട്ടിലാണ്.
ഒടുവില്‍ രക്ഷകരായി എത്തിയത് അഗ്നിശമനസേനാംഗങ്ങളും. ഓയില്‍പാം എസ്റ്റേറ്റും അഞ്ചല്‍ വനമേഖലയും അതിര്‍ത്തി പങ്കിടുന്ന കന്യാര്കയത്ത് രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്താനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്യാര്‍കയം വെള്ളച്ചാട്ടം കാണാന്‍ ബുധനാഴ്ച രാത്രി എത്തിയ യുവാക്കളാണ് കാട്ടില്‍ ഒറ്റപ്പെട്ടു പോയത്. വര്‍ക്കല സ്വദേശികളായ വിശാഖ് (30), പ്രമോദ് (29), നിതിന്‍ (28) എന്നിവരാണ് ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് പൊല്ലാപ്പിലായത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വൈകീട്ട് സ്ഥലത്തെത്തിയ യുവാക്കള്‍ എണ്ണപ്പന തോട്ടത്തില്‍ കുടുങ്ങുകയായിരുന്നു.
ഇവിടെ വെച്ച് യുവാക്കളുടെ കാര്‍ കുഴിയില്‍ അകപ്പെട്ടതോടെയാണ് പ്രശ്നം ഗുരുതരമായത്. ഏക്കര്‍ കണക്കിനുള്ള എണ്ണപ്പന തോട്ടത്തില്‍ വന്യമൃഗശല്യമുള്ള പ്രദേശത്ത് പെട്ടുപോയ യുവാക്കള്‍ മടങ്ങാനാകാതെ കുടുങ്ങി. പ്രദേശത്ത് മൊബൈല്‍ റേഞ്ചും പരിമിതമാണ്. പ്രയാസപ്പെട്ട് യുവാക്കള്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും വിതുര പൊലീസില്‍ അറിയിക്കാനായിരുന്നു നിര്‍ദേശം.
തുടര്‍ന്ന് വിതുര പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വിവരം കടയ്ക്കല്‍ അഗ്നിരക്ഷാനിലയത്തിലറിയിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്താനായത്.