play-sharp-fill
പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ആസ്റ്റര്‍ മെഡ്സിറ്റി പങ്കാളിയാവുന്നു

പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ആസ്റ്റര്‍ മെഡ്സിറ്റി പങ്കാളിയാവുന്നു

സ്വന്തം ലേഖകൻ

കൊച്ചി:  ആരോഗ്യ സേവനരംഗത്തെ പ്രമുഖരായ ആസ്റ്റര്‍ മെഡ്സിറ്റി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടു കൂടി പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ പങ്കാളിയാവുന്നു. ഇതിന്റെ ഭാഗമായി ക്ഷയരോഗനിവാരണത്തിനുള്ള സ്റ്റെപ്സ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 29-ന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടക്കും.


രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ലോകാരോഗ്യ സംഘടനാ ഭാരവാഹികളായ ഡോ. ഷിബു ബാലകൃഷ്ണന്‍, ഡോ. രാകേഷ് പി.എസ്, സംസ്ഥാന ടിബി ഓഫീസര്‍ ഡോ. എം. സുനില്‍കുമാര്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ. ശരത് ജി. റാവു, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പെള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധിയായ ക്ഷയരോഗം കാരണം ദിവസേന 4000ത്തില്‍ അധികം ആളുകള്‍ മരിക്കുന്നതായി ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട് പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിരോധിക്കാനും ഭേദമാക്കാനും കഴിയുന്ന ഈ രോഗം ബാധിക്കുന്ന ആളുകളുടെ എണ്ണം ഓരോ ദിവസവും 30000ത്തിനുടത്താണ് എന്നും അദ്ദേഹം പറഞ്ഞു.

ക്ഷയരോഗനിര്‍ണയവും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണെങ്കിലും മൂന്നിലൊന്ന് ആളുകളും ആശ്രയിക്കുന്നത് സ്വകാര്യാശുപത്രികളെയും ഡോക്ടര്‍മാരെയുമാണ്. ഈ സാഹചര്യത്തിലാണ് ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സ്വകാര്യാശുപത്രികളില്‍ സ്റ്റെപ്സ് (സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍) സെന്റര്‍ ആരംഭിക്കാനുള്ള ആശയം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

ക്ഷയരോഗ നിര്‍ണയത്തിനുള്ള അത്യാധുനിക സംവിധാനങ്ങളായ ജീനെക്സ്പേര്‍ട്ട്, മൈക്രോസ്‌കോപ്പിക് ബ്രോങ്കോസ്‌കോപ്പി, ഹിസ്റ്റോപാതോളജി ലാബ്, തൊറാക്കോസ്‌കോപ്പി എന്നിവ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ലഭ്യമാണ്. ഇതിന് പുറമേ ക്ഷയരോഗം പകര്‍ച്ചവ്യാധിയായതിനാല്‍ നെഗറ്റിവ് പ്രഷര്‍ സംവിധാനമുള്ള ഐസൊലേഷന്‍ റൂമുകളും ഇവിടെ സജ്ജമാണ്.

ക്ഷയരോഗ നിര്‍ണയം, തുടര്‍ന്നുള്ള ചികിത്സ, ഫോളോ അപ്പ്, കൃത്യമായ കണക്കെടുപ്പ് തുടങ്ങി എല്ലാം എളുപ്പമാക്കാനും ഏകീകരിക്കാനും ഉതകുന്ന ഒരു ഏകജാലക സംവിധാനമാണ് സ്റ്റെപ്സ്. രോഗിക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരില്‍ നിന്നും ആശുപത്രികളില്‍ നിന്നും ചികിത്സ സ്വീകരിക്കാന്‍ കഴിയുന്നുവെന്നതാണ് ഈ പദ്ധതിയുടെ ഒരു ഗുണം. ഏകജാലക സംവിധാനമായതിനാല്‍ ചികിത്സ തേടുന്ന ആശുപത്രിയിലെ മറ്റുള്ള ഡോക്ടര്‍മാരുടെ സേവനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുകയും ചെയ്യുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചികിത്സാ നിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം ചികിത്സാ കാലയളവില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള തുക ഡിബിടി എന്ന സംവിധാനം വഴി രോഗിക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

ചികിത്സാ കാലയളവില്‍ രോഗിക്ക് എച്ച്ഐവി, പ്രമേഹ ടെസ്റ്റുകള്‍ അനുബന്ധമായി നടത്താനുള്ള അവസരം ലഭിക്കുമെന്നതിന് പുറമേ രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും രോഗിയില്‍ അവബോധം സൃഷ്ടിക്കുകയും രോഗി മരുന്നുകള്‍ എടുക്കുന്നുണ്ടെന്ന് കൃത്യമായ ഇടവേളകളില്‍ നേരിട്ടോ ഫോണിലൂടെയോ വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്യുമെന്നതും  ഈ പദ്ധതിയുടെ ഗുണങ്ങളാണ്.

സ്റ്റെപ്സ് സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യ ശ്വാസകോശ രോഗനിര്‍ണയ ക്യാമ്പും ആശുപത്രിയില്‍ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പില്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കും. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ അംശം, വിട്ടുമാറാത്ത പനി, ശരീരം ക്ഷീണിക്കല്‍ എന്നിവ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളായതിനാല്‍ കഫത്തിലോ പഴുപ്പിലോ ക്ഷയരോഗാണുക്കള്‍ ഉണ്ടോയെന്ന് നോക്കിയാണ് രോഗനിര്‍ണയം നടത്തുന്നത്.

ആസ്റ്റര്‍ മെഡ്സിറ്റിയിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റുമാരായ ഡോ. പ്രവീണ്‍ വല്‍സന്‍, ഡോ. എലിസബത്ത് സുനില, ജില്ലാ ടിബി ഓഫീസര്‍ ഡോ. ശരത് ജി. റാവു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.