ഭക്ഷണസാമഗ്രികള്‍ സൂക്ഷിക്കുന്നത് ഹോട്ടലിലെ ശുചിമുറിയില്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

ഭക്ഷണസാമഗ്രികള്‍ സൂക്ഷിക്കുന്നത് ഹോട്ടലിലെ ശുചിമുറിയില്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കണ്ണൂര്‍: ഹോട്ടലിലെ ശൗചാലയം സ്റ്റോര്‍ റൂം ആക്കി ഉപയോഗിച്ചത് ചോദ്യം ചെയ്ത കസ്റ്റമര്‍ക്കെതിരെ മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ കെ സി റസ്റ്റോറന്റിലാണ് ഭക്ഷണ സാധനങ്ങള്‍ ശൗചാലയത്തില്‍ സൂക്ഷിച്ചത്. ശൗചാലത്തിനായി പണിത കെട്ടിടത്തില്‍ ഒരെണ്ണത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പിഎച്ച്‌സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിലെത്തിയ ഡോക്ടര്‍ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു.

ഇതിനിടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈല്‍ പിടിച്ചു വാങ്ങി. ഹോട്ടല്‍ ജീവനക്കാര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു. ഫോണ്‍ ഡോക്ടര്‍ക്ക് തിരികെ നല്‍കിയിട്ടില്ല. മര്‍ദ്ദനമേറ്റ ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ കെ സി മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടക്കുന്ന വേളയിലാണ്, ശുചിമുറിയോടുചേര്‍ന്ന് ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവമുണ്ടായത്.