താഴത്തങ്ങാടി ഇരട്ടക്കൊലപാതകം: പ്രതി ബിലാലിന് ജാമ്യം; ജാമ്യം അനുവദിച്ചത് ജില്ലാ കോടതി ; ബിലാലിന് ജാമ്യം ലഭിച്ചത് സഹോദരിയുടെ വിവാഹ ദിവസം
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ബിലിലിന് ജാമ്യം. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ, വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ബിലാലിന്റെ സഹോദരിയുടെ വിവാഹം ഇന്ന് നടക്കുന്നതിനിടെയാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവ് പുറത്തു വന്നത്.
2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചു തന്നെയും ഭർത്താവ് സാലി നാൽപത് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലി(24)നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കളും വീട്ടുകാരും ആരും തന്നെ കേസിൽ കാര്യമായ താല്പര്യം കാണിച്ചില്ല. ഇതേ തുടർന്നു കോടതി നിയോഗിച്ച അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കിയാണ് കേസിൽ നിർണ്ണായകമായ ഇടപെടൽ നടത്തിയത്. പ്രതിയ്ക്കു വേണ്ടി കോടതിയിൽ അഡ്വ.വിവേക് മാത്യു വർക്കി നടത്തിയ വാദങ്ങളാണ് ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയ്ക്ക് വിചാരണ ആരംഭിക്കുന്നതിനു
മുൻപു തന്നെ ജാമ്യം അനുവദിക്കുന്നതിൽ എത്തിയത്.
കേസിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വൈകുന്നതായി ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി ജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ച പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജയചന്ദ്രൻ ബിബാലിന് ജാമ്യം അനുവദിച്ചു. മാസത്തിൽ ഒരു ദിവസം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും, കൊലപാതകം നടന്ന വീടിന്റെ പരിസരത്ത് എത്തരുതെന്നും കോടതി ഉപാധി വച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ജില്ലാ ജയിലിൽ നിന്നും പ്രതി ജാമ്യത്തിൽ ഇറങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.