രണ്ടു കണ്ണിനും കാഴ്ചയില്ല: ചെറിയ ശബ്ദം കേട്ടാൽ പോലും വിരളും; ആരാധകരുടെ രാമരാജാവ് അഞ്ചു പതിറ്റാണ്ടിനിടെ കൊന്നത് 13 പേരെ; ആളെക്കൊല്ലുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന്റെ നടുവിൽ എഴുന്നെള്ളിച്ച് നിർത്തണോ..? ആന ഉടമകളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തം

രണ്ടു കണ്ണിനും കാഴ്ചയില്ല: ചെറിയ ശബ്ദം കേട്ടാൽ പോലും വിരളും; ആരാധകരുടെ രാമരാജാവ് അഞ്ചു പതിറ്റാണ്ടിനിടെ കൊന്നത് 13 പേരെ; ആളെക്കൊല്ലുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന്റെ നടുവിൽ എഴുന്നെള്ളിച്ച് നിർത്തണോ..? ആന ഉടമകളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തം

തേർഡ് ഐ ബ്യൂറോ
കോട്ടയം: രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടമായ, ചെറിയ ശബ്ദത്തിൽ പോലും വിരണ്ടോടാൻ സാധ്യതയുള്ള പൂര്‌പ്രേമികളുടെയും ആനപ്രേമികളുടെയും ഹരമായി മാറിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന കൊമ്പനെ എഴുന്നെള്ളിക്കാനുള്ള നീക്കം സർക്കാർ ഇടപെട്ട് തടയണമെന്ന ആവശ്യം ശക്തമാകുന്നു. തൃശൂർ പൂരത്തിന് കൊമ്പനെ എഴുന്നെള്ളിക്കാനാവില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ, കൊമ്പനെ എഴുന്നെള്ളിക്കുന്നതിൽ പിടിച്ച പിടി അയക്കാൻ ആനപ്രേമികളും ആന ഉടമകളുടെ സംഘടനകളും തയ്യാറായിട്ടില്ല. സുരേഷ് ഗോപി വിഷയത്തിൽ തൃശൂർ കളക്ടർ അനുപമയുമായി ഉടക്കിയ സംഘപരിവാർ സംഘടനകൾ, തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിഷയം കൂടി എത്തിയതോടെ അനുപമയെ ശത്രുവായി പ്രഖ്യാപിച്ച് ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ വീടിന്റെ പാലുകാച്ചൽ ചടങ്ങിനായി എത്തിച്ച തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞോടി രണ്ടു പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊമ്പനെ എഴുന്നെള്ളത്തിൽ നിന്നും വിലക്കിയത്. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും കൊമ്പനെ പരിശോധിച്ച് വിലക്ക് നീട്ടിവരികയാണ് അധികൃതർ ചെയ്തിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ ആനയെ തൃശൂർ പൂരത്തിന് തിടമ്പാനയായി എഴുന്നെള്ളിക്കണമെന്ന നിർദേശവുമായി ആനപ്രേമിക സംഘവും, ആന ഉടമകളും രംഗത്ത് എത്തിയത്.
എന്നാൽ, അൻപതു വയസിനിടെ പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ചവിട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടത് 13 പേരാണ്. രണ്ടു പാപ്പാന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. തനി അലമ്പനായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ചട്ടം പഠിപ്പിക്കാനുള്ള ശ്രമത്തിനിടെ വലതു കണ്ണിന്റെ കാഴ്ച പാപ്പാൻ തന്നെ കുത്തിക്കളയുകയായിരുന്നു. ഒറ്റക്കണ്ണനായ രാമചന്ദ്രന്റെ ഇടത് കണ്ണിന്റെ കാഴ്ച പിന്നീട് കാലക്രമത്തിൽ നഷ്ടമാകുകയും ചെയ്തു. പിന്നീട്, ആന കൂടുതൽ അക്രമകാരിയാകുന്ന കാഴ്ചയാണ് ആനക്കേരളം കണ്ടത്. കണ്ണിന് കാഴ്ചയില്ലാത്ത രാമചന്ദ്രൻ ചെറിയ ശബ്ദം കേട്ടാൽ പോലും വിരണ്ടോടുന്നത് ശീലമായി. എഴുന്നെള്ളത്തുകൾക്ക് പോയി സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്ന രാമചന്ദ്രനെ ഏറ്റവും ഒടുവിൽ സമ്മർദങ്ങളെ എല്ലാം മറികടന്നാണ് വിലക്കാൻ തീരുമാനിച്ചത്.
വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗമാണ്  തീരുമാനിച്ചത്. ഇതോടെ വരുന്ന തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഉണ്ടാവില്ലെന്നുറപ്പായി. രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികൾ രംഗത്ത് എത്തിയതോടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാം എന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചിട്ടുണ്ട്.  എന്നാൽ തൃശ്ശൂർ പൂരത്തിൻറെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം തൃശ്ശൂർ കളക്ട്രേറ്റിൽ ചേർന്നപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.
തൃശ്ശൂരിൽ നിന്നുള്ള കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ വഴി നടത്തിയ നീക്കങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വനംമന്ത്രി കെ രാജുവുമായി ആനപ്രേമികളുടെ സംഘടനാ നേതാക്കൾ ചർച്ച നടത്തിയിരുന്നു. രാമചന്ദ്രനുള്ള വിലക്ക് പൂരത്തിന് മുൻപ് നീക്കാമെന്ന് ഇരുമന്ത്രിമാരും ആനപ്രേമികൾക്ക് വാക്ക് നൽകിയിരുന്നു.
എന്നാൽ വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തിൽ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകേണ്ട എന്ന തീരുമാനമാണ് ഉണ്ടായത്. വിലക്ക് പിൻവലിക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നൽകാനാവില്ലെന്നും തൃശ്ശൂർ പൂരത്തിനുള്ള ആലോചനാ യോഗത്തിൽ ജില്ലാ കളക്ടർ ടിവി അനുപമ അറിയിച്ചു.
ഇതോടെ യോഗത്തിനെത്തിയ എലിഫൻറ് ഓണേഴ്‌സ് ഫെഡറേഷൻ പ്രതിഷേധവുമായി എഴുന്നേറ്റു. സർക്കാർ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാൽ ആനകളുടെ മേൽനോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാൽ അതിനെതിരെ നടപടി സ്വീകരിക്കാൻ വഴിയില്ലെന്നും യോഗത്തിൽ പങ്കെടുത്ത മന്ത്രി വിഎസ് സുനിൽകുമാർ യോഗത്തെ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഎസ് സുനിൽ കുമാർ ആനപ്രേമികൾക്ക് ഉറപ്പു നൽകി.
അൻപത് വയസ്സിലേറെ പ്രായമുള്ള ആനയ്ക്ക് പ്രായത്തിന്റെ അവശതകളുണ്ടെന്നും കേൾവി പ്രശ്‌നങ്ങളുണ്ടെന്നും നേരത്തെ വനംവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.  രാമചന്ദ്രന് മദ്ദപ്പാടിന്റെ ലക്ഷണങ്ങളില്ലെങ്കിലും ചെറിയ ശബ്ദം കേട്ടാൽ പോലും ഞെട്ടി ഓടുന്ന ആനയെ എഴുന്നള്ളിപ്പിനും മറ്റു പൊതുപരിപാടികൾക്കും കൊണ്ടു പോവുന്നത് അപകടകരമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിച്ചു വരികയാണ്. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ആനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ നിരീക്ഷണസമിതി തീരുമാനിച്ചതെന്നാണ് വിവരം.